Follow Us On

31

December

2025

Wednesday

വ്യാജ മതപരിവര്‍ത്തന ആരോപണം; മലയാളിയായ സി എസ്‌ഐ വൈദികനും ഭാര്യയും അറസ്റ്റില്‍

വ്യാജ മതപരിവര്‍ത്തന ആരോപണം; മലയാളിയായ സി എസ്‌ഐ വൈദികനും ഭാര്യയും അറസ്റ്റില്‍
നാഗ്പുര്‍ (മഹാരാഷ്ട്ര): ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഷിംഗോഡി ഗ്രാമത്തില്‍ എത്തിയ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീറും ഭാര്യ ജാസ്മിനും അറസ്റ്റില്‍. നാഗ്പുരില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അമരാവതി ജില്ലയിലെ ഷിംഗോഡി ഗ്രാമത്തില്‍ വച്ചാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം മതപരിവര്‍ത്തന കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ അമരാവതി ബെനോഡ പോലീസ് സ്റ്റേഷനില്‍ എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ചു വര്‍ഷമായി നാഗ്പുരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫാ. സുധീറും ഭാര്യയും കുട്ടിയുമായി തദ്ദേശവാസിയായ പാസ്റ്ററുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഗ്രാമത്തില്‍ എത്തിയത്.
ക്രിസ്മസ് കാലമായതിനാല്‍ ഏതാനും ക്രിസ്മസ് ഗാനങ്ങള്‍ പാടിയതിനുശേഷം കേക്ക് മുറിക്കുന്നതിനിടയിലാണ് ഒരു സംഘം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വീടുവളഞ്ഞത്. ഉടന്‍ പോലീസ് എത്തി അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയും ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നല്‍കി. ബജ്‌റംദളിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് ഇതിനിടെ വ്യക്തമാക്കുകയും ചെയ്തു.
വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഇന്നു ഇവരെ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.
ക്രിസ്മസ് കാലത്ത് പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് എതിരെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ബജ്‌റംഗദള്‍ ആയിരുന്നു. തീവ്രഹിന്ദുത്വ സംഘടനകള്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിഷനറിമാരുടെ പേരില്‍ സ്ഥിരം ആരോപിക്കുന്ന കുറ്റമാണ് മതപരിവര്‍ത്തനം. മഹാരാഷ്ട്രയില്‍ നിലനില്ക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം അനുസരിച്ച് ജാമ്യമില്ലാ കുറ്റമാണ് മതപരിവര്‍ത്തനം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?