വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം വഴിയുള്ള മരണം, രക്തം ചിന്തി മരണമടഞ്ഞ ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. 21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളെയും വിശ്വാസ സാക്ഷികളെയും അനുസ്മരിക്കുന്നതിനായി, സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. ലിയോ പാപ്പ നേതൃത്വം നല്‍കിയ ചടങ്ങില്‍ വിവിധ സഭകളിലെയും സമൂഹങ്ങളിലെയും അംഗങ്ങളും പ്രതിനിധികളും പ്രാര്‍ത്ഥനകള്‍ നടത്തി.
സെപ്റ്റംബര്‍ 14 ന് ആഘോഷിച്ച വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ പീഡനത്തിന്റെ പ്രതീകമായ കുരിശ് നമ്മുടെ രക്ഷയുടെ മാര്‍ഗവും ക്രിസ്ത്യാനികളുടെ പ്രത്യാശയും രക്തസാക്ഷികളുടെ മഹത്വവുമായി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് പാപ്പ പങ്കുവച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിദ്വേഷം വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും, സുവിശേഷത്തിന്റെ ദാസന്മാരും വിശ്വാസത്തിന്റെ രക്തസാക്ഷികളുമായവര്‍ സ്‌നേഹം മരണത്തേക്കാള്‍ ശക്തമാണെന്ന് കാണിച്ചുതരുന്നു. ആധുനിക കാലത്ത്, പലരും ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയും കടന്നുപോവുകയും യേശുവിനെപ്പോലെ പീഡിപ്പിക്കപ്പെടുകയും, അപലപിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. ലോകത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, അവര്‍ പരാജയപ്പെട്ടു എന്ന് കരുതുമ്പോഴും അവരുടെ പ്രത്യാശ അമര്‍ത്യതയാല്‍ നിറഞ്ഞിരിക്കുന്നു എന്ന് പാപ്പ ജ്ഞാനത്തിന്റെ പുസ്തകം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.
ബലപ്രയോഗത്തിന്റെയും അക്രമത്തിന്റെയും ആയുധങ്ങള്‍ക്ക് മുകളില്‍ സുവിശേഷത്തിന്റെ ശക്തി തിരഞ്ഞെടുത്തതിനാല്‍ ഈ രക്തസാക്ഷികളുടെ സാക്ഷ്യം ‘നിരായുധമായ ഒരു പ്രത്യാശ’യാണെന്ന് ലിയോ പാപ്പ പറഞ്ഞു.അക്രമികള്‍ ആയുധം ആവശ്യപ്പെട്ടപ്പോള്‍, അവര്‍ക്ക് തന്റെ ബൈബിള്‍ കാണിച്ചുകൊടുത്ത ആമസോണിലെ ഭൂരഹിതര്‍ക്കായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ ഡൊറോത്തി സ്റ്റങ്ങ്, ഏറ്റുമുട്ടല്‍ നടത്താന്‍ വിസമ്മതിച്ച ഇറാഖിലെ മൊസൂളില്‍ നിന്നുള്ള കല്‍ദായ വൈദികനായ ഫാ. റഗീദ് ഗാനി, സോളമന്‍ ദ്വീപുകളില്‍ സമാധാനത്തിനായി ജീവന്‍ സമര്‍പ്പിച്ച മെലനേഷ്യന്‍ ബ്രദര്‍ഹുഡിന്റെ അംഗവും ആംഗ്ലിക്കന്‍ വിശ്വാസിയുമായ ബ്രദര്‍ ഫ്രാന്‍സിസ് തുടങ്ങിയവരുടെ ഉദാഹരണങ്ങള്‍ പാപ്പ ചൂണ്ടിക്കാണിച്ചു. രക്തത്തിന്റെ എക്യുമെനിസം വിവിധ സഭകളിലുള്ള ക്രൈസ്തവരെ ഒന്നിപ്പിക്കുന്നതായി അടുത്തിടെ നടന്ന സിനഡിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *