ഫാ. മാത്യു ആശാരിപറമ്പില്‍
ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതാണ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവായതെന്ന് ഞാന്‍ ചിന്തിക്കുകയാണ്. ബാഹ്യരൂപത്തിലും ആന്തരികഭാവത്തിലും മനുഷ്യനില്‍ കുടികൊള്ളുന്ന മൃഗീയതയെ കീഴ്‌പ്പെടുത്തിയും സംസ്‌കരിച്ചുമാണ് ഒരു മനുഷ്യന്‍ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളരുന്നത്. മനുഷ്യത്വത്തിന്റെ നന്മയും കരുണയും സ്‌നേഹവും സന്തോഷവും വീണ്ടും പൂര്‍ണത പ്രാപിക്കുമ്പോഴാണ് ദൈവികനായി മനുഷ്യന്‍ മാറുന്നത്. മൃഗീയ ഭാവങ്ങളില്‍നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍നിന്ന് ദൈവികതയിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്രയാണ് മനുഷ്യജന്മം.
മൃഗവാസനകളായ ക്രൂരതയും വൈരാഗ്യവും ശത്രുതയും ആക്രമണത്വരയുമെല്ലാം ഏതൊരു മനുഷ്യനിലുമുണ്ട്. ഈ ദിനങ്ങളില്‍ അത്തരം പ്രവണതകള്‍ കൂടുതല്‍ പുറത്തുചാടുന്നതിന്റെ ക്രൂരസംഭവങ്ങള്‍ പത്രത്താളുകളില്‍ നിറയുമ്പോള്‍ മനസ് വേദനിക്കുന്നു. ഓരോരുത്തരുടെയും ഉള്ളില്‍ പതുങ്ങിക്കിടക്കുന്ന മൃഗത്തെ മെരുക്കിയും കീഴ്‌പ്പെടുത്തിയും മൃഗവാസനകളെ പ്രവര്‍ത്തനമേഖലകളില്‍നിന്ന് ബഹിഷ്‌കരിച്ചും ഒരുവന്‍ നേടിയെടുക്കേണ്ടുന്ന സാംസ്‌കാരിക വളര്‍ച്ചയുടെ ബാഹ്യ അടയാളമാണ് മനുഷ്യന്‍ തന്റെ ശരീരത്തെ ക്രമീകരിക്കുന്നതും സൗന്ദര്യപ്പെടുത്തുന്നതും.
മനുഷ്യനില്‍ മനുഷ്യത്വത്തിന്റെ പ്രത്യേകതകളും നന്മകളും പൂത്തുലയുവാന്‍ ഇടയായതു മൃഗസദൃശമായ ആകാരത്തില്‍നിന്നും ശൈലികളില്‍നിന്നും അവന്‍ വഴിമാറി നടക്കുവാന്‍ തയാറാകുമ്പോഴാണ്. അതായത് മൃഗീയതയില്‍നിന്ന്, മൃഗസമാനമായ പ്രത്യേകതകളില്‍നിന്നും വൈകൃതങ്ങളില്‍നിന്നും മുക്തി നേടുമ്പോഴാണ് മനുഷ്യനില്‍ സംസ്‌കാരിക വളര്‍ച്ച സാധ്യമാവുകയുള്ളൂ. അതിനാല്‍തന്നെ മൃഗശൈലിയുടെ ബാഹ്യ അടയാളമായ മുടിമുറിക്കുവാനും താടി വടിക്കുവാനും അവന്‍ തീരുമാനമെടുത്ത നിമിഷം സുപ്രധാനമാണ്. അതുകൊണ്ടാണ് മുടി മുറിക്കുന്ന, ഷേവ് ചെയ്യുന്ന രോമം വെട്ടിയൊതുക്കുന്ന ബാര്‍ബര്‍ ഷോപ്പ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ രസകരവും അത്ഭുതകരവുമായ അടയാളമായി മാറുന്നത്..
കൗതുകത്തോടെയും നര്‍മബോധത്തോടെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ ആകാരവും വേഷവിധാനങ്ങളും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരുവന്റെ ശരീരഭാഷ അവന്റെ ആന്തരികസ്വഭാവത്തെ നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്. വൃത്തിയായി വേഷം ധരിച്ചും മുഖം ഷേവ് ചെയ്തും തലമുടി ഭംഗിയായി വെട്ടിയൊതുക്കിയും നില്‍ക്കുന്ന (പ്രത്യേകിച്ച് പാശ്ചാത്യ ശൈലിയില്‍) വ്യക്തി നമ്മുടെ ശ്രദ്ധപിടിച്ചെടുക്കുന്നു.
