ധാക്ക/ബംഗ്ലാദേശ്: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി പോണന്‍ പോള്‍ കുബി സിഎസ്സി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി ‘ഏകപക്ഷീയമായിരുന്നു’ എന്നും ‘പ്രതികളെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഉണ്ടായിരുന്നില്ലെന്നും’ നിലവിലെ സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ചുവെന്നും മൈമെന്‍സിങ് രൂപതയുടെ ബിഷപ്പായ പോള്‍ കുബി പറഞ്ഞു.
കത്തോലിക്ക സഭ ഒരിക്കലും വധശിക്ഷയെ പിന്തുണച്ചിട്ടില്ലെന്നും ഷെയ്ഖ് ഹസീന കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ, തെറ്റ് തിരുത്താന്‍ അവസരമൊരുക്കുന്ന വിധത്തിലുള്ള ശിക്ഷയാണ് നല്‍കേണ്ടതെന്നും ബിഷപ് വ്യക്തമാക്കി.
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിലാണ് 78 കാരിയായ ഹസീന കുറ്റക്കാരിയാണെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. ഹസീനയ്ക്കും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും കോടതി വധശിക്ഷ വിധിച്ചു.
2024 ജൂലൈയില്‍, തൊഴില്‍ സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം ഒരു ബഹുജന പ്രക്ഷോഭമായി വളര്‍ന്നതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളില്‍ 1400 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനൗദ്യോഗിക കണക്കുകള്‍പ്രകാരം മരണസംഖ്യ 2,000 ത്തിലധികമാണ്. രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *