Follow Us On

03

July

2022

Sunday

ഇന്ന് പന്തക്കുസ്ത: ഇനിയും തുടരണം ആത്മാക്കളുടെ വിളവെടുപ്പ് ഉത്‌സവം

ഫാ. ജോസഫ് വയലിൽ CMI

ഇന്ന് പന്തക്കുസ്ത: ഇനിയും തുടരണം ആത്മാക്കളുടെ വിളവെടുപ്പ് ഉത്‌സവം

പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച വ്യക്തികളിലൂടെ സഭയിലും സമൂഹത്തിലും ഉണ്ടായ നന്മകൾ വിചിന്തനം ചെയ്യുന്നതിനൊപ്പം, ആത്മാവിൽ അഭിഷ്‌കിതരായവരുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ധ്യാനിക്കാം, ഈ പന്തക്കുസ്താ തിരുനാളിൽ.

ഇസ്രായേൽ ജനത്തിന് ദൈവം കൽപിച്ചു നൽകിയ തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്ത. എല്ലാ വർഷവും ഈ തിരുനാൾ ആചരിക്കണം എന്നും കർത്താവ് കൽപ്പിച്ചിരുന്നു. പന്തക്കുസ്ത തിരുനാൾ എന്നു പറഞ്ഞാൽ വിളവെടുപ്പിന്റെ തിരുനാൾ എന്നാണർത്ഥം. ലേവ്യരുടെ പുസ്തകം 23:9-14 വചനങ്ങളിലാണ് പന്തക്കുസ്ത തിരുനാളിനെപ്പറ്റിയുള്ള വിവരണമുള്ളത്. ആ വചനങ്ങൾ ഇങ്ങനെയാണ്:

‘കർത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേൽ ജനത്തോട് പറയുക, ഞാൻ നിങ്ങൾക്ക് തരാൻ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങൾ വിളവെടുക്കുകയും ചെയ്യുമ്പോൾ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. നിങ്ങൾ കർത്താവിന് സ്വീകാര്യരാകാൻവേണ്ടി ആ കറ്റ പുരോഹിതൻ അവിടുത്തെ മുമ്പിൽ നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവൻ അത് ചെയ്യട്ടെ. കറ്റ കർത്താവിന് നീരാജനമായി അർപ്പിക്കുന്ന ദിവസംതന്നെ ഒരു വയസുള്ള ഒരു ഊനമറ്റ മുട്ടാടിനെ നിങ്ങൾ അവിടുത്തേക്ക് ദഹനബലിയായി അർപ്പിക്കണം.

‘അതോടൊപ്പമുള്ള ധാന്യബലി എണ്ണ ചേർത്ത പത്തിൽ രണ്ട് ഏഫാ നേരിയ മാവ് ആയിരിക്കണം. അത് സൗരഭ്യമുള്ള ദഹനബലിയായി കർത്താവിന് അർപ്പിക്കണം. പാനീയബലിയായി നാലിലൊന്ന് ഹിൻ വീണ്ടും അർപ്പിക്കണം. നിങ്ങൾ ദൈവത്തിന് ഈ കാഴ്ച സമർപ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.’

അപ്പോൾ വിളവെടുപ്പിന്റെ ഒരു തിരുനാൾ ആയിരുന്നു പന്തക്കുസ്ത. അഥവാ ഒരു കൊയ്ത്ത് ഉത്സവതിരുനാൾ. യേശുവിന്റെ കാലത്തും ഈ തിരുനാൾ ആഘോഷിച്ചിരുന്നു. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം വന്ന പന്തക്കുസ്ത തിരുനാൾ ദിവസം അപ്പസ്‌തോലന്മാർ എല്ലാവരും ഒരുമിച്ച് കൂടിയിരിക്കുകയായിരുന്നു. അപ്പോൾ കൊടുങ്കാറ്റ് അടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീട് മുഴുവൻ നിറഞ്ഞു.

അഗ്‌നിജ്വാലകൾപോലുള്ള നാവുകൾ തങ്ങൾ ഓരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവ് കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ആകാശത്തിൻകീഴിലുള്ള സകല ജനപദങ്ങളിലുംനിന്ന് വന്ന ഭക്തരായ യഹൂദർ ജറുസലേമിൽ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങൾ ഓരോരുത്തരുടെയും ഭാഷകളിൽ അപ്പസ്‌തോലന്മാർ സംസാരിക്കുന്നതുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. തുടർന്ന് പത്രോസ്ശ്ലീഹ നടത്തിയ പ്രസംഗം കേട്ട് മൂവായിരത്തോളം ആളുകൾ അവരോട് ചേർന്നു. (അപ്പ. പ്രവ. 2:1- 42).

അങ്ങനെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് ഉത്സവമായിരുന്ന പന്തക്കുസ്തയെ ആത്മാക്കളുടെ വിളവെടുപ്പ് (രക്ഷ) ആകുന്ന ഉത്സവമാക്കി ദൈവം മാറ്റി. അന്നുമുതൽ ഇന്നുവരെയും സഭ പന്തക്കുസ്ത തിരുനാൾ ആഘോഷിക്കുന്നുണ്ട്. ഈ തിരുനാൾ ആഘോഷിക്കുമ്പോൾ പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിളവെടുപ്പല്ല, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനുശേഷം സംഭവിച്ച ആത്മാക്കളുടെ വിളവെടുപ്പാണ് സഭ അനുസ്മരിക്കുന്നത്.

പരിശുദ്ധാത്മാവ് പ്രവർത്തനം തുടങ്ങിയതോടെയാണ് സഭയ്ക്ക് ആരംഭം കുറിക്കുന്നത്. പരിശുദ്ധാത്മാവ് വ്യക്തികളെ അഭിഷേകം ചെയ്ത് അവരിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് സഭ നിലനിൽക്കുന്നതും സഭയിലൂടെ ആളുകൾക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നതും. പരിശുദ്ധാത്മാവ് നിറയുന്നതിനുമുമ്പും നിറഞ്ഞതിനുശേഷവും മനുഷ്യരുടെ ജീവിതത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്.

പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂൾ, ഏലിയാ പ്രവാചകൻ, ഏലീശാ പ്രവാചകൻ എന്നിവരൊക്കെ വൻകാര്യങ്ങൾ ചെയ്തു. മുൻകോപിയായിരുന്ന മോശയിൽ ദൈവശക്തി നിറഞ്ഞപ്പോൾ മോശ വലിയ സൗമ്യതയുള്ള ആളായി മാറി. പരിശുദ്ധാത്മാവ് നിറഞ്ഞ സാവൂൾ പ്രവചിക്കാൻ തുടങ്ങി. സർവശക്തിയും നഷ്ടപ്പെട്ട സാംസണിലേക്ക് ദൈവത്തിന്റെ ശക്തി നിറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും ബലവാനായി.

പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് നിറഞ്ഞതോടെ അപ്പസ്‌തോലന്മാരിൽ സംങവിച്ച മാറ്റവും അത്ഭുതാവഹമാണല്ലോ. എല്ലാ ഭയവും നിരാശയും കഴിവുകേടുകളും മാറി. പുതിയ സിദ്ധികൾകൊണ്ട് നിറഞ്ഞു. അങ്ങനെ അവർ ആത്മാക്കളുടെ കൊയ്ത്ത് തുടങ്ങി. പത്രോസിന്റെ ആദ്യപ്രസംഗത്തിലൂടെ വിശ്വാസത്തിലേക്ക് വന്ന മൂവായിരത്തോളം ആളുകളിൽ തുടങ്ങിയതാണ് ഈ കൊയ്ത്തുത്സവം. അത് ഇത്രയുംകാലം തുടർന്നു. ഇനിയും തുടരും.

പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച വ്യക്തികളുടെ പ്രവർത്തനങ്ങളിലൂടെയാണ് ആത്മാക്കളെ നേടാനാവുക. അങ്ങനെയുള്ളവർ ഉള്ളപ്പോഴാണ് സഭയ്ക്ക് ആത്മീയ ഉണർവ് ഉണ്ടാവുക. അങ്ങനെയുള്ളവർ ഉള്ളപ്പോഴാണ് സമൂഹത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളും ധാരാളമായി സംഭവിക്കുക.

കരിസ്മാറ്റിക് നവീകരണം ലോകത്തിൽ ആരംഭിച്ചതിനുശേഷം സഭയിൽ ഉണ്ടായ ഉണർവും ശ്രദ്ധേയമാണല്ലോ. മാനസാന്തരങ്ങൾ, വരദാനങ്ങളുടെ അഭിഷേകം ലഭിച്ച വ്യക്തികളുടെ എണ്ണത്തിലെ വർധനവ്, അത്ഭുത രോഗശാന്തികൾ, പ്രാർത്ഥനാജീവിതത്തിൽ ഉണ്ടായ പുരോഗതി, കൗദാശിക ജീവിതം നയിക്കുന്നവരുടെ എണ്ണത്തിലെ വർധനവ്, ദശാംശം കൊടുക്കുന്നവരുടെ എണ്ണത്തിലും കൊടുക്കുന്നതിന്റെ അളവിലും ഉള്ള വർധനവ്, മദ്യപാനത്തിൽനിന്നും കടുംബപ്രശ്‌നങ്ങളിൽനിന്നും മുക്തരായവരുടെ എണ്ണത്തിലെ വർധനവ് തുടങ്ങിയവയെല്ലാം പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്.

അതുപോലെതന്നെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ ഫലമായി വലിയ ആന്തരികസൗഖ്യവും മനഃസമാധാനവും അനുഭവിക്കുന്നവരുടെ എണ്ണവും വലുതാണ്. പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോകാതെ പിടിച്ചുനിൽക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. അതിനാൽ, ആത്മാവിന്റെ കൊയ്ത്തുത്സവം തുടരണം. സഭയിലും ലോകം മുഴുവനിലും നമ്മുടെ ഭവനങ്ങളിലും വ്യക്തിജീവിതത്തിലും ഈ അഭിഷേകത്തിന്റെ ശക്തി കൂടുതൽ പ്രകടമാകണം.

ചോദിക്കുന്ന എല്ലാവർക്കും പരിശുദ്ധാത്മാവിനെ നൽകും എന്നാണ് ദൈവത്തിന്റെ വാഗ്ദാനം. അതിനാൽ, നാം പരിശുദ്ധാത്മാവ് നിറയാൻ നിരന്തരം പ്രാർത്ഥിക്കണം. കൂടുതൽ അഭിഷേകം കിട്ടിയാൽ, ഇതേ സാഹചര്യത്തിൽ ഇതേ വ്യക്തികളോടൊപ്പം നമുക്ക് ഇതിലും കൂടുതൽ സന്തോഷത്തിൽ ജീവിക്കാൻ സാധിക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?