Follow Us On

25

April

2024

Thursday

നിത്യസഹായ നാഥയുടെ തിരുനാൾ: അടുത്തറിയാം, അത്ഭുതചിത്രത്തിന്റെ ചരിത്രം

സ്വന്തം ലേഖകൻ

നിത്യസഹായ നാഥയുടെ തിരുനാൾ: അടുത്തറിയാം, അത്ഭുതചിത്രത്തിന്റെ ചരിത്രം

വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നിത്യസഹായ മാതാവിന്റെ ചിത്രം എങ്ങനെ സന്യാസ സമൂഹമായ ‘ദിവ്യരക്ഷക സഭ’യുടെ കൈയിലെത്തി, നിത്യസഹായനാഥയോടുള്ള വണക്കം എങ്ങനെ ലോകമെങ്ങും വ്യാപിച്ചു? സംഭവബഹുലമായ ആ ചരിത്രം അടിത്തറിയാം, നിത്യസഹായമാതാവിന്റെ തിരുനാൾ ദിനത്തിൽ (ജൂൺ 27).

ദീർഘമായ ചരിത്രവും ആഴമേറിയ അർത്ഥവും ഉള്ളതാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലൂക്ക സുവിശേഷകൻ വരച്ചതെന്ന് കരുതപ്പെടുന്ന ഈ അത്ഭുതചിത്രം സെന്റ് ക്രീറ്റ് എന്ന ദ്വീപിൽ നൂറ്റാണ്ടുകൾക്കുമുമ്പേ വണങ്ങപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ആകൃഷ്ടനായ ഒരു വ്യാപാരി ക്രീറ്റിൽനിന്ന് അത് മോഷ്ടിച്ച് മറ്റു ചരക്കുകളുടെകൂടെ തന്റെ നാട്ടിലേക്ക് കയറ്റികൊണ്ടുപോയത്രേ. 15-ാം നൂറ്റാണ്ടിലാണെന്നാണ് അനുമാനം. ഒരു വർഷത്തിനുശേഷം അദ്ദേഹം റോമിൽ എത്തുകയും അവിടെയുള്ള തന്റെ സ്‌നേഹിതനോട് ഈ ചിത്രത്തെക്കുറിച്ചു പറയുകയും ചെയ്തു.

തന്റെ മരണശേഷം ഈ ചിത്രം പൊതുജനവണക്കത്തിന് അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. വ്യാപാരിയുടെ മരണശേഷം, അദ്ദേഹത്തിന്റെ സ്‌നേഹിതൻ ഈ ചിത്രം പൊതുവണക്കത്തിന് ഏതെങ്കിലും ദൈവാലയത്തിൽ സ്ഥാപിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ സമ്മതിച്ചില്ല. ഒടുവിൽ അവരുടെ പിടിവാശിമൂലം നിത്യസഹായ മാതാവിന്റെ ചിത്രം അവരുടെ വീട്ടിലെ കിടപ്പുമുറിയിൽ സ്ഥാപിക്കാൻ നിർബന്ധിതനായി അയാൾ.

ഒരു വർഷം തികയുംമുമ്പേ റോമാക്കാരനായ ഈ വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും അവരുടെ കൊച്ചുമകൾക്കും പല പ്രാവശ്യം മാതാവ് പ്രത്യക്ഷപ്പെട്ട് ഈ ചിത്രം പൊതുജനവണക്കത്തിന് അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ഓർമിപ്പിച്ചു. അവരുടെ കൊച്ചുമകൾക്ക് മാതാവ് പ്രത്യക്ഷപെട്ടപ്പോൾ, താൻ നിത്യസഹായമാതാവെന്ന് വെളിപ്പെടുത്തുകയും പൊതുജനവണക്കത്തിന് ഈ ചിത്രം റോമിലെ പ്രസിദ്ധമായ സെന്റ് മേരീസ് മേജർ ബസിലിക്ക, സെന്റ് ജോൺ ലാറ്ററൻ ബസിലിക്ക എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന മത്തായി ശ്ലീഹായുടെ ദൈവാലയത്തിൽ സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ‘നിത്യസഹായ മാതാവ്’ എന്ന പേര് മാതാവ് സ്വയം വെളിപ്പെടുത്തിയതാണ്. അതുപോലെ ഈ ചിത്രം പൊതുജനവണക്കത്തിന് സ്ഥാപിക്കേണ്ട സ്ഥലവും മാതാവുതന്നെയാണ് ചൂണ്ടിക്കാട്ടിയത്.

