Follow Us On

31

December

2025

Wednesday

പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സത്യനിഷ്ഠ ആര്യയോട് മൂന്ന് ചോദ്യങ്ങളുമായി ആര്‍ച്ചുബിഷപ് പാണേങ്ങാടന്‍

പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സത്യനിഷ്ഠ ആര്യയോട് മൂന്ന് ചോദ്യങ്ങളുമായി ആര്‍ച്ചുബിഷപ് പാണേങ്ങാടന്‍

ഷംഷാബാദ്: പ്രാര്‍ത്ഥന നടക്കുന്ന ദൈവാലയത്തില്‍ കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന സത്യനിഷ്ഠ ആര്യ എന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണവുമായി ഷംഷാബാദ് ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ ലഭ്യമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, സത്യനിഷ്ഠ ആര്യ ബംഗ്ലാദേശില്‍ നിന്നെത്തി, മുസ്ലീം മതവിഭാഗത്തില്‍ നിന്ന് ഹൈന്ദവ മതവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ആര്‍ച്ചുബിഷപ് സത്യനിഷ്ഠ ആര്യയോട് ഉന്നയിക്കുന്നു. ഒന്നാമതായി, ആളുകള്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അകത്ത് പോയി അവരെ ശല്യപ്പെടുത്താനും ‘ആ ദൈവാലയത്തിന്റെ കാര്യങ്ങളില്‍ ഇടപെടാനും ആരാണ് അധികാരം നല്‍കിയത്’? രണ്ടാമതായി, ‘ബംഗ്ലാദേശില്‍ നിന്ന് വരുന്ന നിങ്ങള്‍ക്ക്, ഇന്ത്യന്‍ ദേശീയതയെയും ദേശസ്നേഹത്തെയും കുറിച്ച് ഇന്ത്യന്‍ ക്രിസ്ത്യാനികളെ എങ്ങനെ പഠിപ്പിക്കാന്‍ കഴിയും?’ ഈ രാജ്യത്തെ സ്‌നേഹിക്കാന്‍ ക്രൈസ്തവര്‍ക്ക്് നിങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നും ഇന്ത്യാക്കാരായ ക്രൈസ്തവര്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരാണെന്നും ബിഷപ് വ്യക്തമാക്കി.

ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ഇന്ത്യയില്‍ ക്രിസ്തുമതം നിലവിലുണ്ട്. തന്റെ ഗ്രാമത്തില്‍, 1,125 വര്‍ഷം പഴക്കമുള്ള ഒരു പള്ളിയുണ്ടെന്ന്  ബിഷപ് പറഞ്ഞു. ‘ഈ പള്ളി 900-ല്‍ സ്ഥാപിതമായതാണ്. അക്കാലത്ത് അമേരിക്ക കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നിരുന്നില്ല. ആ സമയത്തും എന്റെ ഗ്രാമത്തില്‍ ഒരു പള്ളി ഉണ്ടായിരുന്നു.’ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ ക്രിസ്തുമതം എത്തിയിരുന്നതായി ബിഷപ് ചൂണ്ടിക്കാണിച്ചു. ക്രിസ്തുമതം ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ദേശീയതയുടെയും ഭാഗമായി മാറിയിട്ടുണ്ടെന്നും ബിഷപ് വ്യക്തമാക്കി.

മൂന്നാമതായി  മതം മാറി സത്യനിഷ്ഠ ആര്യയായപ്പോള്‍, അത് നിയമാനുസൃതമായിരുന്നോ? എന്ന ചോദ്യമാണ് ബിഷപ് ഉന്നയിച്ചത്. ‘അത് സ്വീകാര്യമായിരുന്നോ? നിങ്ങളുടെ മതം മാറ്റം സ്വീകാര്യമാണെങ്കില്‍, ഈ രാജ്യത്തെ മറ്റ് ആളുകള്‍ക്ക് എന്തുകൊണ്ട് മതം മാറ്റം സാധ്യമല്ല? അത് അവരുടെ ഇഷ്ടമാണ്, അത് അവരുടെ സ്വാതന്ത്ര്യമാണ്. ബംഗ്ലാദേശില്‍ നിന്ന് വരുന്ന നിങ്ങള്‍ക്ക് മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഈ രാജ്യത്ത് ജനിച്ച ആളുകള്‍ക്ക് മതം മാറാനുള്ള അതേ അവകാശമുണ്ട്, അത് അവരുടെ ഇഷ്ടമാണെങ്കില്‍, ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല’; ബിഷപ് വിശദീകരിച്ചു.

സത്യനിഷ്ഠ ആര്യ നടത്തിയ അനാവശ്യ ഇടപെടലിനോട് ആ പാസ്റ്റര്‍ പ്രതകരിച്ച രീതിയാണ് ക്രിസ്തീയ സന്ദേശത്തിന്റെ ശക്തിയെന്ന് ബിഷപ് തുടര്‍ന്നു. അദ്ദേഹം വളരെ ശാന്തനായിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹം വളരെ മാന്യമായ രീതിയില്‍ നിങ്ങളോട് പ്രതികരിച്ചു. അതാണ് ക്രിസ്തുമതത്തിന്റെ ശക്തി. ഞങ്ങള്‍ അത് തുടര്‍ന്നും ചെയ്യും. നിങ്ങള്‍ പ്രകോപിപ്പിച്ചാലും, ഞങ്ങള്‍ പ്രകോപിതരാകില്ല. നിങ്ങള്‍ ഞങ്ങളെ വെറുക്കാന്‍ ശ്രമിച്ചാലും, ഞങ്ങള്‍ നിങ്ങളെ വെറുക്കില്ല.

ഇതാണ് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ സന്ദേശം. ലോകം മുഴുവന്‍ എതിരാണെങ്കില്‍ പോലും,  കര്‍ത്താവായ യേശുക്രിസ്തു നല്‍കുന്ന ആന്തരിക സമാധാനം നമുക്കുണ്ട്. ഈ ലോകത്തിലെ എല്ലാ ആളുകളുമായും ഞങ്ങള്‍ പങ്കിടാന്‍ ശ്രമിക്കുന്നത് ഈ സമാധാനമാണ്. അനാവശ്യമായ ഇത്തരം ഇടപെടല്‍ നടത്തുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ഈ സമാധാനം നിങ്ങള്‍ അനുഭവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു  എന്ന വാക്കുകളോടെയാണ് ആര്‍ച്ചുബിഷപ് പാണേങ്ങാടന്‍  സന്ദേശം അവസാനിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?