Follow Us On

31

October

2024

Thursday

ആരാണ് സോഷ്യല്‍ മീഡിയയിലെ ‘എന്റെ അയല്‍ക്കാരന്‍’?

ആരാണ് സോഷ്യല്‍ മീഡിയയിലെ ‘എന്റെ അയല്‍ക്കാരന്‍’?

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എപ്രകാരമുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് അടുത്തിടെ വത്തിക്കാന്‍ പുറത്തിറക്കിയ അജപാലന വിചിന്തനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത് – ആരാണ് സോഷ്യല്‍ മീഡിയയിലെ എന്റെ അയല്‍ക്കാരന്‍?. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന സുവിശേഷത്തിലെ പ്രധാനപ്പെട്ട കല്‍പ്പന സോഷ്യല്‍ മീഡിയയിലും ബാധകമാണെന്ന് ഓര്‍മിപ്പിക്കുന്ന ഈ ലേഖനം സുപ്രധാനമായ മറ്റ് ചില ചോദ്യങ്ങളും നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നു – വിശ്വാസത്തിന്റെ അടയാളവും പ്രകടനവുമായി സോഷ്യല്‍ മീഡിയയിലെ നമ്മുടെ (ക്രൈസ്തവരുടെ) ഇടപെടലുകള്‍ മാറുന്നുണ്ടോ? ഇന്റര്‍നെറ്റ് അഥവാ സോഷ്യല്‍ മീഡിയ എന്ന ‘വാഗ്ദത്ത ഭൂമി’ യഥാര്‍ത്ഥത്തില്‍ നമുക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ?.

സോഷ്യല്‍ മീഡിയയുടെ സാധ്യതകളും വെല്ലുവിളികളും അത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇന്ന് വളരെയധികം ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണ മനുഷ്യര്‍ ചിലവിടുന്ന ശരാശരി സമയത്തിന്റെ ദൈര്‍ഘ്യവും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പല പ്രവണതകളും കണക്കിലെടുക്കുമ്പോള്‍ ഈ മേഖലയില്‍ എത്ര ശ്രദ്ധ കൊടുത്താലും അത് അധികമാകില്ല. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ‘ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍’ പുറത്തിറക്കുന്ന വിചിന്തനം ഏറെ പ്രസക്തമാകുന്നത്.
ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ഇടം എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളിലെ നമ്മുടെ ബന്ധങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ദൈവവുമായും നാം ഇടപെടുന്നവരുമായും ചുറ്റുപാടുകളുമായുമുള്ള ബന്ധമാണ് അവ. അതില്‍ ദൈവവുമായുള്ള ബന്ധമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റുള്ളവരുമായും (സോഷ്യല്‍ മീഡിയയിലൂടെ നാം കണക്റ്റ് ചെയ്യുന്നവര്‍) നമ്മുടെ ചുറ്റുപാടുകളുമായുള്ള ബന്ധത്തില്‍ ദൈവവുമായുള്ള ബന്ധം പ്രതിഫലിപ്പിക്കാന്‍ ഒരോ ക്രൈസ്തവനും സാധിക്കണം. ഇതിന് ഇന്റര്‍നെറ്റ് എന്ന ‘ഡിജിറ്റല്‍ ഹൈവേയും’ സാമൂഹ്യമാധ്യമങ്ങളും പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ചും അവയിലെ ചതിക്കുഴികളെക്കുറിച്ചും അവബോധമുള്ളവരായി നാം മാറേണ്ടതുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും തീവ്രവാദപരമായ ആശയങ്ങള്‍ക്ക് പ്രചുരപ്രചാരം നല്‍കാനും ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരോ വ്യക്തിയും ഒരേ സമയം ഉപഭോക്താവും ഉത്പന്നവുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വത്തിക്കാന്‍ മുന്നറിപ്പ് നല്‍കുന്നു.

മനുഷ്യര്‍ തമ്മില്‍ ഡിജിറ്റലായി കണ്ടുമുട്ടുവാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇടങ്ങളായാണ് സോഷ്യല്‍ മീഡിയ രൂപകല്‍പ്പന ചെയ്യപ്പെട്ടത്. എന്നാല്‍ ഇന്ന് സംഭവിക്കുന്നതുപോലെ വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ തമ്മില്‍ ചേരി തിരിഞ്ഞാക്രമിക്കാനും നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായതിനോടതെല്ലാം രൂക്ഷമായി പ്രതികരിക്കുവാനുമുള്ള പ്രലോഭനം സാമൂഹ്യമാധ്യമങ്ങള്‍ വച്ച് നീട്ടുന്നുണ്ട്. ക്രിസ്തുവിന്റെ കരുണാകടാക്ഷം അനുഭവിച്ചറിഞ്ഞ ക്രിസ്ത്യാനി അതിന് വഴങ്ങിക്കൊടുക്കാന്‍ ബാധ്യസ്ഥനല്ല എന്ന് വത്തിക്കാന്റെ ലേഖനം അടിവരയിടുന്നു.
യേശു പറഞ്ഞ നല്ല സമറയാന്റെ ഉപമയില്‍ ഏറ്റവും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നാണ് യഹൂദനായ മനുഷ്യന് സഹായം ലഭിക്കുന്നത്. ശത്രുവിഭാഗത്തിലെ അംഗമായിരുന്ന സമറായക്കാരന്‍ മറുവിഭാഗത്തില്‍പ്പെട്ട വ്യക്തിയായിട്ടല്ല, മറിച്ച് സഹായം ആവശ്യമുള്ള വ്യക്തിയായിട്ട് മാത്രമാണ് കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട മനുഷ്യനെ കാണുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ‘സോഷ്യല്‍ വിടവ്’ നികത്താന്‍ നല്ല സമറായന്റെ ഉപമ നമുക്ക് പ്രചോദനമാകണം. ആശയങ്ങള്‍ തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടിനുമപ്പുറം അപരനില്‍ തന്നെത്തന്നെ കണ്ടെത്താന്‍ സാധിക്കണം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട മനുഷ്യനും സമറിയാക്കാരനും തമ്മില്‍ എന്തെങ്കിലും സംസാരിക്കുന്നതായി നാം കാണുന്നില്ല. വാക്കുകളില്ലാത്തപ്പോഴും തുറവിയുടെ മനോഭാവത്തിലും അപരനെ സ്വീകരിക്കാനുള്ള സന്നദ്ധതയിലും കണ്ടുമുട്ടല്‍ സംഭവിക്കുന്നുണ്ട്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണെന്നുള്ള മുന്‍വിധി ഇല്ലാതെ ആവശ്യത്തിലിരിക്കുന്ന വ്യക്തിയെ കരുതാനും ശ്രവിക്കാനും സമറിയാക്കാരന്‍ തയാറാകുന്നു. ഇതുപോലെ ഡിജിറ്റല്‍ ലോകത്ത് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരുടെ മൂല്യവും അന്തസ്സും മനസിലാക്കുവാന്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. സുരക്ഷിതവലയത്തില്‍ നിന്ന് പുറത്തുകടന്നുകൊണ്ട് ബോധപൂര്‍വം നാം ബന്ധപ്പെടുന്നവരുടെ വീക്ഷണങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ സാമൂഹ്യമാധ്യമങ്ങളില്‍ നല്ല അയല്‍ക്കാരനാകുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

സാമൂഹ്യമാധ്യമങ്ങളെ ‘ജറുസലേമില്‍ നിന്ന് ജറീക്കോയി’ലേക്കുള്ള പാതയായി നമുക്ക് മനസിലാക്കാം. മുറിവേറ്റ് വഴിയില്‍ കിടക്കുന്ന യാത്രക്കാരനെയും, തങ്ങളെ സഹായിക്കണമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ‘അന്ധയാചകരെയും’, വ്യാജ പേരുകളില്‍ ഓണ്‍ലൈന്‍ ലോകത്ത് ഒളിച്ചിരിക്കുന്ന ‘സക്കേവൂസി’നെയും, ഭക്തിയുടെ ബാഹ്യരൂപം മാത്രം നിലനിര്‍ത്തുന്ന തീവ്രവാദികളായ ‘ഫരിസേയരെ’യും, അവിടെ കാണാന്‍ സാധിക്കും. ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുന്നതോടൊപ്പം അവരുടെ മുറിവുകള്‍ കണ്ട് മനസിലാക്കി അവരെ ശ്രവിക്കാനും പരിപാലിക്കാനും സമയം കണ്ടെത്തുമ്പോഴാണ് നല്ല അയല്‍ക്കാരനായി നാം മാറുന്നത്.

മറ്റുള്ളവരുടെ വേദന മനസിലാക്കി അവരെ സഹതാപത്തോടെ നോക്കാന്‍ സാധിക്കുന്ന നിമിഷം നമ്മുടെ സ്ഥാനം വഴിയാത്രക്കാരനില്‍ നിന്ന് നല്ല സമറയാന്റെ നിലയിലേക്ക് ഉയരും. ‘സത്യാനന്തര’മെന്നും വ്യാജവാര്‍ത്തകളുടെ ലോകമെന്നും വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യമാധ്യമങ്ങളുടെ ലോകത്ത് നടത്തുന്ന എല്ലാ സമ്പര്‍ക്കങ്ങളുടെയും മാതൃകയായി ‘വഴിയും സത്യവും ജീവനുമായ’ യേശുക്രിസ്തു മാറട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?