കണ്ണെറിയുക മാത്രമല്ല, കൈകൊടുക്കുവാനും അടുത്തു നില്‍ക്കുവാനും സംസാരിക്കുവാനും അറിയാതെ നാം ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ വികൃതമായ വേഷരീതികളും മുടിയും താടിയും ഒതുക്കാത്ത അപലക്ഷണശൈലിയും നമ്മെ വ്യക്തികളില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ്.
ഒരു വ്യക്തിയുടെ ഔന്നത്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ബാഹ്യ അടയാളത്തിലൊന്നാണ് അവന്റെ മുടിയും താടിയും. അതിനെ ക്രമീകരിക്കുവാനും സുന്ദരമാക്കുവാനുമുള്ള വ്യക്തിയുടെ പരിശ്രമം അവന്റെ സംസ്‌കാരവളര്‍ച്ചയുടെ അളവുകോലാണ്. അതുകൊണ്ടുതന്നെയാണ് മുടിയും താടിയും വികൃതമാക്കി നടക്കുന്ന ഈ കാലഘട്ടത്തിലെ യുവത്വങ്ങളെ അപലക്ഷണമായി പലരും കണക്കാക്കുന്നത്. കഞ്ചാവ് കേസിലും ലഹരിബന്ധങ്ങളിലും അസന്മാര്‍ഗിക ശൈലികളിലും ജീവിക്കുന്ന പലരുടെയും ചിത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. മുടി നീട്ടിവളര്‍ത്തി, താടി ജഡകെട്ടി വികൃതമാക്കിയ കുറെ കോമാളികള്‍. അതിനാല്‍ തന്നെ അവനെ നവീകരിക്കുവാനുള്ള ആദ്യപടി അവനെ മുടി മുറിച്ച് വൃത്തിയാക്കുകയെന്നതാണ്.
ലഹരിക്കേസില്‍ പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ കുരുത്തംകെട്ട ജന്മങ്ങളെ ചില നല്ല പോലീസുകാര്‍ മുടി മുറിപ്പിക്കുന്നത് നാം കാണാറുണ്ട്. അവനിലെ അധമവാസനകളുടെ വേരു മുറിക്കുവാനും സുന്ദരവ്യക്തിത്വത്തിലേക്ക് അവനെ പരിവര്‍ത്തനം ചെയ്യുവാനും ഇതിലൂടെ മിക്കവാറും സാധിക്കും.
തിരുപ്പട്ട സ്വീകരണത്തിനുമുമ്പ് കാര്‍മികനായ മെത്രാന്‍ വൈദികാര്‍ത്ഥിയുടെ മുടിമുറിച്ചുകൊണ്ട് ”നിന്നിലുള്ള പാപഭാരമെല്ലാം മിശിഹാ നീക്കിക്കളയട്ടെ” എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരുവനില്‍ സംഭവിക്കേണ്ട നവീകരണത്തെ സൂചിപ്പിക്കുവാനാണ്. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ തല മുണ്ഡനം ചെയ്യുന്നവരും ഇത്തരം ശുദ്ധീകരണത്തിനുള്ള സന്നദ്ധതയെയാണ് വിളിച്ചോതുന്നത്. ഉപനയനം നടത്തി സന്യാസത്തിന്റെ പടവുകള്‍ കയറുന്ന യോഗിയും തല മൊട്ടയടിക്കുമ്പോള്‍ തന്റെ ഉള്ളില്‍ നടക്കുന്ന ശുദ്ധീകരണത്തെ പ്രഖ്യാപിക്കുകയാണ്. ജീവിതത്തെ അടുക്കും ചിട്ടയോടുംകൂടി സുന്ദരമായും സന്തോഷകരമായും ജീവിക്കുകയും സാക്ഷാത്കാരം തേടുകയും ചെയ്യുന്നവനാണ് സന്യാസി. അവന്‍ സ്വയം സംതൃപ്തനാവുകയും മറ്റുള്ളവര്‍ക്ക് സന്തോഷവും പുഞ്ചിരിയും സമ്മാനിക്കുന്നവനുമാണ്. താടിയും മുടിയും വളര്‍ത്തി, കുളിക്കാതെയും കഴുകാതെയും വികൃതമായി നടന്ന്, മാതാപിതാക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കും ദുഃഖവും വേദനയും നല്‍കുന്നവന്‍ അനുസരണയില്ലാത്ത ഒരു തലമുറയുടെ ഉദാഹരണങ്ങളായി മാറുകയാണ്. പ്ലസ്ടു പഠിക്കുന്ന ഒരു മകന്റെ മുടി മുറിപ്പിക്കുവാന്‍ ശേഷിയില്ലാത്തവരായി മാറിയിരിക്കുന്നു മാതാപിതാക്കള്‍. പറഞ്ഞാല്‍ കേള്‍ക്കില്ല.
മുടി വളര്‍ത്തി, താടി വളര്‍ത്തി നടക്കുന്ന എല്ലാവരും വികൃതജന്മങ്ങളാണെന്ന് ഞാന്‍ വാദിക്കുന്നില്ല. മുടിയും താടിയും വളര്‍ത്തിയ ദൈവികമനുഷ്യരും അതികായകന്മാരും ചരിത്രത്തില്‍ പിറന്നിട്ടുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്ന ഹിപ്പി സംസ്‌കാരത്തിന്റെ തുടര്‍ച്ചയായി യുവതലമുറ അസ്വസ്ഥരും ആക്രമണകാരികളുമായി സ്വയം പ്രതിഷ്ഠിക്കുമ്പോള്‍, ശരീരഭാഷ മാറുകയാണ്.
ഈ ദിനങ്ങളിലെ സിനിമകളില്‍ കടന്നുവരുന്ന മുഴുവന്‍ മയക്കുമരുന്ന് അടിമകളും കച്ചവടക്കാരും ആഭാസന്മാരും മുടിയും വളര്‍ത്തി താടിയും വികൃതമാക്കി, വസ്ത്രവും കീറി അപഹാസ്യരും മൃഗതുല്യരുമായി അവതരിക്കപ്പെടുകയാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അരാജകത്വത്തിന്റെയും സാംസ്‌കാരിക അധഃപതനത്തിന്റെയും നിഴല്‍രൂപങ്ങളാണ് വിരൂപമാക്കപ്പെട്ട ഇത്തരം ജന്മങ്ങള്‍. അവരെ നാം ശ്രദ്ധിച്ചേ മതിയാവൂ.
മാന്യമായ വേഷവിധാനങ്ങളും ആകാരക്രമീകരണങ്ങളുമായി അന്തസോടെ ജീവിക്കുവാന്‍ പുതിയ തലമുറയെ നാം ശീലിപ്പിക്കണം. എന്റെ വ്യക്തിസ്വാതന്ത്ര്യമാണ് എന്ന തന്ത്രത്തില്‍ എങ്ങനെയും നടക്കാം, ചരിക്കാം, ചെയ്യാം എന്ന പുതിയ തലമുറയുടെ കുതിപ്പ് ഗര്‍ത്തത്തിലേക്കുള്ള കൂപ്പുകുത്തലാണ്. വൃത്തിയായും മാന്യമായും നടക്കണമെന്നും അന്തസും ഔന്നത്യവും ശരീരത്തിലും പ്രവര്‍ത്തനമേഖലകളിലും പ്രകടമാക്കണമെന്നും ഇത്തിരി നിര്‍ബന്ധബുദ്ധിയോടെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കണം, ശീലിപ്പിക്കണം.
ലഹരികള്‍ യുവജനങ്ങളെ പിച്ചിച്ചീന്തുന്ന ഈ ദിനങ്ങളില്‍ വികൃതവേഷവും മേക്കപ്പും അണിയുന്ന സെലിബ്രറ്റികളെ അനുകരിച്ച് മക്കള്‍ വഴിതെറ്റാതിരിക്കുവാന്‍ നമുക്ക് കരുതലോടെ ഉണരാം. അസ്വസ്ഥവും ആക്രമണകരവുമായ ‘മൃഗഭാവ’ങ്ങളിലേക്ക് തിരിച്ചുനടക്കുവാന്‍ അനുവദിക്കരുത്. ബാര്‍ബര്‍ ഷോപ്പുകള്‍ സജീവമാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *