ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം നടത്തിയ പ്രാര്‍ത്ഥനാ യുദ്ധം 2013 സെപ്റ്റംബറില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പാപ്പ നയിച്ച നാലുമണിക്കൂര്‍ ജാഗരണ പ്രാര്‍ത്ഥനയായിരുന്നു. ലോകത്തിലെ മിക്കവാറും പള്ളികളില്‍ അന്ന് ദിവ്യകാരുണ്യ ആരാധന നടന്നു. വലിയമുക്കുവനോടൊപ്പം സഭ നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കി.
ടി. ദേവപ്രസാദ്
ഒരു മാര്‍പാപ്പ ദൈവത്തിലും പ്രാര്‍ത്ഥനയിലും ശരണപ്പെട്ടു എന്നു പറയുന്നതില്‍ അസാധാരണത്വം ഒന്നും ആരും കാണാനിടയില്ല. എന്നാല്‍ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാര്‍ത്ഥനയിലും ദൈവത്തിലും ശരണപ്പെടുന്നതാണ് വിശ്വാസിയുടെ ഒന്നാമത്തെ വഴി എന്ന് പ്രതിസന്ധികളുടെ മുന്നില്‍ കാണിച്ചു തരുന്നതിലും അതിലൂടെ വിജയം നേടിക്കാണിക്കുന്നതിലും അസാധാരണത്വമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ സഭയ്ക്കു കാണിച്ചു കൊടുത്ത ഏറ്റവും നല്ല മാതൃക അതാണെന്ന് ഞാന്‍ കരുതുന്നു. 2013 മുതല്‍ 2025 വരെ നീളുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലത്ത് മാര്‍പാപ്പയുടെ പത്രമായ ഒസര്‍വത്തോരെ റോമാനോയുടെ മലയാളം പതിപ്പിന്റെ വിവര്‍ത്തകരില്‍ ഒരാളായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ധാരാളം പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും വിശദമായി പഠിക്കേണ്ടി വന്നിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ ഏതു പരിപാടിയിലും നടത്തുന്ന പ്രസംഗം അവസാനിപ്പിക്കുന്നത് ഒരു അഭ്യര്‍ത്ഥനയോടെ ആണ്. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കല്ലേ, എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്.
സിറിയന്‍ പ്രശ്‌നം
ലോകത്തിലെ തിന്മകളെ നേരിടുന്നതിന് അദ്ദേഹം ആദ്യം നടത്തിയ പ്രാര്‍ത്ഥനാ യുദ്ധം 2013 സെപ്റ്റംബര്‍ ഏഴിന് റോമന്‍ സമയം വൈകുന്നേരം ഏഴു മുതല്‍ 11 വരെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പാപ്പ നയിച്ച നാലുമണിക്കൂര്‍ ജാഗരണ പ്രാര്‍ത്ഥനയായിരുന്നു. സിറിയന്‍ പ്രശ്‌നം മൂന്നാം ലോകമഹായുദ്ധമായി പരിണമിക്കുന്നതിനുള്ള നീക്കങ്ങള്‍ പ്രകടമായ കാലമായിരുന്നു അത്. 2011 മാര്‍ച്ചില്‍ സിറിയായില്‍ ആരംഭിച്ച ആഭ്യന്തകലാപത്തില്‍ 2013 ആയപ്പോഴേക്കും ഒരു ലക്ഷം പേരാണ് മരിച്ചത്. സിറിയയിലെ ഏകാധിപധി ആയിരുന്ന ആസാദ് സമരക്കാര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചു. 1400 പേര്‍ മരിച്ചു. രാസായുധത്തിനെതിരെ അമേരിക്ക ഉണര്‍ന്നു. ഒബാമ ഭരണകൂടം സിറിയക്കെതിരെ സൈനിക ആക്രമണം പ്രഖ്യാപിച്ചു. റഷ്യയും ചൈനയും സിറിയക്ക് ഒപ്പമായിരുന്നു. അമേരിക്കന്‍ കപ്പല്‍ പട കൃത്യമായ ലക്ഷ്യത്തോടെ സൂയസ് കടന്നു. സെപ്റ്റംബര്‍ ഒന്നിലെ പൊതുദര്‍ശന പരിപാടിയില്‍ പാപ്പ ആഗോള സഭയോട് ആസന്നമാകുന്ന യുദ്ധത്തിനെതിരെ മാതാവിന്റെ പിറവിത്തരുനാളായ സെപ്റ്റംബര്‍ എട്ടിന്റെ തലേന്ന് ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. അന്ന് ലോകത്തിലെ എല്ലാ കത്തോലിക്കാ ദൈവലായങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ന ടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പലരും പരിഹസിച്ചു ചിരിച്ചു.
