കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സിനഡുമെത്രാന്മാര്‍ ഒരുമിച്ച് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തുടര്‍ന്ന് സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരിതെളിച്ചുകൊണ്ടു ഔദ്യോഗികമായി സിനഡ്‌സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന പ്രതിസന്ധികളുടെ മുന്‍പില്‍ നഷ്ടധൈര്യരായി സുവിശേഷ ദൗത്യത്തില്‍നിന്നും നാമൊരിക്കലും പിന്നോട്ടു പോകാന്‍ പാടില്ലെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ അനുസ്മരിച്ച മേജര്‍ ആര്‍ച്ചുബിഷപ്, സ്വതന്ത്ര ഇന്ത്യയില്‍ മതന്യുനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍, ഛത്തീസ്ഗട്ടില്‍ സന്യാസിനിമാര്‍ നേരിട്ട നീതി നിഷേധമുള്‍പ്പെടെ ഉള്ളവയെ അനുസ്മരിച്ചു. ക്രൈ സ്തവ ര്‍ക്കുനേരെ രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന വര്‍ഗീയ ശക്തി കളുടെ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും അവരുടെ ഒപ്പം എന്നും സഭ ഉണ്ടാകുമെന്നും മാര്‍ തട്ടില്‍ ഉറപ്പുനല്‍കി.
ഓഗസ്റ്റ് 29 വെള്ളിയാഴ്ച സിനഡ് സമാപിക്കും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശു ശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സ മ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *