അസീസി/ ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഇറ്റലിയിലെ അസീസിയിലെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തിനടുത്തുള്ള ഒരു ദൈവാലയത്തിന്റെ പൂന്തോട്ടത്തില്‍ സ്ഥാപിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ വെങ്കല ശില്‍പ്പം ശ്രദ്ധ നേടുന്നു. കൈകളില്‍ ഒരു ലാപ്ടോപ്പുമായി മുട്ടുകുത്തി കുരിശിന്‍ചുവട്ടില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി നില്‍ക്കുന്ന അക്യുട്ടിസിനെയാണ് ശില്‍പ്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അക്യുട്ടിസിന്റെ ഡിജിറ്റല്‍ സുവിശേഷീകരണത്തെയും ആഴമായ ദിവ്യകാരുണ്യ ഭക്തിയെയും അടയാളപ്പെടുത്തുന്ന ഈ ശില്‍പ്പം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ‘സെന്റ് കാര്‍ലോ അറ്റ് ദി ക്രോസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ശില്‍പ്പം, ‘ഭവനരഹിതനായ യേശു’, ‘ഏഞ്ചല്‍സ് അണ്‍അവേഴ്സ്’ തുടങ്ങിയ സൃഷ്ടികളിലൂടെ പ്രശസ്തനായ കനേഡിയന്‍ ശില്പിയായ തിമോത്തി ഷ്മാല്‍സിന്റെ സൃഷ്ടിയാണ്. സാന്താ മരിയ മജോര ദൈവാലയത്തോടനുബന്ധിച്ചുള്ള പുനരുത്ഥാന പൂന്തോട്ടത്തിലാണ് ഈ ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്.
ശില്‍പ്പത്തില്‍, അക്യുട്ടിസിന്റെ ബാക്ക്പാക്കില്‍ തൂങ്ങിക്കിടക്കുന്ന ഒരു കവണ ബൈബിളിലെ ദാവീദിനെ ഓര്‍മിപ്പിക്കുന്നു: കല്ലുകള്‍ കൊണ്ടല്ല, ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിശ്വാസവും കൊണ്ട് മതനിരാസത്തിന്റെ ഗോലിയാത്തിനെ നേരിടുന്ന യുവ യോദ്ധാവാണ് അക്യുട്ടിസ് . ബിഷപ് ഡൊമെനിക്കോ സോറെന്റിനോ, റെക്ടര്‍ ഫാ. മാര്‍ക്കോ ഗാബല്ലോ തുടങ്ങിയവര്‍ ശില്‍പ്പത്തിന്റെ പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കെടുത്തു. ‘ കത്തോലിക്കാ വിശുദ്ധരുടെ ഗണത്തിലേക്ക് പുതിയ വ്യക്തികളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഇത്തരം പുതിയ കലാസൃഷ്ടികള്‍ നമ്മുടെ പൈതൃകത്തെ സമ്പന്നമാക്കുകയും വിശ്വാസത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ആഴത്തിലാക്കുകയും ചെയ്യുമെന്ന് ബിഷപ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *