ജോസഫ് മൈക്കിള്‍
ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ നിയന്ത്രിക്കുന്ന സിറിയയും പാക്കിസ്ഥാനുംപോലെ ഇന്ത്യയിലെ ഭരണത്തിന്റെ നിയന്ത്രണവും ചില തീവ്രവര്‍ഗീയ സംഘടനകളുടെ കരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണോ? ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഒഡീഷയിലെ അക്രമത്തിന്റെ പിന്നിലും ബജ്‌റംഗദള്‍
വിശ്വഹിന്ദുപരിഷിത്തിന്റെ യുവജനവിഭാഗമായ ബജ്റംഗദള്‍ എന്ന കൊടുംവര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന മദമിളകിയ കൊമ്പന്റെ കണക്ക് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ വിശ്വാസികളെയും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരി വര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടച്ചതിന്റെ വിവാദങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും അവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോടതി വളപ്പില്‍ പ്രതിഷേധം പ്രകടനം നടത്തുകയും ചെയ്തത് ഈ സംഘടനയുടെ നേതൃത്വ ത്തിലായിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കുമുമ്പ് (ഓഗസ്റ്റ് 6) ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ രണ്ട് വൈദികരെയും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരെയും ബജ്റംഗദളിന്റെ നേതൃത്വത്തില്‍ അക്രമിച്ചു എന്നു വാര്‍ത്ത പുറത്തുവരുമ്പോഴും ഭരണ നേതൃത്വം അനങ്ങിയിട്ടില്ല. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ പീഡനം അരങ്ങേറിയ കാണ്ടമാല്‍ ഒഡീഷയിലാണ്. അന്നു നടന്ന ക്രൈസ്തവ വേട്ടക്ക് നേതൃത്വം നല്‍കിയത് ബജ്റംഗദള്‍ ആയിരുന്നു. അതേ ബജ്റംഗദള്‍ തന്നെയാണ് ഇവിടെയും വില്ലന്മാന്‍. ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനെയും രണ്ടു പിഞ്ചുമക്കളെയും ചുട്ടുകൊന്നതും ഇതേ സംഘടനയായിരുന്നു.
മുദ്രാവാക്യം അപകടകരം
ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ ബുധനാഴ്ച വൈകുന്നേരം വൈദികരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന കഴിഞ്ഞു മടങ്ങുന്ന സമയത്ത് 70 ഓളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി വൈദികരെയും കൂടെ ഉണ്ടായിരുന്ന ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. ‘ഒഡീഷ ബിജെപിയാണ് ഭരിക്കുന്നത്. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.’ എന്നു പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങള്‍ നടത്തിയത്.
ആ വാക്കുകളില്‍ നിറയുന്ന ആത്മവിശ്വാസം ശ്രദ്ധിക്കണം. എന്തു ചെയ്താലും ഭരണനേതൃത്വം ഒപ്പം ഉണ്ടാകുമെന്നതില്‍ അവര്‍ക്കു ഒട്ടും സംശയമില്ല. എന്തിനു പറയുന്നു, ഛത്തീസ്ഗഡ് വിഷയം കത്തിനിന്നപ്പോള്‍ മലയാളം ചാനലുകളില്‍ ചര്‍ച്ചക്കു വന്ന ബിജെപി പ്രതിനിധികള്‍ പോലും ബജ്റംഗദളിനെ തള്ളിപ്പറയാന്‍ തയാറായില്ല. കേരളത്തില്‍ ഇത്രയും സ്വീകാര്യത ഉണ്ടെങ്കില്‍ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബജ്റംഗദളിന് ഒരു നിയമത്തെയും ഭയപ്പെടേണ്ടതില്ലെന്നു സാരം.
മുഖം മറക്കാത്ത അക്രമികള്‍
പണ്ടൊക്കെ മുഖമില്ലാത്ത സംഘടനകളാണ് അതിക്രമങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ സ്വയം വെളിപ്പെടുത്തിയാണ് മിഷനറിമാരെയും വിശ്വാസികളെയുമൊക്കെ കായികമായി നേരിടുന്നത്. ബംജ്റംദളിന്റെ വനിതാ നേതാവ് ജ്യോതി ശര്‍മ്മ ഛത്തീസ്ഗഡില്‍ സിസ്റ്റേഴ്സിനെ ഭീഷണപ്പെടു ത്തുന്നതിന്റെയും കൂടെ ഉണ്ടായിരുന്ന യുവതികളെ മര്‍ദ്ദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച ജ്യോതി ശര്‍മ്മ എത്ര ആത്മവിശ്വാസത്തോടെയാണ് പോലീസിന്റെ മുമ്പില്‍നിന്നു ആജ്ഞാപിക്കുന്നത്. പിടികിട്ടാപ്പുള്ളിയെ കാണുമ്പോള്‍ താണുവണങ്ങുന്ന പോലീസിന്റെ ദയനീയാവസ്ഥയാണ് അതിലും സങ്കടകരം.
ഛത്തീസ്ഗഡില്‍ മിഷനറിമാര്‍ക്ക് എതിരെ ഉപയോഗിച്ച മതപരിവര്‍ത്തനമെന്ന ചാപ്പ ആ പെണ്‍കുട്ടികള്‍ ക്രൈസ്തവരായിരുന്നു എന്ന് വ്യക്തമായതോടെ വര്‍ഗീയ സംഘടനകള്‍ക്കുതന്നെ ബൂമറാഗ് ആയി മാറുന്നത് കണ്ടിരുന്നു. അതു കൊണ്ട് മതപരിവര്‍ത്തനമെന്ന സ്ഥിരം പല്ലവി ഇവിടെ ആവര്‍ത്തിക്ക രുതെന്ന ഒരു അഭ്യര്‍ത്ഥനയുണ്ട്.
ഈ രാജ്യത്തെ പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും അറിവും അക്ഷരവെളിച്ചവും പകര്‍ന്നു കൊടുത്തതിന്റെയും കൊടുക്കുന്നതിന്റെയും പേരില്‍ ക്രൈസ്തവ മിഷനറിമാര്‍ക്ക് പ്രത്യേക പ്രിവിലേജുകള്‍ ആവശ്യമില്ല. ഒന്നും പ്രതീക്ഷിച്ചില്ല അവര്‍ ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും. ഈ രാജ്യത്ത് സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാനും അതു പ്രഘോഷിക്കാനും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ മാത്രം മതി. അതു നിഷേധിക്കാന്‍ ബജ്റംഗദളിന് ആരാണ് അനുവാദം നല്‍കിയത്? ഭരണനേതൃത്വം ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ മറ്റൊരുവിധത്തിലുള്ള താലിബാനിസമായിരിക്കും ഈ രാജ്യത്തെയും കാത്തിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *