മാഡ്രിഡ്/സ്‌പെയിന്‍: 2016 ല്‍ 23 ാം വയസിലാണ് സ്പാനിഷ് ഭാഷയുടെ ചരിത്രം പഠിക്കുന്നതിനായി ചൈനീസ് വിദ്യാര്‍ത്ഥിനിയായ ഷുഷു സ്‌പെയിനിലെത്തുന്നത്. സ്‌പെയിനില്‍ എത്തിയിട്ട് ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍ അസ്വസ്ഥത നിറഞ്ഞ ഒരന്തരീക്ഷത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഇറങ്ങി നടന്ന ഷുഷു എത്തിച്ചേര്‍ന്നത് രക്തസാക്ഷികളായ സെന്റ് ജസ്റ്റസ് ആന്‍ഡ് പാസ്റ്റര്‍ സഹോദരങ്ങളുടെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ ആയിരുന്നു.അവിടെ നിന്ന് കേട്ട സ്വര്‍ഗീയ സംഗീതത്തില്‍ ആകൃഷ്ടയായി അവള്‍ ആ ദൈവാലയത്തിലേക്ക് പ്രവേശിച്ചു.
അവിടെ അവളുടെ കണ്ണുകള്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഒരു രൂപത്തിലുടക്കി, അത് ക്രൂശിതരൂപമാണെന്നോ അതില്‍ കിടക്കുന്ന യേശുവാണെന്നോ ഒന്നും അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയില്‍ ശക്തമായ നിരീശ്വരവാദ അന്തരീക്ഷത്തില്‍ തന്റെ കുട്ടിക്കാലം ചെലവഴിച്ച ഷുഷു ആ കണ്ടുമുട്ടലിനെ ക്കുറിച്ച് വിവരിച്ചത് ഇപ്രകാരമാണ് – ‘കുരിശില്‍ ഒരു വ്യക്തിയുണ്ട്. അത് ദൈവമാണെന്നുള്ള ഒരു അവബോധം എനിക്ക് ലഭിച്ചു. ദൈവം തന്നെ കുരിശിലാണെന്നും അത് മറ്റാരും ആകാന്‍ കഴിയില്ലെന്നും ഞാന്‍ വിചാരിച്ചു.’ ആ സമയം വലിയ സമാധാനത്താല്‍ നിറഞ്ഞ ഷുഷുവിനെ ദൈവാലയത്തിലെ അന്തരീക്ഷം ഏറെ ആകര്‍ഷിച്ചു.
അനുരഞ്ജന കൂദാശ എന്താണെന്നോ കുമ്പസാരക്കൂട് എന്തിനാണെന്നോ ഒന്നും അറിയില്ലയെങ്കിലും പുരോഹിതനുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെ ഷുഷു ഒരു കുമ്പസാരക്കൂട്ടിലേക്ക് ചെന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍, തന്നെ ശ്രദ്ധിച്ചതിന് പുരോഹിതനോട് അവള്‍ നന്ദി പറഞ്ഞു. പോകാന്‍ തുടങ്ങിയപ്പോള്‍, കുമ്പസാരക്കൂട്ടിലെ സ്‌ക്രീന്‍ തുറന്ന പുരോഹിതന്‍ തന്നെ ഒരു പിതാവ് നോക്കുന്നതുപോലെ നോക്കി എന്നും അത് തനിക്ക് ”വളരെയധികം ആത്മവിശ്വാസം” നല്‍കിയെന്നും ഷുഷു പറയുന്നു.തന്നെ വളരെക്കാലമായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു എന്ന പ്രതീതിയാണ് അവള്‍ക്കുണ്ടായത്. പിന്നീട് ‘സെര്‍വന്റ്‌സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍’ സന്യാസിനിമാരെ അവള്‍ക്ക് പരിചയപ്പെടുത്തിയതും ഇതേ പുരോഹിതനാണ്. താമസിയാതെ അവര്‍ അവളുടെ പുതിയ കുടുംബമായി മാറി
‘എനിക്കൊന്നും അറിയില്ലായിരുന്നു; എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു കന്യാസ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ കന്യാസ്ത്രീമാരുടെ മുഖത്തെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും സന്തോഷമുള്ള ചെറുപ്പമായ സ്ത്രീകളെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ ഷുഷു ആ കണ്ടുമുട്ടലിനെക്കുറിച്ച് പറഞ്ഞു. ‘ഒരു ചൈനീസ് നിരീശ്വരവാദിയായ എനിക്ക് എങ്ങനെ ദൈവത്തിന്റെ മകളാകാന്‍ കഴിയുമെന്നോ ദൈവം എന്റെ പിതാവാണെന്നോ അറിയില്ലായിരുന്നു,’ ഷുഷു വിശദീകരിച്ചു.
എന്നിരുന്നാലും, മദര്‍ ഹോമിലെ കന്യാസ്ത്രീകളുടെ മുഖത്തെ സന്തോഷം ഷുഷുവിനെ ദൈവത്തിന്റെ മകളാക്കി മാറ്റി.’എന്റെ ഹൃദയത്തില്‍ ഈ വിളി അനുഭവപ്പെട്ടതുപോലെയായിരുന്നു: എനിക്കും മാമ്മോദീസാ സ്വീകരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അവരെപ്പോലെ, ദൈവത്തിന്റെ മകളാകാന്‍ ഞാന്‍ ആഗ്രഹിച്ചു.’ ഒടുവില്‍, അവള്‍ ഷുഷു മരിയ എന്ന പേരില്‍ മാമ്മോദീസാ സ്വീകരിച്ചു.
നിരീശ്വരഅന്തരീക്ഷത്തില്‍ വര്‍ന്നതിനാല്‍ തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്ര ഷുഷുവിന് എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, സന്യാസിനിമാരുടെ മാര്‍ഗനിര്‍ദേശത്തിന്റെയും സാക്ഷ്യത്തിന്റെയും ഫലമായി അവള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞു. ‘ഞാന്‍ ആദ്യമായി പ്രവേശിച്ച അതേ പള്ളിയില്‍ തന്നെ ഞാന്‍ മാമ്മോദീസാ സ്വീകരിച്ചു. അവിടെ വച്ച് തന്നെ ഞാന്‍ വിവാഹിതയും ആയി,’ ക്രൂശിതരൂപത്തിന് മുന്നില്‍ നിന്ന് അവള്‍ പറഞ്ഞു.ഇന്ന്, 32 വയസുള്ള, ഷുഷു മരിയ സ്‌പെയിന്‍ തന്റെ ‘ആത്മീയ മാതൃരാജ്യം’ ആണെന്നും ഇത് തന്റെ ‘പുതിയ ജീവിതം’ ആണെന്നും പറയുന്നു.
സ്‌പെയിനിലെ കോവഡോംഗയില്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അണിചേര്‍ന്ന മരിയന്‍ യൂക്കരിസ്റ്റിക് യുവജന കൂട്ടായ്മയില്‍ ഭര്‍ത്താവ് ജോസെമിയോടും മകന്‍ ഇമ്മാനുവലിനോടും ഒപ്പം പങ്കെടുത്തപ്പോഴാണ് ഷുഷു, നിരീശ്വരവാദത്തില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ പ്രയാണത്തിന്റെ സാക്ഷ്യം പങ്കുവച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *