Follow Us On

12

July

2025

Saturday

പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍ രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി

പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍  രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി

ലാഹോര്‍/പാകിസ്ഥാന്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല്‍ കുറ്റം ചുമത്തുമ്പോള്‍ ആദില്‍ ബാബറിനും സൈമണ്‍ നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295-എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇപ്പോള്‍ 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ നസീബ് അഞ്ജും പറഞ്ഞു.

2023 മെയ് 18-നാണ് ഈ രണ്ട് കത്തോലിക്ക യുവാക്കളെ കുപ്രസിദ്ധമായ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്ന് ബാബറിന്റെ വീടിന് പുറത്ത് ബാബറും നദീലും നിസ്സാരമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം ആ വഴി കടന്നുവന്ന സൊഹൈല്‍ അവര്‍  ദൈവനിന്ദ നടത്തിയതായി ആരോപിക്കുകയായിരുന്നു.  ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനെ അനാദരിച്ചെന്ന് ആരോപിച്ച് സെക്ഷന്‍ 295-സി പ്രകാരമാണ് ആദ്യം കുറ്റം ചുമത്തിയത്. ഇത് വധശിക്ഷയ്ക്ക് അര്‍ഹമായ വകുപ്പാണ്.  മുഹമ്മദിന്റെ ഭാര്യമാര്‍, കുടുംബാംഗങ്ങള്‍, ഇസ്ലാമിലെ നാല് ഖലീഫമാര്‍ എന്നിവരുള്‍പ്പെടെയുള്ള അപമാനിച്ചെന്ന് ആരോപിച്ച് സെക്ഷന്‍ 298-എ പ്രകാരവും കുറ്റം ചുമത്തി. തുടര്‍ന്ന് ലാഹോര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകളില്‍ ഈ രണ്ട് വകുപ്പുകളും റദ്ദ് ചെയ്തു 295-എ വകുപ്പാക്കി മാറ്റാന്‍ പോലീസിനോട് ഉത്തരവിട്ടുകൊണ്ട് അന്നത്തെ ജഡ്ജി ബാബറിന് ജാമ്യം അനുവദിച്ചു. ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് നദീമിനെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സെക്ഷന്‍ 295-എ പ്രകാരമുള്ള അവരുടെ വിചാരണ ഏകദേശം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു.  മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന മനഃപൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികളാണ് ഈ സെക്ഷന്റെ പരിധിയില്‍ വരുന്നത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഫെഡറല്‍ അല്ലെങ്കില്‍ പ്രവിശ്യാ ഗവണ്‍മെന്റുകളുടെ അംഗീകാരമില്ലാതെ സെക്ഷന്‍ 295-എ പ്രകാരമുള്ള കുറ്റകൃത്യം പരിഗണിക്കാന്‍ കഴിയില്ലെന്ന ഇവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ്  കോടതി ഇവരെ ഇപ്പോള്‍ കുറ്റവിമുക്തരാക്കിയത്.

യാതൊരു അടിസ്ഥാനവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ നീതി ലഭിച്ചു എന്ന് ആദിലിനും സൈമണിനും ആശ്വസിക്കാമെങ്കിലും മതനിന്ദാക്കേസുകളുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടെ ലോകത്തെ ഓര്‍മിപ്പിക്കുവാന്‍ ഈ വിധി നിമിത്തമാകുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?