Follow Us On

30

December

2025

Tuesday

ക്രിസ്മസ് അലങ്കോലമാക്കിയവരോട് കാലം പൊറുക്കട്ടെ!

ക്രിസ്മസ് അലങ്കോലമാക്കിയവരോട് കാലം പൊറുക്കട്ടെ!
ജോസഫ് മൈക്കിള്‍
സമാനതകളില്ലാത്ത അക്രമങ്ങളായിരുന്നു ക്രിസ്മസ് കാലത്ത് ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലാത്ത രാജ്യങ്ങളെ തോല്പിക്കുന്ന വിധത്തിലായിരുന്നു അതിക്രമങ്ങള്‍ അരങ്ങേറിയത്. രാജ്യം അഭിമാനത്തോടെ  ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും  ജനാധിപത്യത്തിനും അത് ഏല്പിച്ച പരിക്കുകള്‍ ചെറുതല്ല. അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ പ്പോലും അക്രമങ്ങള്‍ വാര്‍ത്തയായി. ഹിന്ദു തീവ്ര വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ത്യയില്‍ തടസപ്പെടുത്തി എന്നായിരുന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലും പ്രവൃത്തിദിനം
കേരളത്തിലെ ലോക്ഭവനില്‍ (ഗവര്‍ണറുടെ ഓഫീസ്) ക്രിസ്മസ് പ്രവൃത്തിദിനമായിരുന്നു എന്നതും ചില  ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. മുമ്പും അക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ അക്രമങ്ങള്‍ക്ക് സംഘടിത സ്വഭാവവും എണ്ണം കൂടുതലുമായിരുന്നു. സ്‌കൂളുകളില്‍ ക്രിസ്മസ് കേക്കു മുറിക്കരുതെന്നും ഹിന്ദു മാനേജുമെന്റ് സ്ഥാപനങ്ങളില്‍ അന്നു പ്രവൃത്തിദിനമാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായി. കൊച്ചുകുട്ടികളുടെ മനസുകളില്‍പ്പോലും വര്‍ഗീയത കുത്തിനിറയ്ക്കുന്ന വിധത്തിലേക്കു അതു മാറി എന്നു ചുരുക്കം.
ക്രിസ്മസ് സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ അടിച്ചു തകര്‍ക്കുക, കച്ചവടസ്ഥാപനങ്ങളോട് അനുബന്ധിച്ച് ഒരുക്കിയ ട്രീ തല്ലിത്തകര്‍ക്കുക, ദേവാലയത്തിന്റെ മുമ്പില്‍ ചെന്ന് പുല്‍ക്കൂടുകള്‍ നശിപ്പിച്ചിട്ട് ഹനുമാന്‍ ചാലിസ് ചൊല്ലുക, ദേവാലയത്തില്‍ പ്രാര്‍ത്ഥി ക്കുന്നവരെയും പ്രാര്‍ത്ഥന  നയിക്കുന്നവരെയും ഭീഷണിപ്പെടുത്തുക, കരോള്‍ സംഘങ്ങളെ ഓടിക്കുക, അന്നത്തെ ആഹാരത്തിനായി വഴിയരുകളില്‍ സാന്താക്ലോസിന്റെ തൊപ്പി വില്ക്കുന്നവരെ ഭയപ്പെ ടുത്തി ഓടിക്കുക തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
ജബല്‍പ്പൂരില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അന്ധയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങള്‍ അനേകരുടെ മനസുകളില്‍ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ക്രിസ്മസ് കരോള്‍ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി അനുവാദം നല്‍കിയതും സമീപ ദിവസമായിരുന്നു. പോലീസും പ്രാദേശിക ഭരണകൂടവും കരോളിന് അനുമതി നിഷേധിച്ചതിനെതിരെ ജാബുവ രൂപതയാണ് കോടതിയെ സമീപിച്ചത്. ക്രിസ്മസ് കാലത്ത് ഇന്ത്യയില്‍ 80-ലധികം അക്രമങ്ങള്‍ നടന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടു ചെയ്യുന്നു.
നിയമപാലകര്‍ കാഴ്ചക്കാര്‍
നിയമപാലകര്‍ കാഴ്ചക്കാരാകുകയും അക്രമികള്‍ നിയമം നടപ്പിലാക്കുന്നവരായി മാറുകയും ചെയ് തതാണ് ഏറ്റവും ഞെട്ടിച്ചത്. വിശ്വഹിന്ദു പരിക്ഷിത്, ബജ്‌റംഗദള്‍ തുടങ്ങിയ സംഘപരിവാര്‍ സംഘടന കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങള്‍ അധികവും നടന്നത്. സംഭവങ്ങള്‍  വാര്‍ത്തകളായപ്പോള്‍ പേരിന് ചിലരെയൊക്കെ അറസ്റ്റു ചെയ്തു എന്നുമാത്രം.
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ സംഘടനകളാണ്.  ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചതും ബജ്‌റംദള്‍ ആയിരുന്നു. എന്തൊക്കെ ചെയ്താലും അവരെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്വം തയാറാകാത്തതാണ് അക്രമങ്ങള്‍ പെരു കുന്നതിനും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ധൈര്യം ലഭിക്കുന്നതും.
ന്യായീകരണം ഖേദകരം
കേരളത്തില്‍പ്പോലും ഈ സംഘടനകളെ വളഞ്ഞ വഴിയിലൂടെ ന്യായീകരിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നത് ഖേദകരമാണെന്ന് പറയാതിരിക്കാനാവില്ല. നൈ ജീരിയയിലും ബംഗ്ലാദേശിലും ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ പ്രശ്‌നമില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിയത്. ലോകത്ത് എവിടെ നടക്കുന്ന അക്രമങ്ങളും അപലപിക്കപ്പെടേണ്ടവതന്നെയാണ്. ക്രിസ്ത്യാനികള്‍ക്ക് നൈജീരിയിലെപ്പോലെ ഇന്ത്യയില്‍ പ്രശ്‌നങ്ങളില്ലല്ലോ എന്നുമാത്രം ദയവായി ചോദിക്കരുത്. കാരണം, ക്രൈസ്തവര്‍ രണ്ടാംതരം പൗരന്മാരല്ല.
അതേസയമം ഈ പറയപ്പെടുന്ന രാജ്യങ്ങളുമായിട്ട് ഇന്ത്യയെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് മഹത്തായ നമ്മുടെ രാജ്യത്തോടു ചെയ്യുന്ന അപരാധവുമാണ്. അക്രമങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥവരെ പ്രതികൂലമായി ബാധിക്കും. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ അത്തരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കാറുണ്ട്. ടൂറിസത്തെ അതു നേരിട്ടു ബാധിക്കും.
അവഹേളനങ്ങളും അക്രമങ്ങളും പെരുകിയാലും ക്രൈസ്തവര്‍ അവരുടെ സേവനമേഖലകളില്‍നിന്നും പിന്‍മാറില്ല. കാരണം, അവരുടെ മുമ്പില്‍ ശത്രുക്കളില്ല. പരസ്പരം മനസിലാക്കാത്തപ്പോഴും ക്രൈസ്തവര്‍ക്ക് മറ്റുള്ളവര്‍ സഹോദരിസഹോദരന്മാരായി തുടരുമെന്ന് ലിയോ പതിനാലാമന്‍ പാപ്പ ഈ ക്രിസ്മസ് കാലത്ത് പറഞ്ഞ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?