Follow Us On

22

January

2025

Wednesday

വിയാനി പുണ്യാളന്റെ തിരുനാളിൽ വൈദികർക്ക്‌ ഒരു തുറന്ന കത്ത്‌

ഫാ. ആന്റണി തോക്കനാട്ട്

വൈദീകസമൂഹം ആത്മീയശുശ്രൂഷയ്ക്കുപരി സ്ഥാപന നടത്തിപ്പിലും മറ്റും കൂടുതൽ വ്യാപകരിക്കുന്നു എന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ അജപാലകർ കാത്തുസൂക്ഷിക്കേണ്ട ഇടയമനോഭാവത്തെക്കുറിച്ച്, ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാൾ ദിനത്തിൽ (ഓഗസ്റ്റ് 04) പങ്കുവെക്കുന്നു ലേഖകൻ.

ദൈവ മനുഷ്യ ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തോടാണ് ബൈബിൾ ഉപമിച്ചിരിക്കുന്നത്: ‘ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു’ (യോഹ.10:14-15).

അജപാലനമേഖലയിൽ അവശ്യംവേണ്ട കാര്യമാണ് വിശുദ്ധഗ്രന്ഥം ചൂണ്ടിക്കാട്ടുന്ന ദൈവജനവുമായുള്ള വ്യക്തിപരമായ അടുപ്പം. ‘അവൻ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു’ (യോഹ.10:3). ഒരു ഇടവക സമൂഹത്തിലെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിലെ എല്ലാവരെയും പേരുചൊല്ലി വിളിക്കാൻ സാധിച്ചാൽ അത് വലിയൊരു തുടക്കമാകും. ഒരുപക്ഷേ എല്ലാവരുടെയും പേരുകൾ ഓർത്തിരിക്കാൻ സാധിച്ചെന്നുവരില്ല. എന്നിരുന്നാലും ഓരാരുത്തരെയുംകുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

അതുപോലെതന്നെ പ്രധാനമാണ് മുതിർന്നവരോടുള്ള ഇടപെടലുകൾ. അത് എപ്രകാരമായിരിക്കണമെന്നും വിശുദ്ധഗ്രന്ഥം പറയുന്നുണ്ട്: ‘നിന്നെക്കാൾ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും പ്രായംചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിർമലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക’ (1 തിമോ.5:12). എന്നാൽ, ചിലപ്പോഴെങ്കിലും താൻ, തന്റെ, തനിക്ക്, നീ, നിന്റെ, നിനക്ക് തുടങ്ങിയ സംബോധനകൾകൊണ്ട് പ്രായമായവരെ വേദനിപ്പിക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അവ തീർച്ചയായും ഒഴിവാക്കപ്പെടണം.

വ്യത്യസ്തമായ അഭിപ്രായങ്ങളെ ശ്രവിക്കാനും അ ത് സ്വീകരിക്കാൻ തയാറാകുന്നതും ഒരു വൈദികന്റെ വ്യക്തിത്വത്തിന്റെ ശോഭ വർധിപ്പിക്കും. പ്രതികൂല സാ ഹചര്യങ്ങളിൽ ആത്മനിയന്ത്രണം ആവശ്യമാണ്. ഒരു വ്യക്തിയെ കോപത്തോടെ മുറിയിൽനിന്നും പുറത്തേക്ക് ഇറക്കിവിടുന്നതരത്തിലുള്ള സംസാരരീതികളും ആക്രോശങ്ങളും ഒരിക്കലും വൈദികർക്ക് ഭൂഷണമല്ല. ഒരു വിശ്വാസിയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയെ പരിപോഷിപ്പിക്കുകയെന്നത് ഒരു ഇടയനടുത്ത കടമയാണ്. സമൂഹത്തിലെ പാവപ്പെട്ടവർ, ബലഹീനർ, രോഗികൾ എന്നിവരൊക്കെ ഒരു വൈദികന്റെ സവിശേഷ ശ്രദ്ധയിൽപ്പെടേണ്ടവരാണ്.

ഇടവകസമൂഹത്തിൽ മദ്യപാനത്തിനും മറ്റു ദു$ശീലങ്ങൾക്കും അടിപ്പെട്ടും കൗദാശികജീവിതത്തിൽനിന്ന് അകന്നും കഴിയുന്നവരെ കണ്ടെത്താൻ സവിശേഷവിളി കിട്ടിയവരാണ് വൈദികർ. കൂടെക്കൂടെ അവരെ സന്ദർശിക്കാനും വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും ശ്രമിക്കണം. മാത്രമല്ല ധ്യാനം, കൺവെൻഷനുകൾ തുടങ്ങിയവയിൽ സംബന്ധിക്കാൻ സ്‌നേഹപൂർവം പ്രോത്സാഹിപ്പിക്കുകയുംവേണം. ആശുപത്രിയിലും വീടുകളിലും രോഗികളായിക്കഴിയുന്നവരെ കൂടെക്കൂടെ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതും വ്യക്തിബന്ധങ്ങൾ വളർത്താൻ സഹായിക്കും.

ഇടവകയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ സജീവമാക്കാനും അജപാലകർ മുഖ്യപങ്കുവഹിക്കേണ്ടതുണ്ട്. പങ്കുവെപ്പ് മനോഭാവം അജഗണങ്ങളിൽ വളർത്താൻ ശ്രമിക്കുന്നതിനൊപ്പം വിവാഹസഹായം, ഭവനനിർമാണ സഹായം, വിദ്യാഭ്യാസ സഹായങ്ങൾ ഇവയൊക്കെ അർഹതപ്പെട്ടവർക്ക് തക്കസമയത്ത് ലഭ്യമാക്കാൻ വൈദികൻ ജാഗ്രതയോടെ നേതൃത്വം വഹിക്കണം.

ഇടവകയിലുണ്ടാകുന്ന ഓരോ മരണവും അജപാലനപരമായി വളരെ പ്രധാനപ്പെട്ട സംഭവമാണ്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ ഒരോരുത്തർക്കും വേദനയുടെയും ദു$ഖത്തിന്റെയും ഒരുപക്ഷേ നിരാശയുടേതുമായ നിമിഷങ്ങളായിരിക്കും. അജപാലനപരമായി വളരെ വിവേകവും ആർദ്രതയും ജാഗ്രതയും പുലർത്തേണ്ട നിമിഷങ്ങളുമാണത്. മരണവാർത്ത അറിയുമ്പോൾത്തന്നെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

ഓരോ സ്ഥലത്തെയും ആചാരങ്ങളനുസരിച്ച് ദൈവാലയത്തിൽനിന്നും കൊടുത്തുവിടേണ്ട പ്രാർത്ഥനാപുസ്തകങ്ങൾ, കുരിശ്, ഊറാറാ, ഹന്നാൻ വെള്ളം മുതലായവ ആ വീട്ടിൽ എത്തിച്ചുകൊടുക്കാൻവേണ്ട ക്രമീകരണവും വൈദികർ ചെയ്യണം. വിരഹവേദനയുടെ ആ അന്തരീക്ഷത്തിൽ ആത്മീയശുശ്രൂഷയ്ക്കാവശ്യമായ കാര്യങ്ങൾപോലും ഒരുപക്ഷേ, വീട്ടുകാർ മറന്നുപോയേക്കാം. പരിചയസമ്പന്നരായ വൈദികർ കുറവുകൾ മനസിലാക്കി കാര്യങ്ങൾ ഭംഗിയായും ചിട്ടയായും നടത്തിക്കൊടുക്കാൻ വിശാല മനോഭാവം കാട്ടണം.

ബന്ധുക്കളും പരിചിതരുമായ മറ്റ് വൈദികർ തിരുക്കർമങ്ങളിൽ സംബന്ധിക്കുന്നുണ്ടെങ്കിൽ അവരുമായി ആശയവിനിമയം നടത്തി ചരമപ്രസംഗം, ശുശ്രൂഷയുടെ കാർമികത്വം തുടങ്ങിയ കാര്യങ്ങൾ വികാരിയച്ചൻ തീരുമാനിക്കുന്നത് ഉചിതമാണ്. വികാരനിർഭരമായ ഈ നിമിഷത്തിൽ വൈദികർ സവിശേഷ പരിഗണനയോടെയാവണം പെരുമാറേണ്ടത്. മറിച്ച്, ദൈവാലയത്തിലെ കുടിശിക തീർക്കാനും മറ്റും ഈ അവസരങ്ങൾ ഉപയോഗിച്ചാൽ അത് വൈദിക ജീവിതത്തിലെ ഏറ്റവും വലിയ അപരാധമായിരിക്കും.

അതുപോലെ, വിവാഹാവസരങ്ങളും മാമ്മോദീസയുമൊക്കെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണെന്ന വസ്തുത വൈദികർ ഒരിക്കലും വിസ്മരിക്കരുത്. ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും കൃത്യസമയത്ത് കൊടുത്ത് തിരുക്കർമങ്ങൾ ഭംഗിയാക്കാൻ വൈദികർ ശ്രദ്ധിക്കണം. അസമയത്തുണ്ടാകുന്ന വികാരക്ഷോഭങ്ങളും കോപപ്രകടനങ്ങളും വിശേഷദിനത്തിന്റെ ശോഭ കെടുത്താനേ ഉപകരിക്കൂ.

വചനപ്രഘോഷണങ്ങൾ ബൈബിൾ അധിഷ്ഠിതവും പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ടുള്ളതുമായിരിക്കണം. ദിവ്യബലിയിൽ പങ്കെടുക്കുന്നവർക്ക് വിരസതയുണ്ടാകാതിരിക്കാൻ ഒരുക്കത്തോടെയാവണം പ്രസംഗങ്ങൾ. ആവർത്തന വിരസതയില്ലാതെ, ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം പറയാൻ സാധിച്ചാൽ നന്ന്. നീണ്ട സമയത്തെ പ്രാർത്ഥനയും വായനകളും ധ്യാനവുമൊക്കെ നല്ല പ്രസംഗം തയാറാക്കാൻ സഹായിക്കും. ദൈവാരാധനയിൽ പങ്കെടുക്കുന്ന ജനങ്ങളുടെ സമയത്തെ മാനിക്കാൻ വൈദികർ കടപ്പെട്ടവരാണ്. പ്രസംഗം വലിച്ചുനീട്ടിയും അറിയിപ്പുകൾ ആവർത്തിച്ച് പറഞ്ഞും ദിവ്യബലിയുടെ സമയം നീണ്ടക്കൊണ്ടുപോകാതിരിക്കുന്നതാണ് ഉചിതം.

വളരെ ചുരുക്കം ചിലരെങ്കിലും ആളുകളെ കുറ്റം വിധിക്കാനും മറ്റും പവിത്രമായ വചനവേദി ഉപയോഗിക്കുന്നുണ്ടെന്നത് വേദനാജനകമാണ്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാൻ വചനവേദി ഉപയോഗിക്കരുത്. വ്യക്തികളെ താറടിച്ചു സംസാരിക്കുന്ന രീതി ഒരിക്കലും വൈദികർക്ക് ചേർന്നതല്ല. അൾത്താര ശുശ്രൂഷകരോടും ഗായകസംഘത്തോടും അതുപോലെ ശുശ്രൂഷകളിൽ സഹായിക്കുന്ന മറ്റെല്ലാവരോടും തികഞ്ഞ സംയമനത്തോടെ പെരുമാറണം. പരിശുദ്ധ മദ്ബഹായിൽനിന്നുള്ള കോപപ്രകടനങ്ങൾ തീർത്തും ഒഴിവാക്കണം. അത് സ്വർഗത്തിന്റെ പ്രതീകമാണ്; വചനവേദി പരിശുദ്ധവും.

നമ്മെ സംബന്ധിച്ചിടത്തോളം വൈദികരുടെ ഭവനസന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്ന അജപാലന പ്രക്രിയയാണ്. അമേരിക്കയിലെയും യൂറോപ്പിലെയും സഭകളിൽ ഏതാണ്ട് 50 വർഷംമുമ്പുവരെ ഇത് ശക്തമായിരുന്നുവെങ്കിൽ ഇന്ന് അങ്ങനെയൊന്ന് ഇല്ലെന്നുതന്നെ പറയാം. ജനങ്ങൾക്കിടയിൽ വൈദികർക്കുള്ള സ്വാധീനവും ഇന്ന് അവിടെ പരിമിതമാണ്. അതിന്റെ എല്ലാ പോരായ്മകളും ആ സമൂഹങ്ങളിൽ കാണാൻ കഴിയും. പാശ്ചാത്യവഴിയെ, നമ്മുടെ അജപാലനവും പോകാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തണം.

നമ്മുടെ നാട്ടിൽ ഒരു വൈദികന്റെ ഭവനസന്ദർശനം ഇന്നും ആളുകൾ ഇഷ്ടപ്പെടുന്നു. അക്രൈസ്തവർപോലും ഭവനസന്ദർശനത്തെ സ്വാഗതം ചെയ്യുന്നത് 17 വർഷത്തെ അജപാലന അനുഭവത്തിലൂടെ ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. രോഗികളെ സന്ദർശിക്കുകയും ഭവനങ്ങൾതോറും പ്രാർത്ഥനയ്‌ക്കെത്തുകയും ചെയ്യുന്ന പെന്തക്കോസ്ത് വിഭാഗത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വ്യക്തമല്ലേ?

ഇടവകയ്ക്ക് ആവശ്യമായ ഭൗതികസംവിധാനം ഒരുക്കാൻ വൈദികൻ തീർച്ചയായും നേതൃത്വം കൊടുക്കണം. എന്നാൽ, ഇടവകയുടെ ഭൗതികാവശ്യങ്ങൾ ആദ്യം ഇടവകക്കാരിൽനിന്നാണ് ഉയർന്നുവരേണ്ടത്. വൈദികൻ എല്ലാ നിർമാണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നേതൃത്വം വഹിച്ചാൽ മതി. നിർമാണ പ്രവർത്തനങ്ങളിലെ സാമ്പത്തിക സുതാര്യത പ്രധാനപ്പെട്ട വിഷയമാണ്. നിർമാണ സംബന്ധമായ കരാറുകൾ ഉറപ്പിക്കുന്നതും സാധനസാമഗ്രികൾ വാങ്ങുന്നതുമെല്ലാം സുതാര്യമായിരിക്കണം.

കൈക്കാരന്മാരുടെയും നിർമാണകമ്മിറ്റി അംഗങ്ങളുടെയുമൊക്കെ സഹായം ഇതിന് ഉപയോഗപ്പെടുത്തണം. സാമ്പത്തിക കാര്യങ്ങൾ വൈദികർ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതം. എ ന്നാൽ, വൈദികരുടെ നിർദേശങ്ങ ളും നിരീക്ഷണങ്ങളും സാമ്പത്തിക മേഖലയിൽ ഉണ്ടാകണം. ഈ മേഖലയിലുള്ള ജാഗ്രതക്കുറവ് പല വൈദികരെയും പേരുദോഷത്തിലാക്കിയിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങൾ ഏറെ യാകുമ്പോൾ അജപാലനപ്രവർത്തനങ്ങൾ നിർജീവമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പണിതുകൂട്ടുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന്റെയും വാങ്ങിക്കൂട്ടിയ സ്ഥലങ്ങളുടെയും പിരിച്ചുകൂട്ടുന്ന സംഭാവനകളുടെയും അടിസ്ഥാനത്തിൽ ഒരു വൈദികനെ പ്രശംസിക്കുകയും വിലയിരുത്തുകയും പിൻതാങ്ങുകയും ചെയ്താൽ, അത് നിർഭാഗ്യകരംതന്നെ. ചിട്ടയായ അജപാലനവും ശാന്തമായ ആത്മീയജീവിതവും അഭിനന്ദിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാത്ത സാഹചര്യങ്ങളും നിരവധിയുണ്ടല്ലോ?

അമിതമായ സ്ഥാപനവൽക്കര ണം ആപത്താണെന്ന് ഇതിനകം നാം മനസ്സിലാക്കിയിട്ടുള്ളതാണ്. സ്ഥാപനങ്ങളുടെ തലപ്പത്തുള്ള വൈദികർക്ക്/സമർപ്പിതർക്ക് അടിസ്ഥാനപരമായ ഒരു അജപാലന മനോഭാവം ഉണ്ടായിരിക്കണം. എല്ലാ പ്രവർത്തനങ്ങളിലും സത്യവും നീതിയും പാലിക്കപ്പെടണം. ആധ്യാത്മികജീവിതത്തിന്റെ ആചാര്യന്മാർ ആത്മീയതയുമായി ഒരു തരത്തി ലും ബന്ധമില്ലാത്ത കാര്യങ്ങൾക്കുവേണ്ടി കഴിവും പണവും സമയവും വ്യയം ചെയ്യുന്നത് സങ്കടകരമാണ്.

സാമൂഹ്യപ്രവർത്തനത്തിലും ബിസിനസ് മാനേജുമെന്റിലും ഉന്നതബിരുദവും കഴിവുമുള്ള ധാരാളം ആളുകൾ ഇന്നു നമ്മുടെ ഇടയിലുണ്ട്. വൈദികരെക്കാൾ മെച്ചമായി പ്രവർത്തിക്കാൻ കഴിവുള്ള അവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചാൽ വൈദികർക്ക് ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. ഒരു സഭാശുശ്രൂഷകൻ ആരായിരിക്കണം, എന്തായിരിക്കണം എന്ന് വളരെ കൃത്യമായും വ്യക്തമായും പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തനങ്ങൾ സഭയിൽ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അവ തീർച്ചയായും തിരുത്തപ്പെടണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?