ഇതറിഞ്ഞയുടനെ ബാലികയുടെ അമ്മ ഈ ദൈവാലയത്തിന്റെ അന്നത്തെ ചുമതലക്കാരായിരുന്ന അഗസ്തീനിയൻ സന്യാസിമാരെ ചെന്നുകാണുകയും നടന്ന സംഭവങ്ങളെക്കുറിച്ചെല്ലാം വിശദമായി അവരെ അറിയിക്കുകയും ചെയ്തു. തൽഫലമായി, 1499 മാർച്ച് 27ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നിത്യസഹായ മാതാവിന്റെ ചിത്രം മത്തായി ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയത്തിൽ പ്രതിഷ്~ിച്ചു. തുടർന്നുവന്ന മൂന്നു നൂറ്റാണ്ടുകാലം ധാരാളം ഭക്തജനങ്ങൾ നിത്യസഹായ മാതാവിന്റെ അടുക്കലെത്തി പ്രാർത്ഥിക്കുകയും നിരവധി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു.

മത്തായി ശ്ലീഹായുടെ ദൈവാലയത്തിൽ നിത്യസഹായ മാതാവിന്റെ ചിത്രം പ്രതിഷ്ഠിക്കപ്പെട്ട സമയം പ്രതാപത്തിന്റേതായ കാലഘട്ടമായിരുന്നു. ക്ലേശിതർക്ക് ആശ്വാസവും ദുഃഖിതർക്ക് സന്തോഷവും ബലഹീനർക്ക് ശക്തിയും പാപികൾക്ക് അഭയവുമായിരുന്ന കാലഘട്ടം. നിത്യസഹായ മാതാവിന്റെ മാധ്യസ്ഥംവഴി അവിടെ നടന്ന അത്ഭുതങ്ങൾ ഒട്ടനവധിയാണ്. മാതാവിന്റെ സന്നിധിയിലേക്ക് ഒഴുകിയ ആയിരക്കക്കിന് ജനങ്ങൾ ഇതിന് ഏറ്റവും നല്ല തെളിവ്. എന്നാൽ, ഈ പ്രതാപകാലം അധികം നീണ്ടുനിന്നില്ല. 18-ാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ഫ്രാൻസിലെ സ്വേച്ഛാധിപതിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് യൂറോപ്പിലെ ഓരോ രാജ്യവും പിടിച്ചടക്കിക്കൊണ്ട് മുന്നേറി. ആ കൂട്ടത്തിൽ റോമിനെയും നെപ്പോളിയൻ വെറുതെ വിട്ടില്ല.

ചിത്രം വീണ്ടെടുത്തു, അത്ഭുതാവഹമായി

1798ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം റോം ആക്രമിച്ച് 30ൽപ്പരം ദൈവാലയങ്ങൾ തച്ചുടച്ചു. ഇതിൽ, നിത്യസഹായ മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ച മത്തായി ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയവും ആക്രമണത്തിനിരയായി. പ്രസ്തുത ദൈവാലയം കല്ലിൻമേൽ കല്ല് ശേഷിക്കാതെ തകർന്നു. അതോടൊപ്പം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ അത്ഭുതചിത്രം അപ്രത്യക്ഷമായി. ദൈവാലയത്തോടൊപ്പം ഈ ചിത്രവും നശിപ്പിക്കപ്പട്ടു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ദൈവാലയം തകർക്കപ്പെട്ടപ്പോൾ അവിടെനിന്ന് രക്ഷപ്പെട്ട അഗസ്തീനിയൻ സന്യാസികൾ മാതാവിന്റെ അത്ഭുതചിത്രം പോസ്‌റ്റെരുലായിലുള്ള അവരുടെ ആശ്രമത്തിലെ കപ്പേളയിലേക്ക് കൊണ്ടുപോയിരുന്നു.

അങ്ങനെ ഏതാണ്ട് 67 വർഷം ഈ ചിത്രം ആരാലും അറിയപ്പെടാതെ പോയി. പോസ്‌റ്റെരുലായിലുള്ള ആശ്രമത്തിലെ അഗസ്റ്റിൻ ഒർസെറ്റി എന്ന വൃദ്ധസന്യാസ സഹോദരനല്ലാതെ ആർക്കും ഈ അത്ഭുത ചിത്രത്തിന്റെ ചരിത്രമോ പ്രാധാന്യമോ അറിയില്ലായിരുന്നു. പക്ഷേ, ആശ്രമദൈവാലയത്തിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന മൈക്കിൾ മാർച്ചി എന്ന അൾത്താരബാലനോട് ബ്രദർ അഗസ്റ്റിൻ ഒർസെറ്റി ഈ അത്ഭുത ചിത്രത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പലപ്പോഴായി പറഞ്ഞുകൊടുത്തിരുന്നു. പിൽക്കാലത്ത് ഈ ബാലൻ ദിവ്യരക്ഷക സഭയിൽ ചേർന്ന് സന്യാസ വൈദികനായി.

ഒമ്പതാം പീയൂസ് പാപ്പയുടെ പ്രത്യേക താൽപ്പര്യപ്രകാരം 1855ൽ ദിവ്യരക്ഷക സഭാ വൈദികർ റോമിലെത്തുകയും മത്തായിശ്ലീഹായുടെ തകർക്കപ്പെട്ട ദൈവാലയം നിലനിന്നിരുന്ന സ്ഥലം വാങ്ങി അവരുടെ ജനറലേറ്റ് അവിടേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു. അതോടൊപ്പം, ദിവ്യരക്ഷക സഭാ സ്ഥാപകനായ വിശുദ്ധ അൽഫോൻസസ് ലിഗോരിയുടെ നാമത്തിൽ ഒരു ദൈവാലയവും അവിടെ അവർ നിർമിച്ചു. 1863 ഫെബ്രുവരിയിൽ ഫ്രാൻസെസ്‌കോ ബ്ലാസി എന്ന ഈശോസഭാ വൈദികൻ പരിശുദ്ധ കന്യാമാതാവിനെക്കുറിച്ചുള്ള പ്രസംഗപരമ്പര സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നിത്യസഹായ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ചാണ് അദ്ദേഹം ഒരിക്കൽ പ്രസംഗിച്ചത്.

ചിത്രത്തിന്റെ ചരിത്രത്തെയും അത് കാണാതെ പോകാനിടയായ സാഹചര്യത്തെക്കുറിച്ചും അന്നു ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അദ്ദേഹം പ്രസംഗിച്ചു. പ്രഭാഷണത്തിന്റെ അവസാനം അദ്ദേഹം തന്റെ ശ്രോതാക്കൾക്ക് ആർക്കെങ്കിലും ഈ ചിത്രത്തെക്കുറിച്ച് അറിയാമെങ്കിൽ അവരിലൂടെ ചിത്രം പുനസ്ഥാപിക്കപ്പെടാൻ ഇടയാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ എഡ്വേർഡ്ഷ്വൻ ഡെൻഹാമർ എന്ന ദിവ്യരക്ഷക സഭാ വൈദികൻ പഴയ ഒരു പുസ്തകത്തിൽ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള തകർക്കപ്പെട്ട ദൈവാലയത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന നിത്യസഹായമാതാവിന്റെ അത്ഭുത ചിത്രത്തെക്കുറിച്ചും വായിക്കാനിടയായി.

ആ ദൈവാലയം നിലനിന്നിരുന്ന അതേ സ്ഥലത്തുതന്നെയാണ് ഇപ്പോൾ തങ്ങളുടെ ജനറലേറ്റും വിശുദ്ധ അൽഫോൻസസ് ലിഗോരിയുടെ നാമത്തിലുള്ള ദൈവാലയവും സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരിക്കൽ ഒരു മധ്യാഹ്നത്തിൽ ഈ രണ്ടു കാര്യങ്ങളെയുംകുറിച്ച് ദിവ്യരക്ഷക സഭാവൈദികർ ചർച്ച ചെയ്യുകയായിരുന്നു.

അപ്പോൾ ദൈവിക പദ്ധതി എന്നവണ്ണം അവരുടെയിടയിലേക്ക് മൈക്കിൾ മാർച്ചി എന്ന യുവ വൈദികൻ കടന്നുവന്നു. നിത്യസഹായ മാതാവ് എന്ന നാമം കേട്ടപ്പോൾ ബാല്യകാലത്ത് അഗസ്റ്റിൻ ഒർസെറ്റി എന്ന അഗസ്റ്റീനിയൻ സന്യാസിയിൽനിന്ന്, അതിനെക്കുറിച്ച് കേട്ടത് അദ്ദേഹം ഓർത്തു. ആ ചിത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം തന്റെ സഹവൈദികരോട് അപ്പോൾത്തന്നെ പങ്കുവെക്കുകയും ചെയ്തു.

വീണ്ടും വെളിച്ചത്തിലേക്ക്

ദിവ്യരക്ഷക സഭയുടെ അന്നത്തെ സുപ്പീരിയർ ജനറലായിരുന്ന ഫാ. നിക്കോളാസ് മോറൺ, ഇതെക്കുറിച്ച് പഠിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ചശേഷം 1865 ഡിസംബർ 11ന് ഒമ്പതാം പീയൂസ് പാപ്പയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും നിത്യസഹായ മാതാവിന്റെ യഥാർത്ഥ ചിത്രം തങ്ങളെ ഏൽപ്പിക്കാനുള്ള കൽപ്പന പുറപ്പെടുവിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പാപ്പ കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കിയതിന് ശേഷം പ്രസ്തുത ചിത്രം ദിവ്യരക്ഷക സഭാ വൈദികരെ ഏൽപ്പിക്കാൻ പോസ്‌റ്റെറുലായിലുള്ള അഗസ്റ്റീനിയൻ ആശ്രമത്തിലെ സുപ്പീരിയറോട് നിർദേശിച്ചു.

പകരമായി പ്രസ്തുത ചിത്രത്തിന്റെ അനുരൂപചിത്രം അഗസ്റ്റീനിയൻ ആശ്രമത്തിനു നൽകണമെന്ന് ദിവ്യരക്ഷക സഭയുടെ ജനറാളച്ചനോട് പാപ്പ ആവശ്യപ്പെട്ടു. അതോടൊപ്പം നിത്യസഹായ മാതാവിനെ ലോകമെങ്ങും അറിയിക്കുക എന്ന പ്രത്യേക ദൗത്യവും ദിവ്യരക്ഷക സഭാ വൈദികരെ പാപ്പ ഭരമേൽപ്പിച്ചു. ദിവ്യരക്ഷക സഭാ വൈദികരെ സംബന്ധിച്ച് ഇതിൽപ്പരം സന്തോഷം നൽകുന്ന മറ്റൊരു വാർത്ത അവർക്കില്ലായിരുന്നു. 1886 ജനുവരിയിൽ പോസ്‌റ്റെറുലായിലുള്ള അഗസ്റ്റീനിയൻ ആശ്രമ അധികൃതർ നിത്യസഹായ മാതാവിന്റെ ചിത്രം ദിവ്യരക്ഷക സഭക്ക് കൈമാറി.

ചിത്രത്തിനു സംഭവിച്ച കേടുപാടുകളെല്ലാം തീർത്ത് ചിത്രം പുനഃപ്രതിഷ്~ക്കായി ഒരുക്കി. 1966 ഏപ്രിൽ 26ന് ദിവ്യരക്ഷക സഭാ വൈദികരുടെ ആശ്രമത്തിൽനിന്ന് പ്രദക്ഷിണമായി ചിത്രം വിശുദ്ധ അൽഫോൻസസ് ലിഗോരിയുടെ നാമത്തിലുള്ള ദൈവാലയത്തിലേക്ക് കൊണ്ടുപോവുകയും പ്രധാന അൾത്താരയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്നും ഈ ഐക്കൺ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ നാമത്തിലുള്ള ദൈവാലയത്തിന്റെ പ്രധാന അൾത്താരയിലാണുള്ളത്.

ഇതോടെ നിത്യസഹായ മാതാവിനോടുള്ള ഭക്തിയുടെ സുവർണകാലഘട്ടം വീണ്ടും ആരംഭിച്ചു. ‘പരിശുദ്ധ കന്യാമാതാവിനെ ലോകമെങ്ങും അറിയിക്കുക’ എന്ന ഒമ്പതാം പീയൂസ് പാപ്പയുടെ കൽപന ശിരസാവഹിച്ചുകൊണ്ട് അന്നുമുതൽ ദിവ്യരക്ഷകസഭാ വൈദികർ മാതൃഭക്തി ലോകമെങ്ങും അറിയിക്കുന്നു.

ഒമ്പതാം പീയൂസ് പാപ്പയുടെ കൽപ്പന ശിരസാ വഹിച്ച്, മരിയഭക്തരായ വൈദികർ ധ്യാനം നടത്തുന്ന ഇടവകകളിലെല്ലാം നിത്യസഹായ മാതാവിന്റെ ഭക്തി പ്രചരിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ ആശ്വാസമായി അമ്മ മാറിയിരിക്കുന്നു. ഇന്നും ശനിയാഴ്ച തോറും ദൈവാലയങ്ങളിൽ നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ ആയിരങ്ങൾ ഭക്തിപൂർവം പങ്കുകൊള്ളുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?