Follow Us On

16

January

2025

Thursday

മലേഷ്യയിലെ മലയാളി കര്‍ദിനാള്‍

മലേഷ്യയിലെ  മലയാളി കര്‍ദിനാള്‍

ഫാ. റോക്കി റോബി കളത്തില്‍
(ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒ ആണ്)

പുതിയ 21 കര്‍ദിനാള്‍മാരില്‍ ഒരാളായ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കോട്ടപ്പുറം രൂപതയിലെ ഫാ. ഡയസ് ആന്റണി വലിയ മരത്തുങ്കലിന്റെസുഹൃത്താണ്‌. കാരുണ്യവര്‍ഷ ത്തോടനുബന്ധിച്ച് ലോകത്തിലെ എല്ലാ രൂപതകളിലും കരുണയുടെ കവാടങ്ങള്‍ തുറന്നിരുന്നു. അങ്ങനെയാണ് ഫാ. ഡയസിന് മലേഷ്യയിലെ പെനാംഗ് രൂപതയിലേക്ക് ക്ഷണം ലഭിച്ചത്.

പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ കര്‍ദിനാള്‍ പദവി പ്രഖ്യാപനം കേരളക്കരയും അഭിമാനത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ 1890-കളില്‍ തൃശൂര്‍ അതിരൂപതയിലെ ഒല്ലൂരില്‍നിന്നും മലേഷ്യയിലേക്ക് കുടിയേറിയവരാണ്. ജൂലൈ ഒമ്പതിനാണ് ഫ്രാന്‍സിസ് പാപ്പ 21 കര്‍ദിനാള്‍മാരുടെ പ്രഖ്യാപനം നടത്തിയത്. കോട്ടപ്പുറം രൂപതയുടെയും രൂപതാ വൈദികനായ ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കലിന്റെയും സുഹൃത്തുകൂടിയാണ് പുതിയ കര്‍ദിനാള്‍.

മലേഷ്യയിലെ റോമന്‍ കത്തോലിക്ക ലത്തീന്‍ രൂപതയായ പെനാംഗിന്റെ മെത്രാനാണ് 2012 മുതല്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്. മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണയ് എന്നിവിടങ്ങളിലെ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സോഷ്യല്‍ കമ്യൂണിക്കേഷന്‍ വിഭാഗം ചെയര്‍മാനുമാണ്. വത്തിക്കാനില്‍ സെപ്റ്റംബര്‍ 30ന് ചേരുന്ന കണ്‍സിസ്റ്ററിയില്‍വച്ച് പുതിയ കര്‍ദിനാള്‍മാര്‍ക്ക് സ്ഥാനചിഹ്നങ്ങള്‍ നല്‍കും.

പെനാംഗിലേക്ക് ഒരു ക്ഷണം
കത്തോലിക്കാ സഭ കാരുണ്യവര്‍ഷമായി ആഘോഷിച്ച 2015-2016 കാലഘട്ടത്തില്‍ കരുണയുടെ അപ്പോസ്തലന്മാരായി ചില വൈദികരെ വത്തിക്കാന്‍ നിയമിച്ചിരുന്നു. അങ്ങനെ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിരലിലെണ്ണാവുന്നവരില്‍ ഒരാളായിരുന്നു കോട്ടപ്പുറം രൂപതാംഗമായ ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കല്‍. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ലോകത്തിലെ എല്ലാ രൂപതകളിലും കരുണയുടെ കവാടങ്ങള്‍ തുറന്ന് നിരവധി ആന്മീയ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അങ്ങനെയാണ് ഫാ. ഡയസിന് മലേഷ്യയിലെ പെനാംഗ് രൂപതയിലേക്ക് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ ക്ഷണം ലഭിക്കുന്നത്.

അന്നത്തെ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരിയുടെ അനുവാദത്തോടെ ഫാ. ഡയസ് പെനാംഗ് രൂപതയില്‍ പത്തോളം ഇടവകകളില്‍ ധ്യാനവും ക്ലാസുകളും കുമ്പസാരവുമായി ദൈവകരുണയുടെ അപ്പോസ്തലനായി ഒരു മാസക്കാലം ചെലവഴിച്ചു. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസുമായുള്ള സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ എത്തിയപ്പോഴൊക്കെ ഫാ. ഡയസുമായുള്ള സൗഹൃദവും വളര്‍ന്നുകൊണ്ടിരുന്നു.
ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന് കേരളത്തില്‍ പലതവണ ആദിത്യമരുളാന്‍ ഫാ. ഡയസിന് ഭാഗ്യം ലഭിച്ചു. കുഞ്ഞിതൈ സെന്റ് ഫ്രാന്‍സിസ് ഇടവകയില്‍ ഫാ. ഡയസ് വികാരിയായിരിക്കെ അദ്ദേഹം ഇടവക സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. അച്ചനോടൊപ്പം പലയിടങ്ങളിലേക്കും പിതാവ് യാത്ര ചെയ്തു. ആലുവ കാര്‍മല്‍ഗിരി സെമിനാരിയും പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അമ്മ തനിക്കു വേണ്ടി അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ അമ്പെടുത്തു വയ്ക്കാമെന്നുള്ള നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് അത് പൂര്‍ത്തീകരിക്കാനായി അര്‍ത്തുങ്കലും ബിഷപ് സെബാസ്റ്റ്യന്‍ സന്ദര്‍ശിച്ചു.

കാരുണ്യഭവനങ്ങള്‍
തൃശൂര്‍ തിരുഹൃദയ ലത്തീന്‍ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിനിടയ്ക്കാണ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കേരളത്തിലെത്തിയതായി അറിഞ്ഞത്. ഡയസ ച്ചനിലൂടെ അദ്ദേഹവുമായി ബന്ധപ്പെട്ട് തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ വൈകുന്നേരത്തെ ഇംഗ്ലീഷ് ഭാഷയിലുള്ള ദിവ്യബലി അര്‍പ്പിക്കാമോ എന്ന് ചോദിച്ചു. ഇക്കാര്യം ചോദിച്ചത് തിരുനാളിന് മൂന്നുനാലു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും അദ്ദേഹം ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. തൃശൂരിലെ ചാക്യാര്‍ കടവിലും വരന്തരപ്പിള്ളിയിലുമായി തിരുനാള്‍ സ്മാരകമായി നിര്‍മ്മിച്ചു നല്‍കിയ രണ്ട് കാരുണ്യ ഭവനങ്ങളുടെ ആശീര്‍വാദവും നടത്തി. ഭാഷാ പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും രണ്ടു വീടുകളിലും ഉണ്ടായിരുന്നവരോട് കഴിയുന്ന വിധത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.

തിരുവനന്തപുരത്ത് വേരുകളുള്ള മലേഷ്യയില്‍ നിന്നുള്ള സീനിയര്‍ വൈദികന്‍ ഫാ. മാര്‍സലും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്‌ശേഷം ലൂര്‍ദ്ദ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന് ആഘോഷമായ സ്വീകരണം നല്‍കിയതും ഓര്‍ക്കുന്നു. തോമാശ്ലീഹയുടെ ഭാരത പ്രവേശന ജൂബിലിയുടെ സമാപനാഘോഷങ്ങള്‍ക്ക് 2022-ല്‍ പാലയൂരില്‍ അദ്ദേഹം എത്തിയിരുന്നു.

സ്‌നേഹത്തോടും കാരുണ്യത്തോടും കരുതലോടുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. കുട്ടികളോടെല്ലാം വളരെ വാത്സല്യത്തോടെയാണ് ഇടപെട്ടത്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവുമെല്ലാം അന്ന് ജനഹൃദയങ്ങളെ കീഴടക്കിയത് ഓര്‍ക്കുന്നു. അതുപോലെ ഡയസച്ചനെ സന്ദര്‍ശിച്ച മറ്റൊരവസരത്തില്‍ കോട്ടപ്പുറം രൂപതയിലെ ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍ ഇടവക നിര്‍മ്മിച്ചു നല്‍കിയ കാരുണ്യഭവനത്തിന്റെ ആശിര്‍വാദവും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നിര്‍വഹിച്ചു.

മലേഷ്യയിലേക്കുള്ള യാത്ര
ഇന്നത്തെ മലേഷ്യയിലേക്ക് (അന്ന് മലയ) കുടിയേറിയവരാണ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ പൂര്‍വികര്‍. ഒല്ലൂര്‍ മേച്ചേരി കുടുംബാംഗമായിരുന്നു പിതാവ് ജോസഫ് ഫ്രാന്‍സിസ്. അദ്ദേഹം വിവാഹം കഴിച്ചത് തൃശൂര്‍ കൊള്ളന്നൂര്‍ കുടുംബാംഗമായ മേരിയെ ആയിരുന്നു. ഫെഡറേഷന്‍ ഓഫ് മലാക്കയുടെ ഭാഗമായിരുന്ന ജോഹോറില്‍ 1951 നവംബര്‍ 11 നാണ് ബിഷപ് ഡോ. സെബാസ്റ്റ്യന്റെ ജനനം.1967ല്‍ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1977 ജൂലൈ 28-ന് ഇരുപത്തിയാറാം വയസില്‍ മലാക്ക ജോഹോര്‍ രൂപയ്ക്കുവേണ്ടി വൈദികനായി. റോമിലും അമേരിക്കയിലും ഉപരിപഠനം നടത്തി. മലാക്ക ജോഹോര്‍ രൂപതയുടെ വികാരി ജനറലായിരിക്കെ 2012 ജൂലൈ 7 ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ പെനാംഗ് രൂപതയുടെ മെത്രാനായി നിയമിക്കുകയായിരുന്നു. 2012 ആഗസ്റ്റ് 20 ന് മെത്രാനായി അഭിഷിക്തനായത്.

മലേഷ്യയിലെ കത്തോലിക്കരുടെ എണ്ണം ഏകദേശം 12 ലക്ഷമാണ്. ജനസംഖ്യയുടെ 3.58 ശതമാനം വരും. മലേഷ്യയില്‍ മൂന്ന് അതിരൂപതകളുണ്ട്. ഓരോ അതിരൂപതയ്ക്ക് കീഴിലും രണ്ടു വീതം സാമന്ത രൂപതകളും ഉണ്ട്. കുലാലമ്പൂര്‍ അതിരൂപതയുടെ കീഴിലുള്ള രൂപതയാണ് പെനാംഗ്. മലാക്ക അതിരൂപതയില്‍ നിന്നാണ് 1955 ഫെബ്രുവരി 25 ന് പെനാംഗ് രൂപത നിലവില്‍വന്നത്. ബിഷപ് ഡോ. ഫ്രാന്‍സിസ് ചാന്‍ ആയിരുന്നു ആദ്യ ബിഷപ്. രൂപതയുടെ അഞ്ചാമത്തെ മെത്രാനാണ് നിയുക്ത കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്. രൂപതയില്‍ 29 ഇടവകകളും 77 ചാപ്പലുകളുമാണുള്ളത്. പെനാംഗിലെ ഗല്‍ഗോര്‍ ഹോളി സ്പിരിറ്റ് ദൈവാലയമാണ് ഇപ്പോഴത്തെ കത്തീഡ്രല്‍.

നിലവില്‍ 62,000-ത്തോളം കത്തോലിക്കരാണ് രൂപതയില്‍ ഉള്ളത്. രൂപതാ അതിര്‍ത്തിക്കുള്ളിലുള്ള ആകെ ജനസംഖ്യയുടെ 1% ത്തില്‍ താഴെയാണ് ഇത്. 35 രൂപത വൈദികര്‍ ഇവിടെ സേവനം ചെയ്യുന്നു. 15 സന്യസ്തരും 66 കന്യാസ്ത്രീകളും രൂപതയില്‍ പ്രവര്‍ത്തിക്കുന്നു.
ഡയസച്ചനോട് എന്നതുപോലെതന്നെ കോട്ടപ്പുറം രൂപതയോടും വൈദികരോടും സ്‌നേഹവും സൗഹൃദവും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധിയില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഫാ. ഡയസ് പറയുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?