ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി.പ്രഫസറാണ്).
ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ സ്തംഭിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രം പഹല്‍ഗാമിന്റെ നൊമ്പരക്കാഴ്ചയാണ്. കൊല്ലപ്പെട്ടത്, അവരുടെ ഭര്‍ത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ്. ഹൃദയം നിലച്ചുപോകുന്നത്ര വേദന പേറുന്ന ആ കാഴ്ച്ചയില്‍ ഉന്മാദം കണ്ടെത്തുന്നവര്‍ രാജ്യദ്രോഹികള്‍ മാത്രമല്ല; മാനസിക രോഗികള്‍ കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്തുകൊണ്ട് കാശ്മീര്‍?
വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നനുവേണ്ടി നിരപരാധികളായ പൗരന്മാര്‍ക്കുനേരെ ആക്രമണം നടത്തുകയും ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മര്‍ദ്ദതന്ത്രമായി ഭരണകൂടങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് പൊതുവില്‍ ഭീകരവാദം അഥവാ ടെററിസം എന്നു പറയുന്നത്. എന്നാല്‍, ഇന്നേവരെ ഒരു സമൂഹത്തിലും അവര്‍ക്ക് നിയതമായ കാലഘട്ടത്തിനപ്പുറം നിലനില്‍ക്കാനായിട്ടില്ലെന്നതിന് കാലം സാക്ഷി.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകവും സഞ്ചാരികളുടെ പറുദീസയുമാണ്. കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും നമുക്കേറെ ആത്മാഭിമാനം പകരുന്നു ണ്ടെങ്കിലും വിഘടനവാദികള്‍ക്ക് ദഹിച്ച മട്ടില്ല. ഇതും അടിസ്ഥാനപരമായ ഒരു കാരണമായിട്ടുണ്ടാകാം. പാക്കിസ്ഥാന്‍ നേരിടുന്ന വളര്‍ച്ചാ മുരടിപ്പും ദാരിദ്ര്യവും അതിലുപരി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന കുതിപ്പും സാമ്പത്തിക വളര്‍ച്ചയും അവരെ അസ്വസ്ഥരാക്കിയെന്നതും വസ്തുതയാണ്.
സിന്ദൂരത്യാഗത്തില്‍
രാജ്യം
കാശ്മീരിലെ സുന്ദരമായ കാഴ്ചകളില്‍ ഒഴിവാക്കാനാകാത്തതാണ് പഹല്‍ഗാമിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരന്‍ വാലി. അവിടേയ്ക്ക്, കുതിര സവാരിയിലൂടെയോ കാല്‍നടയായോ മാത്രമേ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകൂ. അത്രയും പ്രകൃതി രമണിയമായ ആരും കൊതിച്ചു പോകുന്ന സുന്ദരയിടം നിമിഷാര്‍ദ്ധം കൊണ്ടാണ് കുരുതിക്കളമായത്. ചിതറിയോടിയ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്നവരുടെ മുഖത്ത് ഇരുട്ടായിരുന്നു.
‘നിന്നെ ഞങ്ങള്‍ കൊല്ലില്ല, ഈ ആക്രമണം നീ പ്രധാനമന്ത്രിയോടു പോയി പറയണം.’ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയോടട് ആക്രമികള്‍ ആക്രോശിച്ച വാചകങ്ങളാണ്. ഈ വെല്ലുവിളി പ്രധാനമന്ത്രിയോടുള്ളതല്ല; മറിച്ച് ദേശസ്‌നേഹം രക്തത്തില്‍ പേറുന്ന കോടിക്കണക്കിനു വരുന്ന ഭാരതീയരോടാണ്. മതം ചോദിക്കുക, അതുറപ്പിക്കാന്‍ പ്രാര്‍ത്ഥന ചൊല്ലിപ്പിക്കുക, സ്ത്രീകള്‍ക്ക് മുന്നില്‍ വെച്ച് യാതൊരു ദാക്ഷിണ്യവും കൂടാതെ പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ചു കൊല്ലുക; ഇത്രയും പ്രാകൃതമായ പ്രവൃത്തി കാട്ടുവാഴ്ചയില്‍ പോലും കാണാനിടയില്ല.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന നാമകരണത്തിന് വൈവിധ്യമാര്‍ന്ന നിര്‍വചനങ്ങളുണ്ട്. മാഞ്ഞുപോയ സിന്ദൂരത്തിനുള്ള മറുപടിയാണത്. ഭീകരവാദികളെ, അവരുടെ കേന്ദ്രത്തില്‍ പോയി നേരിട്ട ആര്‍ജ്ജവം അഭിനന്ദിക്കപ്പെടുക തന്നെ വേണം. കാരണം, പ്രതിരോധത്തിന്റെ സാധ്യതകള്‍ നാം തേടുമ്പോള്‍, ഓര്‍ക്കേണ്ടത് ഇന്ത്യയെന്ന വികാരത്തെ കൂടിയാണ്.
അസ്ഥിരമാകേണ്ട
ഭീകരവാദം
നമ്മുടെ ചുറ്റുമുള്ള ലോകം കൂടുതല്‍ ഇരുണ്ടുകൊണ്ടിരിക്കുന്നുവെന്നതിന്റെയും പ്രകാശത്തിന് ഭൂമിയിലേക്ക് കടന്നുവരാനുള്ള പാത ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെയും ഉദാഹരണമായേ പഹ ല്‍ഗാം ഭീകരാക്രമണത്തെ നോക്കിക്കാണാനാകൂ. ഭീകരാക്രമണം നടത്തുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെയും മുഖവും മനസും ഒരുപോലെയാണ്. സംശയം വേണ്ട, ഭീകരവാദത്തിന് മതമില്ല. ഇനി മതം ചോദിച്ചു കൊണ്ട്, മറ്റൊരാളെ അപായപെടുത്തുന്നവര്‍, സ്വന്തം മതത്തെ രക്ഷിക്കുന്നവരല്ല, മറിച്ച് സ്വയം ഇല്ലാതാകുന്നവരും സ്വന്തം ചിന്തയെയും സ്വത്വത്തെയും ഇല്ലാതാക്കുന്നവരുമാണ്. അത്തരക്കാരും അവരുടെ ആശയസംഹിതകളും അസ്ഥിരപ്പെടുക തന്നെ വേണം.
ആയുധങ്ങളുടെ ചിലമ്പൊലികളും വെല്ലുവിളികളുടെ ആക്രോശങ്ങളുമില്ലാത്ത ലോകം നമ്മുടെ സ്വപ്‌നങ്ങള്‍ക്കപ്പുറത്താണെന്ന് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. യുദ്ധങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും അതിര്‍ത്തിക്കപ്പുറത്തെ സംഘര്‍ഷങ്ങള്‍ക്കുമപ്പുറം സമാധാനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ തീര്‍ത്ത ഭീതിയും നഷ്ടവും ഇന്നും പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല.
യുദ്ധങ്ങളില്‍ മാനവരാശി നേടുന്നതെന്ത്?
നൊബേല്‍ സമ്മാന ജേതാവായ റിച്ചാര്‍ഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വര്‍ഷത്തില്‍ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളില്‍ ആറാമത്തെതായാണ് യുദ്ധത്തെ ഉള്‍പ്പെടുത്തിയത്. നിര്‍വചനങ്ങള്‍ എന്തുതന്നെയായാലും യുദ്ധം വരുത്തിവയ്ക്കുന്ന കഷ്ടനഷ്ടങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. കൂട്ടമരണങ്ങള്‍, പാലായനങ്ങള്‍, തലമുറകളിലേക്ക് പടരുന്ന ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം തുടങ്ങിയ നഷ്ടകഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് യുദ്ധങ്ങള്‍ ഭൂമണ്ഡലത്തിന് ഇക്കാലമത്രയും സമ്മാനിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തി ല്‍ അമേരിക്ക ആണവായുധം പ്രയോഗിച്ചപ്പോള്‍ ഒരു നിമിഷം കൊണ്ടാണ് ജപ്പാന്‍ ജനതക്ക് സകലതും നഷ്ടപ്പെട്ടത്. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് പ്രതാപപ്പെരുമയില്‍ ഉയര്‍ന്നുനിന്നിരുന്ന രണ്ടു നഗരങ്ങള്‍ കത്തിച്ചാമ്പലായത്.
ശ്രീധരനുണ്ണിയുടെ
മരണം
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലില്‍ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിന്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അന്നു രാവിലെ സുമാര്‍ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സര്‍ക്കാര്‍ ക്വാര്‍ട്ടറില്‍ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി.’ കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്ന തിനിടയിലാണ് തന്റെ 39-ാം വയസില്‍ ശ്രീധരനുണ്ണി ഹൃദയം തകര്‍ന്നു മരിക്കുന്നത്. മരണകാരണം ‘ദല്‍ഹി ഗാഥ’കളില്‍ എം മുകുന്ദന്‍ കൂട്ടി ചേര്‍ക്കുന്നു. ‘ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയില്‍ വന്നനാള്‍ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുന്‍പേജില്‍ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു.’
മുപ്പത്തിയൊന്‍പതാമത്തെ വയസില്‍ ഹൃദയം തകര്‍ത്തുകളയാന്‍ മാത്രം എന്തു വാര്‍ത്തയാണ് ആ പത്രം കരുതിവെച്ചിരുന്നത്? മറ്റൊന്നുമായിരുന്നില്ല, ആ വാര്‍ത്ത യുദ്ധത്തെക്കുറിച്ചുള്ളതായിരുന്നു. യുദ്ധം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകര്‍ന്ന് മരിക്കുന്നത്. നോവലില്‍ ഒരിടത്ത് ആത്മഗതമെന്നോണം യുദ്ധത്തെക്കുറിച്ച് ശ്രീധരനുണ്ണി പറയുന്നുമുണ്ട്, ‘എല്ലാം സഹിക്കാം. സഹിക്കാന്‍ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. എത്രയെത്ര മനുഷ്യര്‍ ചത്തൊടുങ്ങും.’ ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിന്റെ ഭീകരതയും വിനാശവും അത്രമേല്‍ തീവ്രമായി എം. മുകുന്ദന്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
സമാധാനശ്രമങ്ങളുടെ
ആവശ്യം
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ എല്ലാക്കാലത്തും വിമര്‍ശനവിധേയമായ രാജ്യമാണ് പാകിസ്ഥാന്‍. ഭീകരവാദികള്‍ പോരാളികളല്ല, നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ്. ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കപ്പെടേണ്ടതു തന്നെയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന് കഴിയണം.
യുദ്ധത്തില്‍ വിജയികളില്ല. തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും കുഞ്ഞു ങ്ങളും പരിസ്ഥിതിയുമാണ്. യുദ്ധത്തിന്റെ സ്ഥായീഭാവം, ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കൂട്ടിചേര്‍ക്കലുകളെന്നോണം ചോരയും നിലയ്ക്കാത്ത വിലാപങ്ങളും കാണാം. വര്‍ണ്ണപ്രപഞ്ചമല്ല, അനാഥരും അഭയാര്‍ത്ഥികളും കൂട്ട പലായനങ്ങളും നിലവിളികളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ യഥാര്‍ത്ഥ ശേഷിപ്പുകള്‍. അതുകൊണ്ടുതന്നെ ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യതയാണ്. നമുക്ക് വേ ണ്ടത് സമാധാനത്തിന്റെ പുലരികളാണ് .
Leave a Comment
Your email address will not be published. Required fields are marked with *