
മുന്‍ ഡിജിപി ഡോ. സിബി മാത്യൂസിന്റെ വ്യത്യസ്തമായൊരു ചിന്ത
മധ്യപ്രദേശ് എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസില്‍ ഉയര്‍ന്നുവരുന്ന ചിത്രം, മതമൗലികവാദത്തിന്റെ കേന്ദ്രം, യാഥാസ്ഥിതികരുടെ സമൂഹം എന്നൊക്കെയായിരിക്കാം. എന്നലിതാ, മധ്യപ്രദേശിലെ പ്രധാനപ്പെട്ട നഗരമായ ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . 2017 മുതല്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഇന്‍ഡോറിന് ഈ ബഹുമതി ലഭിക്കുന്നത്.
നഗരവും പ്രാന്തപ്രദേശങ്ങളുംകൂടി ചേര്‍ത്താല്‍ 35 ലക്ഷം ജനങ്ങള്‍ (2011 സെന്‍സസ്) അധിവസിക്കുന്ന വന്‍നഗരമാണ് ഇന്‍ഡോര്‍. കേരളത്തിലെ ഒരൊറ്റ നഗരവും ജനസംഖ്യയില്‍ 10 ലക്ഷം കടന്നിട്ടില്ല എന്നോര്‍ക്കുക.
ഭാരതത്തിലെ 73 നഗരങ്ങളിലായി ‘സ്വഛ ഭാരത് മിഷന്റെ’ കീഴില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഇന്‍ഡോര്‍ നഗരത്തെ, ഏറ്റവും വൃത്തിയുള്ള ഇന്ത്യന്‍ നഗരമായി തിരഞ്ഞെടുത്തത്. ഭാരത സര്‍ക്കാരിന്റെ ജലശക്തി-സാനിട്ടേഷന്‍ വകുപ്പുകള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ‘സ്വഛ ഭാരത് മിഷന്‍.’
ഇന്‍ഡോര്‍ നഗരസഭയ്ക്ക് ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നതെന്ന് അറിയുന്നത് നല്ലതാണ്. അതിരാവിലെ ശുചീകരണ തൊഴിലാളികള്‍ 850-ല്‍പരം ചെറുതും വലുതുമായ വാഹനങ്ങളിലായി ഓരോ ഭവനത്തിലുമെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നു. അവയെ തരംതിരിക്കുന്നു. 1900 ടണ്ണിലധികം മാലിന്യങ്ങളും ചപ്പുചവറുകളും ഇപ്രകാരം ദിവസേന ശേഖരിക്കുന്നു. അവയെ പ്രത്യേക സംസ്‌കാരകേന്ദ്രത്തില്‍ എത്തിച്ച് ബയോ-സിഎന്‍ജി (കംപ്രസഡ് നാച്ചുറല്‍ ഗ്യാസ്) ഇന്ധനമാക്കി മാറ്റുന്നു. 400 ല്‍ പരം ബസുകള്‍ ഈ ഇന്ധനം ഉപയോഗിച്ചാണ് നഗരത്തിലുടനീളം സഞ്ചരിക്കുന്നത്.
2015 ല്‍ വൃത്തിയിലും വെടിപ്പിലും ഭാരതത്തില്‍ വെറും 139-ാം സ്ഥാനം മാത്രമുണ്ടായിരുന്ന ഇന്‍ഡോര്‍ നഗരം, വളരെ വേഗം ഒന്നാം സ്ഥാനത്തെത്തി. ഭരണാധികാരികള്‍ കാര്യക്ഷമതയിലും ജനക്ഷേമത്തിലും മനസുവച്ചപ്പോഴുണ്ടായ മാറ്റം.
‘സാക്ഷരകേരളം സുന്ദരകേരളം’, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നും മറ്റും മുദ്രാവാക്യങ്ങളിലൂടെ പ്രചാരണം നടത്തുന്ന നമ്മുടെ സംസ്ഥാനത്തെ ഭരണാധികാരികള്‍, ഇന്‍ഡോറിലേക്കൊരു യാത്ര പോയിരുന്നെങ്കില്‍!
Leave a Comment
Your email address will not be published. Required fields are marked with *