സെപ്റ്റംബര്‍ ഏഴായി. വൈകുന്നേരം ഏഴിനു തന്നെ ജാഗരണ പ്രാര്‍ത്ഥന ആരംഭിച്ചു. പ്രാര്‍ത്ഥനയില്‍ ഒരു ലക്ഷം പേര്‍ സംബന്ധിച്ചു. വേദിയില്‍ മരിയ മജോരെ ബസലിക്കായിലെ റോമിന്റെ സംരക്ഷകയായ പരിശുദ്ധ അമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. വി. ലൂക്കാ വരച്ചതാണ് മാതാവിന്റെ ആ ചിത്രം എന്നാണ് കരുതപ്പെടുന്നത്. 1837 ല്‍ റോമില്‍ പൊട്ടിപ്പുറപ്പെട്ട വസന്ത അവസാനിപ്പിക്കുന്നതിന് ഗ്രിഗറി 16-ാമന്‍ പാപ്പാ അമ്മയുടെ സന്നിധിയില്‍ അഭയം തേടി. റോം രക്ഷപ്പെട്ടു. പിറ്റേ വര്‍ഷം 1838 ഓഗസ്റ്റ് 15 ന് ഗ്രിഗറി 16-ാമന്‍ പാപ്പ അമ്മയെ ‘സാളുസ് പോപ്പുളി റോമാനി’ (റോമക്കാരുടെ സംരക്ഷക) എന്ന് വിളിച്ചു തുടങ്ങി. ഇന്നും അങ്ങനെയാണ് ആ അമ്മ അറിയപ്പെടുന്നത്.
ലോകത്തിലെ മിക്കവാറും പള്ളികളില്‍ അന്ന് ദിവ്യകാരുണ്യ ആരാധന നടന്നു. വലിയമുക്കുവനോടൊപ്പം സഭനടത്തിയ പ്രാര്‍ത്ഥനക്ക് ദൈവം ഉത്തരം നല്‍കി. യുദ്ധം ഒഴിവായി.
ചരിത്രം കുറിച്ച പ്രാര്‍ത്ഥന
വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹം ഈ വഴികാണിച്ചു തന്നു. 2020 മാര്‍ച്ച് 27ന് വൈകുന്നേരം ആറുമണി. ലോകം കൊറോണ വൈറസിന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സമയം. മാര്‍പാപ്പ ലോകത്തിനുവേണ്ടി അസാധാരണമായ ഒരു പ്രാര്‍ത്ഥന നടത്തി. വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരം വിജനമായിരുന്നു. മാര്‍പാപ്പയെ കേള്‍ക്കുവാന്‍ ജനലക്ഷങ്ങള്‍ ഒത്തുകൂടുന്ന ഇടമാണ്. ചത്വരം വിജനമായി കിടക്കുന്നതു കണ്ടപ്പോള്‍ എത്രയോ വിശ്വാസികളുടെ മനസ് തേങ്ങിയിരിക്കണം. വിശ്വാസി സമൂഹത്തെ ഈശോയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക നേതൃത്വം കൊടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ വരുന്നതു കാണാന്‍ ലോകമെമ്പാടുമുള്ള ‘വിശ്വാസികള്‍’ (അവിശ്വാസികളും?) ടെലിവിഷനു മുന്നില്‍ കാത്തിരുന്നു. ചത്വരത്തിലെ പാപ്പയുടെ കസേര മാത്രം.
ഒരു വൈദികനുമുണ്ട്. ഇത്തിരി കാത്തിരുന്നപ്പോള്‍ അകലെ നടന്നു വരുന്ന പാപ്പ. അദ്ദേഹം ക്ഷീണിതനായിരുന്നു.
വേദിയില്‍ റോമിലെ അത്ഭുത കുരിശ് എന്ന് വിശ്വസിക്കപ്പെടുന്നു വി. മാര്‍സെല്ലോയുടെ കുരിശും മരിയ മജോരെയിലെ റോമിന്റെ സംരക്ഷകയായ അമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. രണ്ടിനും അത്യപൂര്‍വമായ ചരിത്രമുള്ളവയാണ് ആ കുരിശും അമ്മയുടെ ചിത്രവും. 1519 ല്‍ ദൈവാലയത്തില്‍ നടന്ന തീപിടുത്തത്തില്‍ നശിക്കാതെ പോയതാണ് ആ കുരിശ് മൂന്നു വര്‍ഷം കഴിഞ്ഞ് 1522 ല്‍ റോമില്‍ ഇതുപോലൊരു വസന്ത പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജനം മാര്‍സല്ലോയുടെ ദൈവാലയത്തില്‍ നിന്നും വത്തിക്കാനിലേക്ക് ഈ കുരിശുമായി ഒരു പ്രദിക്ഷണം നടത്തി. ഓഗസ്റ്റ നാലുമുതല്‍ 20 വരെ 16 ദിവസത്തെ പ്രദിക്ഷണം. പ്രദിക്ഷണം തിരിച്ചെത്തിയിപ്പോള്‍ പ്ലേഗ് അവസാനിച്ചു.
വേദിയിലെത്തിയ പാപ്പ ആരുമില്ലാത്ത ചത്വരത്തില്‍ എല്ലാവരെയും കാണുന്നതുപോലെ പ്രാര്‍ത്ഥന ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം അമ്മയുടെ ചിത്രത്തിനു മുന്നിലെത്തി. ചിത്രത്തിലേക്ക് നോക്കി. അങ്ങനെ നിന്നു. അവസാനം പാപ്പാ ഊര്‍ബി എത്ത് ഓര്‍ബി എന്നു വിളിക്കപ്പെടുന്ന പാപ്പായുടെ മാത്രം ആശീര്‍വാദം നല്‍കി. കുമ്പസാരിച്ചു ഭക്തിയോടെ ദിവ്യകാരുണ്യം സ്വീകരിച്ചശേഷം ഈ ആശീര്‍വാദം സ്വീകരിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന ദണ്ഡവിമോചനവും അനുവദിച്ചു. ആശീര്‍വാദം കഴിഞ്ഞ് എന്തിയേന്തിയുള്ള ചുവടുകളോടെ പാപ്പ മടങ്ങി, ലോകത്തിന്റെ വേദനകള്‍ മുഴുവന്‍ പേറുന്ന തേങ്ങുന്ന മനസോടെ… കത്തോലിക്കാ സഭയുടെ മൂന്നു സഹസ്രാബ്ദം നീളുന്ന ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായി വിജനമായ ചത്വരത്തില്‍ വലിയ മുക്കുവന്‍ നടത്തിയ മനസില്‍ ജനനിബിഡമായ ആ പ്രാര്‍ത്ഥന.
2020ലെ വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശിയ ശേഷം 84 കാരനായ പാപ്പ ചുമയ്ക്കുകയും ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തതു കണ്ട ലോകം അദ്ദേഹത്തിന് കോവിഡ് ബാധിച്ചു എന്ന് കരുതി. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. പക്ഷേ പാപ്പ താമസിക്കുന്ന സാന്താമാര്‍ത്തയില്‍ മാര്‍ച്ച് 26 ന് ഒരു വൈദികന്‍ കോവിഡ് ബാധിതനെന്ന് കണ്ടെത്തിയിരുന്നു. അതോടെ അവിടുത്തെ അന്തേവാസികളെല്ലാം പരിശോധനയ്ക്ക് വിധേയരായി. പ്രാര്‍ത്ഥനയുടെ പിറ്റേന്ന് ഒരു വാര്‍ത്ത ഉണ്ടായിരുന്നു. സന്താമാര്‍ത്തയിലെ അന്തേവാസികളുടെ പരിശോധനാ ഫലം വന്നു. എല്ലാം നെഗറ്റീവാണ്.
പരിശുദ്ധ അമ്മ
2019 ഓഗസ്റ്റ് നാലിന് വൈദികര്‍ക്കയച്ച കത്തില്‍ തന്റെ മരിയ ഭക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ സാക്ഷ്യം ഓര്‍ത്തു. മാതാവിന്റെ ചിത്രത്തിനു മുന്നിലെത്തുമ്പോള്‍ ഞാന്‍ അമ്മയെ നോക്കി അങ്ങനെ നില്‍ക്കും. അമ്മയോട് എന്തു പറയാനാ? എന്റെ അമ്മക്കറിയാത്ത എന്തു കാര്യമാണ് എനിക്ക്. കുറെ നേരം നില്‍ക്കുമ്പോള്‍ അമ്മ പണ്ട് ജോണ്‍ ഡിഗോയോട് ഗാഡലുപ്പയില്‍ ചോദിച്ച ചോദ്യം എന്നോടും ചോദിക്കുന്നതു പോലെ ഞാന്‍ കേള്‍ക്കും. മോന്‍ എന്തിനാ പേടിക്കുന്നെ. അമ്മയായ ഞാനില്ലേ കൂടെ.
ആശീര്‍വാദം കഴിഞ്ഞ് ഏന്തിയേന്തിയുള്ള ചുവടുകളോടെ പാപ്പ മടങ്ങി, ലോകത്തിന്റെ വേദനകള്‍ മുഴുവന്‍ പേറുന്ന തേങ്ങുന്ന മനസോടെ. പിറ്റേന്ന് ഒരു വാര്‍ത്ത ഉണ്ടായിരുന്നു. സാന്താമാര്‍ത്തയിലെ അന്തേവാസികളുടെ പരിശോധനാ ഫലം വന്നു. എല്ലാം നെഗറ്റീവാണ്.
ഈശോ സഭയിലെ വ്രതം
2013 ഫെബ്രുവരി 28 ന് ബനഡിക്ട് 16-ാമന് സ്ഥാനത്യാഗം ചെയ്യാതിരുന്നെങ്കില്‍, ഈശോ സഭയുടെ സുപ്പിരിയര്‍ ജനറല്‍ ഫാ. കോള്‍വന്‍ ബാഗ് മെത്രാന്‍ സ്ഥാനം സ്വികരിക്കുവാന്‍ ബര്‍ഗോളിയോ അച്ചനെ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ പ്രാന്‍സിസ് പാപ്പ ഉണ്ടാകുമായിരുന്നില്ല. സഭയിലെ പദവികള്‍ സ്വീകരിക്കില്ല എന്ന വ്രതം എടുക്കുന്നവരാണ് ഈശോ സഭാംഗങ്ങള്‍. അതിനാല്‍ അവരില്‍ ഒരാള്‍ മെത്രാന്‍ പോലും ആകരുതാത്തതാണ്. അത്യപൂര്‍വ സാഹചര്യങ്ങളിലാണ് ഈശോ സഭക്കാരന്‍ മെത്രാനാവുക. അതുകൊണ്ടു കൂടിയാണ് വി.ഇഗ്നേഷ്യസ് ലയോള 1540 ല്‍ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഏറ്റവും പ്രമുഖ സന്യാസസമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായി ഫ്രാന്‍സിസ് മാറിയത്.
കോംഗോയിലെ ഈശോ സഭക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാ ന്‍സിസ് പാപ്പ തന്നെ വെളിപ്പെടുത്തിയതാണ് ഈ രഹസ്യം. ”ഈശോ സഭാംഗം എന്ന നിലയില്‍ സഭയില്‍ അധികാരപദവികളൊന്നും സ്വീകരിക്കില്ലെന്ന് വ്രതമെടുത്തവനാണ് ഞാന്‍. അതുകൊണ്ട് അര്‍ജന്റിനിലെ സാന്‍ മിഗിവേലിലെ സഹായമെത്രാന്‍ പദവി വാഗ്ദാനം ചെയ്തപ്പോള്‍ ഞാന്‍ നിരസിച്ചു. തുടര്‍ന്ന് ഉത്തര അര്‍ജന്റിനയിലെ കൊറിയെന്തസ് മേഖലയില്‍ ഒരു പ്രദേശത്ത് ബിഷപ്പാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അതും നിരസിച്ചു. മൂന്നാം തവണ നൂണ്‍ഷിയോ വന്നത് സുപ്പിരിയര്‍ ജനറല്‍ ഫാ. കോള്‍വന്‍ബാഗ് ഒപ്പിട്ട സമ്മത പത്രവുമായിട്ടാണ്. ഞാന്‍ പദവി സ്വികരിക്കുന്നതിന് അദ്ദേഹം അംഗികാരം നല്‍കുന്നതായിരുന്നു ആ രേഖ. ”ബ്യൂണസ് അയേഴിസിലെ ഒരു സഹായമെത്രാന്‍ ആയിട്ടായിരുന്നു അത്. അനുസരണത്തിന്റെ അരൂപിയില്‍ അതു സ്വീകരിച്ചു. 2001 കര്‍ദിനാളാക്കി. കഴിഞ്ഞ കോണ്‍ക്ലേവില്‍ രൂപതയിലേക്ക് വളരെ പെട്ടെന്ന് മടങ്ങാനായി ഒരു ചെറിയ ബ്രീഫ് കേസുമായിട്ടാണ് ഞാന്‍ വന്നത്. എന്നാല്‍ എനിക്ക് നില്‍ക്കേണ്ടി വന്നു.” ദൈവിക ഇടപെടലിന്റെ സാക്ഷ്യമായി ഫ്രാന്‍സിസ് സഭാ ചരിത്രത്തിലെ അസാധാരണമായ സാന്നിധ്യമായി.
സമ്പൂര്‍ണ ജപമാല
1985 ല്‍ ബര്‍ഗോളിയോ അച്ചന്‍ വത്തിക്കാനിലെത്തി. അന്ന് അവിടെ ജോണ്‍ പോള്‍ പാപ്പാ നയിച്ച ജപമാലയില്‍ പങ്കെടുത്തു. ഇടയ്ക്ക് പലവിചാരത്തില്‍ പെട്ട അച്ചന്‍ ജോണ്‍ പോള്‍ പാപ്പായുടെ ജിവിതത്തെക്കുറിച്ച് ഓര്‍ത്തു. നാസി ഭരണകൂടം പീഡിപ്പിച്ചിട്ടും വോയ്റ്റിവ സഭയുടെ വലിയ മുക്കുവനായത് പരിശുദ്ധ അമ്മയോടുള്ള ജപമാല ഭക്തികൊണ്ടുകൂടിയാണല്ലോ എന്നദ്ദേഹം ഓര്‍ത്തു. അന്നു മുതല്‍ ബര്‍ഗോളിയോ അച്ചനും ദിവസവും സമ്പൂര്‍ണ ജപാമല ചൊല്ലിത്തുടങ്ങി. മെക്‌സിക്കോയിലെ ഗാഡലുപ്പെയില്‍ പ്രത്യക്ഷപ്പെട്ട അമ്മ ജോണ്‍ ഡീ ഗോയോട് ഭയപ്പെടുന്നത് എന്തിന്, ഞാനല്ലേ കൂടെ ഉള്ളത് എന്ന് ചോദിച്ചതിന്റെ പൊരുള്‍ തനിക്ക് അന്ന് പിടികിട്ടിയെന്നും ഫ്രാന്‍സിസ് പാപ്പ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
കുരുക്കഴിക്കുന്ന മാതാവ്
1986 ല്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി. അവിടെ ഓഗ്‌സ്ബര്‍ഗിലുണ്ടായിരുന്നു കുരുക്കുകള്‍ അഴിക്കുന്ന അമ്മയുടെ ചിത്രവും പ്രാര്‍ത്ഥനയും ബര്‍ഗോളിയോ അച്ചനെ വല്ലാതെ ആകര്‍ഷിച്ചു. ആ അമ്മയുടെ സന്നിധിയിലിരുന്ന് കുരുക്കുകളഴിക്കുന്ന അമ്മയോട് പ്രാര്‍ത്ഥിച്ചു. അക്കാലത്ത് പട്ടാളഭരണത്തിനെതിരെ നിലപാടെടുക്കുകയും 100 ലധികം പേരെ അവരില്‍നിന്നു രക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹത്തിന് നാട്ടിലെ ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു. മടങ്ങുമ്പോള്‍ അമ്മയുടെ ചിത്രവും പ്രാര്‍ത്ഥനയും കൂടെ എടുത്തു. അര്‍ജന്റീനയില്‍ തിരിച്ചെത്തിയ ബര്‍ഗോളിയോ അച്ചന്‍ ഈ പ്രാര്‍ത്ഥനയുടെയും ചിത്രത്തിന്റെയും പ്രചാരകനായി. അധികം വൈകാതെ അദ്ദേഹം സഹായ മെത്രാനും മെത്രാനുമായി.
യൗസേപ്പ് പിതാവ്
മറിയം അമ്മയോടു മാത്രമല്ല യൗസേപ്പിനോടും ഫ്രാന്‍സിസ് പാപ്പയ്ക്ക് വലിയ ഭക്തിയായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യമുറിയില്‍ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം ഉണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കിടക്കുന്നതിനു മുമ്പ് പാപ്പ അവ ഒരുകടലാസില്‍ എഴുതി ആ രൂപത്തിനടിയില്‍ വയ്ക്കും. തനിക്ക് അതിന് കൃത്യമായ ഉത്തരം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. യൗസേപ്പിതാവിന്റെ വത്സരം ആചരിച്ചപ്പോള്‍ 40 വര്‍ഷമായി യൗസേപ്പ് പിതാവിനോട് താന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഹൃദയത്തിനുള്ള 59 ഗുളികകള്‍
2013 നവംബര്‍ 17 ലെ ത്രികാല ജപപ്രാര്‍ത്ഥനക്കുശേഷം, കൈയില്‍ ഒരു മരുന്നു കൂട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഞാനൊരു ഫാര്‍മസിസ്റ്റല്ല, മരുന്നുകള്‍ പറയാറുമില്ല. എന്നാല്‍ ജപമാലയായി 59 ഗുളികള്‍ കോര്‍ത്തൊരുക്കിയ ഒരു മരുന്നിനെക്കുറിച്ച് എനിക്കറിയാം. അതു നിങ്ങളുടെ ഹൃദയത്തിന് വളരെ നല്ല ഔഷധമാണ്. എല്ലാവര്‍ക്കുമായി ഈ മരുന്ന് ഞാന്‍ ശിപാര്‍ശ ചെയ്യുന്നു. ദിവസവും ഇതെടുക്കുവാനും ഉപയോഗിക്കുവാനും മറക്കരുത്. ജപമാല പ്രാര്‍ത്ഥനയും കരുണയുടെ ജപമാല പ്രാര്‍ത്ഥനയും വിശ്വാസവര്‍ഷത്തിന്റെ ഫലങ്ങള്‍ കൊയ്യുവാന്‍ സഹായിക്കും.
മരണപത്രത്തിലും
കന്യകാമറിയം
”എന്റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായും ഉള്ള ശുശ്രൂഷയുടെ കാലത്ത് ഞാന്‍ എപ്പോഴും നമ്മുടെ രക്ഷകന്റെ മാതാവായ പരിശുദ്ധകന്യകാ മറിയത്തിന്റെ സംരക്ഷണത്തിനു ഞാന്‍ സമര്‍പ്പിച്ചിരുന്നു.” ഫ്രാന്‍സിസ് മാര്‍പാപ്പ 2022 ജൂണ്‍ 29 ന് സാന്താ മാര്‍ത്തായില്‍ വച്ച ്എഴുതിയ മരണപത്രത്തില്‍ എഴുതി. ”അതുകൊണ്ട് എന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഉയര്‍പ്പിന്റെ ദിനം പ്രതീക്ഷിച്ചു പരിശുദ്ധ മാതാവിന്റെ പേപ്പല്‍ ബസലിക്ക ആയ മരിയമജോരയില്‍ വിശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഭൂമിയിലെ അവസാന തീര്‍ത്ഥയാത്ര ഈ പുരാതന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ത്തന്നെ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”
ഓരോ അപ്പസ്‌തോലിക യാത്രയുടെ തുടക്കത്തിലും അവസാനത്തിലും പ്രാര്‍ത്ഥനക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദൈവാലയത്തില്‍ എത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *