Follow Us On

13

July

2024

Saturday

ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ ഇടയന്‍

ജനഹൃദയങ്ങള്‍  തൊട്ടറിഞ്ഞ ഇടയന്‍

രഞ്ജിത്ത് ലോറന്‍സ്

ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു.

 പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവും ജോസഫ് അട്ടിപ്പേറ്റി പിതാവും? അവരുടെ സ്വാധീനം പിതാവിന്റെ ഇടയശുശ്രൂഷയെ എപ്രകാരമാണ് രൂപപ്പെടുത്തിയത്?

വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായിട്ടാണ് മെത്രാന്റെ ശുശ്രൂഷ ഞാന്‍ ആരംഭിക്കുന്നത്. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവായിരുന്നു ആ സമയത്ത് വരാപ്പുഴ രൂപതയുടെ മെത്രാന്‍. നല്ലൊരു കര്‍മ്മലീത്ത സന്യാസിയായിരുന്ന അദ്ദേഹത്തിന്റെ ഡിസിപ്ലിന്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ പ്രഫസറും റെക്ടറുമായി ദീര്‍ഘകാലം ശുശ്രൂഷ ചെയ്ത ശേഷമാണ് അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനാകുന്നത്. ആ സമയത്ത് അദ്ദേഹത്തിന് മലയാളം അത്ര വഴങ്ങുമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഒരു വാക്ക് പോലും മലയാളമല്ലാതെ പുറത്തുവന്നിരുന്നില്ല.

പ്രസംഗത്തിന്റെയോ സംസാരത്തിന്റെയോ ഇടക്ക് എപ്പോഴെങ്കിലും മലയാളം വാക്ക് കിട്ടാതെ വന്നാല്‍ സംസാരം നിറുത്തി ആലോചിച്ച് മലയാളം വാക്ക് തന്നെ പിതാവ് പറയാന്‍ ശ്രദ്ധിച്ചിരുന്നു. ഏറ്റവും സാധാരണക്കാരായവര്‍ക്ക് പോലും പറയുന്ന കാര്യങ്ങള്‍ മനസിലാകണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം പുലര്‍ത്തിയിരുന്ന ഡിസിപ്ലിന്‍/എളിമ എന്നെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ തദ്ദേശിയനായ ആദ്യ മെത്രാനായ ജോസഫ് അട്ടിപ്പേറ്റി പിതാവാണ് എന്നെ സെമിനാരിയില്‍ എടുത്തത്. അദ്ദേഹം വരാപ്പുഴ അതിരൂപതയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ചെറിയ തോതില്‍ ഞാനും നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുന്നത് പ്രായോഗികമല്ലെന്ന് മനസിലാക്കിയത് കൊണ്ട് കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു.

രൂപതയിലെ 536 കുടുംബയൂണിറ്റുകളും സന്ദര്‍ശിച്ചു. ഓരോ മണിക്കൂര്‍സമയം വീതം അവരോടൊപ്പം ചെലവഴിച്ചു. അവരെ കേള്‍ക്കാനും അവരെ കാണാനും അവരുടെ ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലാനും ആ കൂടിച്ചേരലുകള്‍ നിമിത്തമായി. ഇത്തരം പല കൂടിച്ചേരലുകളും കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ രാത്രി പത്ത് പതിനൊന്ന് മണിവരെ ആകാറുണ്ട്. കുടുംബയൂണിറ്റിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവരില്‍ പലരും രൂപതയുടെ ആസ്ഥാനമായ കോട്ടപ്പുറത്ത് ഒരിക്കല്‍ പോലും വരാത്തവരാണ്. അങ്ങനെയുള്ളവരുടെ അടുക്കലേക്ക് അവരുടെ ഇടയന്‍ തന്നെ കടന്ന് ചെന്നപ്പോള്‍ അവര്‍ക്ക് അത് വലിയൊരു അനുഭവമായിരുന്നു.

 വത്തിക്കാന്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് മാറി സമീപമുള്ള ഗസ്റ്റ് ഹൗസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളം കാലം കാരിക്കാശേരി പിതാവ് ബിഷപ്‌സ് ഹൗസിലെ ഗസ്റ്റ് റൂമിലാണ് താമസിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പിതാവിന്റെയും ജീവിതവീക്ഷണവും അജപാലനശൈലിയും തമ്മില്‍ സാമ്യം ഉണ്ടോ?

തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് നടത്തിയ കുടുംബയൂണിറ്റുകളുടെ സന്ദര്‍ശനം ഇന്ന് ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്യുന്ന സിനഡ് ശൈലിയുടെ ഭാഗമായി ഞാന്‍ കാണുകയാണ്. കുറച്ചു മുമ്പ് തന്നെ ഞാന്‍ അത് രൂപതയില്‍ നടപ്പാക്കി എന്ന് മാത്രം. ഞാന്‍ കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കുന്ന അവസരത്തില്‍ അവരോട് പറയാറുണ്ട്, നമ്മള്‍ ഈ യൂണിറ്റുകളിലൂടെ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. നമ്മുടെ യൂണിറ്റിന്റെ പരിധിയില്‍ നാനാജാതി മതസ്ഥരുണ്ട്, ഒരാള്‍ക്കും പട്ടിണിയുണ്ടാകരുത്.

ഒരു പട്ടിണിമരണവും നമ്മുടെ യൂണിറ്റില്‍ സംഭവിക്കാന്‍ ഇടയാകരുത്. ഭക്ഷണമില്ലെന്ന് അവര്‍ പറഞ്ഞ് നമ്മള്‍ അറിയാന്‍ ഇടയാകരുത്, നമ്മള്‍ അന്വേഷിച്ച് അവരെ കണ്ടെത്തണം. രോഗികളും പീഡിതരും ആരുമില്ലാത്തവരുമൊക്കെ നമ്മുടെ അന്വേഷണത്തിന്റെ ഉള്ളിലുണ്ടായിരിക്കണം. അങ്ങനെയൊരു കൂട്ടായ്മയുടെ ജീവിതമാണ് നമുക്കുവേണ്ടത്. ഇതും ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമായിട്ട് ഞാന്‍ മനസിലാക്കുന്നു.

മിഷന്‍ ഫോര്‍ നോര്‍ത്തേണ്‍ റീജണ്‍ പിതാവിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു?

രൂപതയുടെ അതിര്‍ത്തിയ്ക്കുള്ളില്‍ തന്നെ ചിതറിപ്പാര്‍ക്കുന്ന ലത്തീന്‍ കത്തോലിക്കര്‍ക്കായി ഒരു മിഷന്‍ ആരംഭിക്കാന്‍ സാധിച്ചത് വളരെ സംതൃപ്തി നല്‍കിയ അനുഭവമാണ്. മിഷന്‍ ഫോര്‍ നോര്‍ത്തേണ്‍ റീജിയന്‍ – തൃശൂര്‍ തുടങ്ങി രൂപതയുടെ വടക്ക്- കിഴക്കന്‍ മേഖലകളിലേക്ക് ചെന്നെത്തുന്ന ആ മിഷന്‍ എന്റെ ഒരു സ്വപ്‌നമായിരുന്നു. ഇതിന്റെ ഭാഗമായി തൃശൂരിന് സമീപത്തായി കുട്ടനെല്ലൂരില്‍ ഒരു പള്ളി സ്ഥാപിച്ചു. ഇതിനോട് അനുബന്ധിച്ച് പിന്നീട് ഒരു സന്യാസിനിസഭയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ വികസനങ്ങള്‍ ഭാരതപ്പുഴ വരെ എത്തണമെന്നാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. അതുപോലെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിനടുത്ത് നല്ലൊരു ഹോസ്റ്റല്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനോടു ചേര്‍ന്ന് കുറച്ച് വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്നു. ഇത്തരത്തില്‍ രൂപതയുടെ അവികസിത പ്രദേശങ്ങളിലേക്കെല്ലാം വികസനം വ്യാപിപ്പിക്കണമെന്നും ചിതറിക്കപ്പെട്ട് കിടക്കുന്ന ലത്തീന്‍ സഭയിലെ ജനങ്ങളെ ഒരുമിച്ച് കൂട്ടണമെന്നുമുള്ള ഉദ്ദേശ്യമാണ് ഈ മിഷനുള്ളത്.

കോവിഡും പ്രളയവും മലയാളികള്‍ അത്ര പെട്ടന്നൊന്നും മറക്കില്ലാത്ത രണ്ട് അനുഭവങ്ങളാണ്? ഇവ രണ്ടിന്റെയും സമയത്ത് രൂപതയെ നയിച്ച പിതാവിന്റെ അനുഭവങ്ങള്‍ എങ്ങനെയുള്ളതായിരുന്നു?

കോവിഡിന്റെ സമയത്ത് രൂപതയിലെ എല്ലാ ദൈവാലയങ്ങളിലേക്കും കടന്ന് ചെന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുവേണ്ടി കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. അതുപോലെ കോവിഡ് കാലത്ത് ക്രിസ്മസ് ദിവ്യബലി ദൈവാലയത്തിന് പുറത്ത് വച്ച് അര്‍പ്പിച്ചതിലൂടെ അനേകര്‍ക്ക് സാമൂഹ്യഅകലം പാലിച്ചുകൊണ്ട് ദിവ്യബലിയില്‍ പങ്കുചേരാന്‍ അവസരം ഒരുക്കി.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച മഹാപ്രളയവും ഒരു ജീവിതാനുഭവമാണ്. എല്ലാ ഇടവകകളും സന്യസ്തരും വൈദികരും എല്ലാവരും പങ്കുചേര്‍ന്ന് ജനങ്ങളെ രക്ഷിച്ചെടുത്ത സമയമായിരുന്നു അത്. അന്ന് കേരളത്തിലെ ഏറ്റവും വലിയ ക്യാമ്പ് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തായിരുന്നു എന്നാണ് പത്രക്കാരൊക്കെ എഴുതിയിരുന്നത്. കാരണം പള്ളിയിരുന്ന സ്ഥലമുള്‍പ്പെടെ സ്‌കൂളും എല്ലാ ക്രിസ്തീയ സ്ഥാപനങ്ങളും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. വെള്ളം കയറാത്ത എല്ലാ സ്ഥലങ്ങളും തുറന്നുകൊടുത്തപ്പോള്‍ പതിനേഴായിരത്തോളം പേരാണ് അന്ന് കോട്ടപ്പുറത്തെ ക്യാമ്പില്‍ അഭയം പ്രാപിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ നടത്തിയ കിച്ചനില്‍ നിന്ന് എല്ലാവര്‍ക്കുമുള്ള ഭക്ഷണം ലഭ്യമാക്കി. കൂടാതെ വസ്ത്രവും മറ്റ് ആവശ്യവസ്തുക്കളും എല്ലാവര്‍ക്കും എത്തിച്ച് നല്‍കി. സ്‌കൂളുകളിലെ ടോയ്‌ലറ്റുകള്‍ കൂടാതെ സമീപത്തുള്ള വീടുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തുറന്നുകൊടുക്കാന്‍ അന്ന് ഞാന്‍ ആഹ്വാനം ചെയ്തു. അങ്ങനെ എല്ലാവരും ഒന്നിച്ചുള്ള ജീവിതം.

അവിടെ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും എല്ലാവരും ഒന്നിച്ച് സാധാരണ ഭക്ഷണം കഴിച്ച് ഒരുമയോടെ താമസിച്ചുകൊണ്ട് പറഞ്ഞു – ഈ കൂട്ടായ്മ നല്ലതാണ്. ചില കുടുംബങ്ങളുടെ വഴക്ക് അവിടെ വച്ച് മാറി. കാരണം ഒന്നിച്ച് കഴിയേണ്ട സാഹചര്യം വന്നപ്പോള്‍ വഴക്കുണ്ടാക്കിയിരുന്നവര്‍ക്ക് മിണ്ടാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായി. വര്‍ഷങ്ങളായി മിണ്ടാതിരുന്നവര്‍ സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞു ക്യാമ്പില്‍ നിന്ന് തിരിച്ചുപോയി. മറ്റ് രൂപതകളുടെയും കേരളത്തിന് പുറത്തുള്ള രൂപതകളുടെയും സഹായത്തോടെയാണ് ഇത്രയധികം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കാന്‍ സാധിച്ചത്.

വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്ന പിതാവിന്റെ മനസിലുള്ള ആശയങ്ങളും പദ്ധതികളും?
ഒരു മെത്രാന്റെ ജോലി രൂപതയിലെ ജനങ്ങള്‍ക്ക് വേണ്ടി അങ്ങേയറ്റം വരെ അധ്വാനിക്കുക എന്നതാണ്. രൂപത ഇല്ലെങ്കിലും അത് തുടരും. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് ചെയ്തുകൊടുക്കും. ജനങ്ങളുമായി കൂടുതല്‍ ഇടപഴുകുവാന്‍ സമയം വിനിയോഗിക്കും. പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമൊക്കെയായി സമയം മാറ്റി വയ്ക്കും. ലോകത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയുമൊക്കെ കൂടുതല്‍ പ്രാര്‍ത്ഥിക്കും.

ശാരീരികമായ ചില ക്ലേശങ്ങള്‍ അലട്ടുന്നുണ്ട്. അവ എടുത്തു മാറ്റുവാന്‍ ദൈവം തിരുമനസാകുന്നുവെങ്കില്‍ അവ മാറിപ്പോകട്ടെയെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. അല്ലെങ്കില്‍ അവ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അതുപോലെ ഞാന്‍ ചെയ്ത മറ്റ് ശുശ്രൂഷകളിലെയും കുറവുകള്‍ ആ സഹനങ്ങളിലൂടെ നീങ്ങിപ്പോകുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

യുവജനങ്ങളെയും അവരുടെ വിദ്യാഭ്യാസത്തെയും ഏറെ പ്രതീക്ഷയോടെയാണ് പിതാവ് നോക്കി കാണുന്നത്?

എനിക്ക് വ്യക്തിപരമായി കിട്ടിയ സംഭാവനകള്‍ – ബിഷപ്‌സ് സ്‌കോളര്‍ഷിപ്പ് – എന്ന പൊതുവായ പേരില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിനായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ 40 ലക്ഷം രൂപയാണുള്ളത്. അത് ഒരു 50 ലക്ഷം ആക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല രീതിയില്‍ പഠിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ മക്കള്‍ നമുക്ക് വലിയ പ്രചോദനമാണ്. അത്തരത്തിലൊരു കുട്ടിയെ എനിക്കറിയാം. അവള്‍ ഡോക്ടറാകുന്നതിനായി എന്‍ട്രന്‍സിന് എഴുതി. പക്ഷെ കിട്ടിയില്ല. എന്നാല്‍ അവള്‍ നല്ല ‘വിഷനുള്ള’ കുട്ടിയായിരുന്നു. അവള്‍ ഇങ്ങനെ വിചാരിച്ചു. ഞാന്‍ ഒരു മത്സ്യതൊഴിലാളിയുടെ മകളാണ്. എന്റെ അപ്പന്‍ മീന്‍പിടുത്തക്കാരനാണ്. അതുകൊണ്ട് ഫിഷറീസ് വിഷയമായി എടുത്ത് ഞാന്‍ കുസാറ്റില്‍ പഠിക്കും. അങ്ങനെ കുസാറ്റില്‍ അഡ്മിഷന്‍ കിട്ടി. അവിടെ ഇവളുടെ പഠനത്തിലുള്ള മികവ് മനസിലാക്കിയ ടീച്ചര്‍മാര്‍ ഒരു ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഇവളെ പ്രേരിപ്പിച്ചു. അതിന് അപേക്ഷിച്ച ആ കുട്ടിക്ക് ആ സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അവളോട് എല്ലാം ഓ.കെ ആയോ എന്ന് ചോദിച്ചു. പോകാനുള്ള ടിക്കറ്റിനുള്ള പൈസയൊഴികെ ബാക്കിയെല്ലാം ശരിയായി എന്നവള്‍ മറുപടി പറഞ്ഞു. ടിക്കറ്റിനുള്ള കാശിന് തന്റെ അപ്പന്‍ തന്ന മാല വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആ കുട്ടി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അവള്‍ക്കുവേണ്ടി ദൈവം ഒരുക്കിയതുപോലെ ടിക്കറ്റിന് ആവശ്യമായ പണം എന്റെ പക്കലുണ്ടായിരുന്നു. ഞാനത് അവള്‍ക്ക് നല്‍കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, ”ആ മാല അടുത്ത തവണ വരുമ്പോഴും കഴുത്തില്‍ തന്നെ കാണണം. അത് അപ്പന്‍ നിനക്കുവേണ്ടി കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അത് മത്സ്യതൊഴിലാളിയുടെ അധ്വാനത്തിന്റെ വിലയാണ്.” ഇന്ന് ജര്‍മ്മനി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളിലായിരുന്നുകൊണ്ടാണ് അവള്‍ തുടര്‍ ഗവേഷണവും പഠനവും നടത്തുന്നത്.

എന്‍ട്രന്‍സോ ലക്ഷ്യം വച്ച മറ്റേതെങ്കിലും കോഴ്‌സോ കിട്ടിയില്ലെന്ന് വിചാരിച്ച് വിഷമിക്കുന്ന കുട്ടികള്‍ക്ക് ഇവള്‍ നല്ലൊരു മാതൃകയാണ്. അങ്ങനെ വിഷമിക്കുന്നവരോട് ഞാന്‍ എപ്പോഴും പറയാറുണ്ട്. അത് കിട്ടിയാല്‍ കിട്ടട്ടെ. ഇല്ലെങ്കില്‍ അത് മാത്രമേ ലോകത്തില്‍ ഓപ്ഷനുള്ളൂ എന്ന് വിചാരിക്കരുത്. എത്രയോ സാധ്യതകളാണ് ദൈവം നമുക്ക് മുമ്പില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചിന്തിക്കണം.

വിഴിഞ്ഞം സമരത്തെയും കേരളത്തില്‍ ഇന്ന് തീരദേശജനത നേരിടുന്ന പ്രതിസന്ധികളെയും പിതാവ് എങ്ങനെയാണ് നോക്കി കാണുന്നത്?

വിഴിഞ്ഞം സമരം ഒരു ജീവന്‍-മരണ സമരമായിരുന്നു. തിരുവനന്തപുരം അതിരൂപത മുഴുവന്‍ ജനങ്ങളുടെ കൂടെനിന്നു. അതിന് രൂപത ഒരുപാട് സഹിക്കേണ്ടി വന്നു. ഇതില്‍ പങ്കെടുത്തവരെല്ലാം ഇന്നും സഹിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നാല്‍ ഒരുവനെ തള്ളിമാറ്റി നടത്തേണ്ട കാര്യമല്ല. എന്റെ അഭിപ്രായത്തില്‍ കടല്‍ത്തീരങ്ങളെല്ലാം കടലിന്റെ മക്കള്‍ക്കുള്ളതാണ്. അത് ടൂറിസത്തിനുവേണ്ടിയുള്ളതല്ല. ടൂറിസം, ഒപ്പം നടക്കട്ടെ, കുഴപ്പമില്ല.

കടലിന്റെ മക്കള്‍ക്ക് കടലില്‍ പോകാനും കടലുകൊണ്ട് ജീവിക്കുന്നവര്‍ക്ക് അധ്വാനിക്കുവാനുമുള്ള സ്ഥലം ആണ് കടല്‍ത്തീരം. അത് ഒഴിച്ചിട്ടിട്ട് വേണം മറ്റു വികസനങ്ങള്‍ അവിടെ നടത്താന്‍. തീരം തീരവാസികള്‍ക്കാണ്. മനുഷ്യരെന്ന നിലയില്‍ അന്തസോടെ ജീവിക്കാനുള്ള അര്‍ഹത എല്ലാവര്‍ക്കുമുണ്ട്. അത് ചെയ്തുകൊടുക്കാനുള്ള കടമ സര്‍ക്കാരിനുണ്ട്. അവര്‍ ഒന്നും ചെയ്യുന്നില്ല എന്ന് ആരും പറയുന്നില്ല. പക്ഷേ മുന്‍ഗണന കൊടുത്ത് ചെയ്യാന്‍ കഴിയണം.

പിതാവിന്റെ ചെറുപ്പകാലത്തെക്കുറിച്ചും ദൈവവിളിയെക്കുറിച്ചും പങ്കുവയ്ക്കാമോ?

എന്നെ ദൈവം വിളിക്കുന്നത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്. പള്ളിമുറ്റത്ത് ഞങ്ങള്‍ ഒരുമിച്ച് കൂടി ഫുട്‌ബോള്‍ കളിക്കുമായിരുന്നു. പുതിയ വികാരിയച്ചനായി ഫാ.പോള്‍ ലൂയിസ് വന്നപ്പോള്‍ അദ്ദേഹം അവിടെ കളി കാണാന്‍ വരുകയും കുട്ടികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ അമ്മയുടെ കണ്ണു വെട്ടിച്ച് പതിവായി ഞാന്‍ ഫുട്‌ബോള്‍ കളിക്കാന്‍ വന്ന് തുടങ്ങി. അന്ന് നന്നായി ഫുട്‌ബോള്‍ കളിക്കും.
ഒരു ദിവസം അച്ചന്‍ എന്നെ വിളിച്ച് നിനക്ക് സെമിനാരിയില്‍ ചേരണോ? അച്ചനാകണോ? എന്ന് ചോദിച്ചു. അന്ന് ഞാന്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ആ സമയത്ത് എട്ടാം ക്ലാസില്‍ സെമിനാരിയില്‍ ചേരാം. എന്താണ് സെമിനാരി എന്ന് ഒന്നും ഞാന്‍ ചോദിച്ചില്ല. പകരം എനിക്ക് സെമിനാരിയില്‍ ചേരണം, അച്ചനാകണം എന്നാണ് അന്ന് ഉത്തരം പറഞ്ഞത്.

തിരിച്ച് വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ ഇങ്ങനെ ചോദിച്ചു, ”നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നുത്?”. ”ഞാന്‍ പോകുമമ്മേ!” എന്നായിരുന്നു എന്റെ മറുപടി. അങ്ങനെ അച്ചനിലൂടെയാണ് എന്റെ സെമിനാരി പ്രവേശനം സാധ്യമായത്. സെമിനാരിയില്‍ പ്രവേശിച്ച ആദ്യ നാളുകളില്‍ അമ്മയെ കാണാന്‍ പറ്റാത്ത വേദനയില്‍ പല ദിവസങ്ങളില്‍ ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. എങ്കിലും പിടിച്ചുനിന്നു. ഞാന്‍ മെത്രാനാകുന്നതും കണ്ടശേഷമാണ് അമ്മ മരിക്കുന്നത്.

സഭ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കാലഘട്ടത്തില്‍ സഭക്ക് രാഷ്ട്രീയം പാടില്ല എന്ന വാദത്തെക്കുറിച്ച് പിതാവിന്റെ അഭിപ്രായം എന്താണ്?

സഭയുടെ നിയമമനുസരിച്ച് ജീവിക്കുമ്പോഴും രാഷ്ട്രീയത്തില്‍ പങ്കുകൊള്ളണം എന്നതാണ് സഭയുടെ പഠനം. എല്ലാ രംഗത്തും മുന്നേറാന്‍ സഭയുടെ മക്കള്‍ ശ്രദ്ധിക്കണം. ഒരു പാര്‍ട്ടിയും നമുക്ക് നിഷിദ്ധമല്ല. എല്ലാ പാര്‍ട്ടിയിലും സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ ഉണ്ടാകണം. അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്തണം.
ലത്തീന്‍ സഭയുടെ ചടങ്ങുകള്‍ക്ക് മന്ത്രിമാരെ ക്ഷണിച്ചാല്‍ ആദ്യം സംസാരിക്കുന്നത് സഭാപ്രതിനിധികളായിരിക്കും. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവര്‍ കേള്‍ക്കണം. അവര്‍ പ്രസംഗം പറഞ്ഞിട്ട് ഉടനേ പോകുന്നത് ശരിയായ ശൈലിയല്ല.

വരാപ്പുഴ അതിരൂപതയിലെ കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവകയില്‍ പരേതരായ കാരിക്കശേരി ഫ്രാന്‍സിസ്-ആഗ്‌നസ് ദമ്പതികളുടെ മകനായി 1946 ഫെബ്രുവരി 13 നാണ് ജോസഫ് കാരിക്കശേരിയുടെ ജനനം. 1973 ഡിസംബര്‍ 19 ന് പൗരോഹിത്യം സ്വീകരിച്ചു. 2006 ഡിസംബര്‍ 28 ന് വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാനായി ഡോ. കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു. വിശുദ്ധിയോടെയും കാര്യക്ഷമതയോടെയും എല്ലാ ചുമതലകളും പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ സ്‌നേഹവും വാത്സല്യവും അനുഭവിച്ച വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ പുതിയ സ്വപ്‌നങ്ങള്‍ കാണാനും തന്റെ ദൗത്യം തുടരാനും ഈ ഇടയന് കരുത്തുപകരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?