Follow Us On

22

January

2025

Wednesday

ഗബ്രിയേൽ അവാർഡ് ഉൾപ്പെടെ 12 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ശാലോം മീഡിയ

ഗബ്രിയേൽ അവാർഡ് ഉൾപ്പെടെ 12 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ശാലോം മീഡിയ

ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. നോർത്ത് അമേരിക്കയിലെ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ സംഘടനയാണ് ‘കാത്തലിക് മീഡിയ അസോസിയേഷൻ’.

ഗബ്രിയേൽ അവാർഡുകളിൽ ഒരു ഒന്നാം സ്ഥാനവും ഒരു റണ്ണർ അപ്പ് സ്ഥാനവും നേടിയ ശാലോം വേൾഡ്, കാത്തലിക് മീഡിയ അവാർഡുകളിൽ രണ്ട് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഒരു പ്രത്യേക ജൂറി പരാമർശവും കരസ്ഥമാക്കി. കാത്തലിക് പ്രസ് അവാർഡ് വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും മൂന്ന് പ്രത്യേക ജൂറി പരാമർശവുമാണ് ശാലോം ടൈംഡിംഗ്‌സ് നേടിയത്. ഇ.ഡബ്ല്യു.ടി.എൻ, കാത്തലിക് ന്യൂസ് ഏജൻസി, കാത്തലിക് ന്യൂസ് സർവീസ്, കാത്തലിക് കൊറിയർ, കാത്തലിക് റിവ്യു, ദ അർലിംഗ്ടൺ കാത്തലിക് ഹെറാൾഡ്, അമേരിക്ക മാഗസിൻ എന്നിവ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കൊപ്പം മത്സരിച്ചാണ് ശാലോമിന്റെ അവാർഡ് നേട്ടമെന്നതും ശ്രദ്ധേയം.

ശാലോം ടൈഡിംഗ്‌സ് ലോകമെമ്പാടുമുള്ള ജയിലുകളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ ‘സ്‌പോൺസർ എ പ്രിസൺ’ പരസ്യമാണ് ‘ബെസ്റ്റ് പ്രമോഷണൽ ഹൗസ് അഡ്വർടൈസ്മെന്റ്’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യെലൻ ഹൊഗാർട്ടി എഴുതിയ ലേഖനവും (When God Threw me a Curve Ball) ‘ബെസ്റ്റ് എസേ’ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. വലിയനോമ്പിനോട് അനുബന്ധിച്ച് തയാറാക്കിയ പേജ് ഡിസൈനാണ് ‘ബെസ്റ്റ് ലേ ഔട്ട് ഓഫ് ആർട്ടിക്കിൾ കോളം’ വിഭാഗത്തിൽ ശാലോം ടൈഡിംഗ്സിന് രണ്ടാം സ്ഥാനം സമ്മാനിച്ചത്. ആഞ്ചല  ജോൺസണാണ് ഡിസൈനർ.

മാഗസിൻ ഓഫ് ദ ഇയർ, ബെസ്റ്റ് സ്റ്റോറി ആൻഡ് ഫോട്ടോ പാക്കേജ്, ബെസ്റ്റ് ഇന്റർവ്യൂ എന്നീ വിഭാഗങ്ങളിലാണ് പ്രത്യേക ജൂറി പരാമർശങ്ങൾ. ഫാഷൻ മോഡലിംഗ് രംഗത്തോട് വിടപറഞ്ഞ് കാത്തലിക് സ്പീക്കറായി മാറിയ ലീയാ ഡാരോയുടെ മാനസാന്തരാനുഭവം പങ്കുവെക്കുന്ന അഭിമുഖമാണ് (Special Interview with Leah Darrow: From Top Model to Role Model) ‘ബെസ്റ്റ് ഇന്റർവ്യൂ’ വിഭാഗത്തിൽ ജൂറിയുടെ പരാമർശത്തിന് അർഹമായത്. ദൈവത്തേക്കാൾ ശാസ്ത്രത്തിന് പ്രാധാന്യം കൽപ്പിച്ചിരുന്ന യുവ ഭൗതീക ശാസ്ത്രജ്ഞൻ ക്രിസ്റ്റ്യൻ സൈമണിന്റെ ദൈവാനുഭവവും മാനസാന്തരവും സാക്ഷ്യപ്പെടുത്തുന്ന ഫീച്ചറും ഫോട്ടോയുമാണ് (What Physics Could Not Give Me: The Question of Why) ‘ബെസ്റ്റ് സ്റ്റോറി ആൻഡ് ഫോട്ടോ പാക്കേജ്’ വിഭാഗത്തിൽ ജൂറിയുടെ പരാമർശം നേടിയത്.

ജീവിതംകൊണ്ട് സഭയ്ക്കും സമൂഹത്തിനും മഹത്തായ സംഭാവനകൾ നൽകി കടന്നുപോയ ശ്രേഷ്ഠവ്യക്തിത്വങ്ങളെ പരിചയപ്പെടുത്താൻ ശാലോം വേൾഡ് ഒരുക്കുന്ന ‘ഗ്ലോറിയസ് ലൈവ്‌സ്’ പരമ്പരയിൽ ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തെ കുറിച്ച് ചെയ്ത ഡോക്യുഫിക്ഷനാണ് (India’s First Layman-Martyr Saint – St. Lazarus Devasahayam) ഗബ്രിയേൽ അവാർഡ്‌സിലെ ‘ബെസ്റ്റ് യൂസ് ഓഫ് സൗണ്ട് ഫോർ ടെലിവിഷൻ’ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ലിന്റോ ഡേവിസാണ് സൗണ്ട് എഞ്ചിനീയർ. റോബിൻ വർഗീസാണ് പ്രൊഡ്യൂസർ; കോ പ്രൊഡ്യൂസർ ജിത്തു രാജ്.

അസാധാരണമായ ക്ഷമയുടെ സാക്ഷ്യങ്ങൾ പരിചയപ്പെടുത്തുന്ന ‘സെവന്റി ടൈംസ് സെവൻ’ പരമ്പരയിൽ തന്റെ അമ്മയുടെ കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച ജിം ബഫിംഗ്ടണിന്റെ സാക്ഷ്യം പങ്കുവെച്ച എപ്പിസോഡിനാണ് (Forgiving their Mother’s Murderer) ‘സിംഗിൾ സ്റ്റോറി’ വിഭാഗത്തിൽ ഗബ്രിയേൽ അവാർഡ്‌സ് റണ്ണർ അപ്പ് പുരസ്‌ക്കാരം. മെസ്മിൻ സന്തോഷാണ് പ്രൊഡ്യൂസർ; റോബിൻ വർഗീസാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.

ഓട്ടിസ്റ്റിക്കായ സഹോദരനോടുള്ള ആദരവെന്നോണം, ഓട്ടിസ്റ്റിക് അവസ്ഥ നേരിടുന്ന അനേകായിരങ്ങൾക്ക് അനുഗൃഹപ്രഥമായ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച സഹോദരിയെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രോഗാമാണ് (GIFT: Amilyn Thomas: Tribute to Her Brother) കാത്തലിക് മീഡിയ അവാർഡ്‌സിലെ ‘പ്രോ ലൈഫ് ആക്ടിവിറ്റീസ്’ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്. റോബിൻ വർഗീസാണ് പ്രൊഡ്യൂസർ; ഫെലിക്‌സ് വർഗീസ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. വിവിധ മിനിസ്ട്രികളെ പരിചയപ്പെടുത്തുന്ന ‘ഇൻ ടു ദ ലൈറ്റ് പരമ്പരയിലെ ‘ബ്രിഡ്ജസ് ടു ലൈഫ്’ (When Were You in Prison, Lord? | Bridges to Life) എന്ന എപ്പിസോഡിനാണ് ‘സോഷ്യൽ ജസ്റ്റീസ് ഇഷ്യു’ വിഭാഗത്തിൽ രണ്ടാം സ്ഥാനം. മെസ്മിൻ സന്തോഷാണ് പ്രൊഡ്യൂസർ; റോബിൻ വർഗീസ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.

ക്രിസ്ത്യൻ മ്യൂസിക്കൽ ബാൻഡുകളെയും സംഗീതജ്ഞരെയും പരിചയപ്പെടുത്തുന്ന ‘ബീറ്റസ്’ പരമ്പരയിൽ ദ സിംമ്പൽ എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റ്യൻ ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് ബ്രാൻഡൻ മോറലിനെ ഫീച്ചർ ചെയ്ത എപ്പിസോഡിനാണ് (Bringing Hip-Hop to Catholic Faith | The Symbol | Brandon Morel) ‘ഫീച്ചർ’ വിഭാഗത്തിൽ മൂന്നാം സ്ഥാനം. റോബിൻ വർഗീസാണ് പ്രൊഡ്യൂസർ; ജീവ്. ടി വർഗീസ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ‘ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് പ്രൊവിൻസി’നെ കുറിച്ച് തയാറാക്കിയ സ്‌പെഷൽ പ്രോഗ്രാമാണ് (Sisters, Best Friends, Community | Dominican Sisters of Mary Immaculate Province) ജൂറിയുടെ പ്രത്യേക പരാമർശം നേടിയത്. മെസ്മിൻ സന്തോഷാണ് പ്രൊഡ്യൂസർ; ഫെലിക്‌സ് വർഗീസ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.

2014 ഏപ്രിൽ 27ന് പ്രക്ഷേപണം ആരംഭിച്ച ‘ശാലോം വേൾഡ്’ ഇന്ന് 145ൽപ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ട്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ ആൻഡ് ആഫ്രിക്ക ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകൾക്കൊപ്പം ‘ശാലോം വേൾഡ് പ്രയർ’ ചാനലും സംപ്രേഷണം ചെയ്യുന്നുണ്ട്. സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും SHALOM WORLD ലഭ്യമാണ്. ടി.വിയിലും മൊബൈൽ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക www.shalomworld.org

മലയാളത്തിലെ പ്രമുഖ ആത്മീയ പ്രസിദ്ധീകരണമായ ‘ശാലോം ടൈംസി’നുശേഷം തുടക്കം കുറിച്ച ‘ശാലോം ടൈഡിംഗ്‌സ്’ ഇംഗ്ലീഷിനു പുറമെ ജർമൻ ഭാഷയിലും ഇപ്പോൾ പ്രിന്റ് ചെയ്യുന്നുണ്ട്. കൂടാതെ, വെബ്‌സൈറ്റിലും മൊബൈൽ അപ്പിലും ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്‌, ചൈനീസ് ട്രഡീഷണൽ, ചൈനീസ് സിംപ്ലിഫൈഡ്, അറബിക്, മലയാളം, തമിഴ്, ഹിന്ദി, പോർച്ചുഗീസ്, തഗാലോഗ് ഭാഷകളിൽ ലഭ്യമാണ്. മൊബൈൽ ആപ്പിൽനിന്ന് ഇതുവരെ പ്രസിദ്ധീകരിച്ച ലക്കങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശാലോം ടൈഡിംഗ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക IOS Android

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?