റോം: മാര്‍പാപ്പയുടെ വേനല്‍കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഉദ്യാനത്തില്‍ സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നത്.
ആര്‍ഭാടമായ ജീവിതശൈലിയില്‍ നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല്‍ ആളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ ഒരു പ്രധാന കാരണം മനുഷ്യന്റെ ആര്‍ഭാടമായ ജീവിതശൈലിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സൃഷ്ടിയെ പരിപാലിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥ ഇപ്പോഴും തിരിച്ചറിയാത്ത സഭയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ആഗോളതാപനവും സായുധ സംഘട്ടനങ്ങളും കാരണം ലോകം കത്തിക്കൊണ്ടിരിക്കുകയാണ്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള അവിഭാജ്യമായ സഖ്യം നമ്മുടെ ബുദ്ധിയെയും പരിശ്രമങ്ങളെയും ഏകോപിപ്പിച്ച് തിന്മയെ നന്മയായും, അനീതിയെ നീതിയായും, അത്യാഗ്രഹത്തെ കൂട്ടായ്മയായും രൂപാന്തരപ്പെടുത്തുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ആസ്ഥാനമായുള്ള പരിസ്ഥിതി കേന്ദ്രമായ ബോര്‍ഗോ ലൗദാറ്റോ സിയില്‍ ഉള്‍പ്പെട്ട 50 ഓളം പേര്‍ ദിവ്യബലിയില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *