Follow Us On

31

October

2024

Thursday

സ്വാതന്ത്ര്യം; പരിശുദ്ധ മറിയത്തിന്റെ ജീവിതത്തില്‍

സ്വാതന്ത്ര്യം;  പരിശുദ്ധ മറിയത്തിന്റെ ജീവിതത്തില്‍

 ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ്

1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍ ഒന്നിന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണം സഭയില്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ച് ‘മുന്നിഫിച്ചേന്തിമൂസ് ദേവൂസ്’ എന്ന അപ്പസ്‌തോലിക പ്രമാണരേഖ പുറപ്പെടുവിച്ചു. ഈ പ്രമാണരേഖയില്‍ മാര്‍പാപ്പ എഴുതി ”നിത്യകന്യകയും നിര്‍മ്മലയുമായ ദൈവമാതാവ്, അവളുടെ ഭൗമികജീവിതത്തിന്റെ പൂര്‍ത്തീകരണശേഷം ശരീരത്തോടും ആത്മാവോടുംകൂടെ സ്വര്‍ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നത് ദൈവികമായി വെളിപ്പെടുത്തപ്പെട്ട ഒരു വിശ്വാസസത്യമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.”

തന്റെ പുത്രന്റെ അമ്മയായ പരിശുദ്ധ മറിയത്തെ ആത്മ-ശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുത്ത് ദൈവം അവള്‍ക്ക് സ്വര്‍ഗരാജ്ഞി പദവി നല്‍കി ആദരിക്കുകയായിരുന്നു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന് ഇന്നും തീര്‍ത്ഥാടകസഭയിലൂടെ തന്റെ സുതന്‍ തിരുരക്തത്താല്‍ നേടിയെടുത്ത മക്കള്‍ക്കൊപ്പം പരിശുദ്ധ മറിയം യാത്ര ചെയ്യുന്നു. സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഭാരതജനത സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, പരിശുദ്ധ മറിയം അനുഭവിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് അവസരോചിതമായിരിക്കും.

മറിയം അനുഭവിച്ച സ്വാതന്ത്ര്യം

ഏദന്‍തോട്ടത്തില്‍വച്ച് ആദവും ഹവ്വയും ചെയ്ത പാപം അവരുടെ സകല സന്തതികളിലേക്കും ജന്മപാപമായി ഇന്നും പകരപ്പെടുന്നെങ്കിലും, ദൈവപിതാവ് ജന്മപാപമില്ലാതെ മറിയത്തെ കാത്തുപാലിച്ചു. അങ്ങനെ മറിയം അമലോത്ഭവയായി ജനിച്ചു. ആദത്തിന്റെ മക്കള്‍ പേറുന്ന പാപത്തിന്റെ അടിമത്തം മറിയത്തില്‍നിന്ന് ദൈവം മാറ്റിനിര്‍ത്തി. ദൈവം നല്‍കിയ ഈ കൃപയാല്‍ അവള്‍ പൂര്‍ണസ്വാതന്ത്ര്യം അനുഭവിച്ചു. വിശുദ്ധ പൗലോസ് ഈ സത്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ് ”ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും” (റോമ 5:17). ദൈവം നല്‍കിയ കൃപാസമൃദ്ധി മറിയത്തിന്റെ ഉത്ഭവത്തില്‍ത്തന്നെ അവളെ ശരീരത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഇടയാക്കി. ജഡമോഹങ്ങള്‍ അവളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം മറിയത്തിന്റെ ശരീരത്തില്‍ ഭരണം നടത്തിയില്ല.

ഹവ്വായുടെ കണ്ണുകളിലൂടെ പ്രവേശിച്ച ദുരാശയും ദുരാശവഴി ഉണ്ടായ മോഹപാപങ്ങളും ഇന്നും മനുഷ്യമക്കളില്‍ പല രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്നു. ഇന്ന് നാം കേള്‍ക്കുന്ന പലവിധ മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള ജീവിതങ്ങള്‍ ശരീരത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കാത്തവരാണ്. ആദം പാപം ചെയ്യുന്നതിനുമുമ്പ് ദൈവത്തോടൊപ്പം ഏദന്‍തോട്ടത്തില്‍ ഉലാത്തിയവനാണല്ലോ. എന്നാല്‍ ആദ്യപാപത്തിനുശേഷം ദൈവത്തിന്റെ കൂടെനടക്കാന്‍ അവന് കഴിഞ്ഞില്ല, ഭയമായിരുന്നു. എന്നാല്‍, മറിയം എന്നും ദൈവത്തോടൊപ്പം നടന്നവളാണ്. പിതാവിന്റെ പ്രിയപുത്രിയായി ആത്മശരീരങ്ങളില്‍ പരിശുദ്ധിയോടെ ജീവിച്ചവള്‍.

മനസ്വാതന്ത്ര്യം

ഗബ്രിയേല്‍ ദൂതന്‍വഴി നല്‍കപ്പെട്ട ദൈവികപദ്ധതിക്ക് മറിയം നല്‍കിയ മറുപടി അവളുടെ മനസ്വാതന്ത്ര്യം വ്യക്തമാക്കുന്നു. ”ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നില്‍ ഭവിക്കട്ടെ” (ലൂക്കാ 1:38). നിയമത്തിന്റെ മുമ്പില്‍ അവഹേളിതയാക്കപ്പെടും എന്നറിഞ്ഞിട്ടും തന്നെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുത്ത് മനസ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോകാന്‍ മറിയത്തിന് സാധിച്ചു. ലോകം പിടിച്ചടക്കാന്‍ കഴിയുന്നവന്‍ ശക്തനാണ്, സാമ്രാജ്യങ്ങള്‍ ഭരിക്കുന്നവന്‍ ഉന്നതാണ്. എന്നാല്‍ സ്വന്തം മനസിനെ നിയന്ത്രിച്ച് ജീവിക്കുന്നവന്‍ അതിശക്തനാണ്. പരിശുദ്ധ കന്യാമറിയം ഇതിന് മകുടോദാഹരണമാണ്.
സത്രത്തില്‍ സ്ഥലം ലഭിക്കാതെ വന്നപ്പോഴും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോഴും മകനെ കാണാതെ പോയപ്പോഴും മറിയത്തിന്റെ മനസ് ചഞ്ചലിക്കാതെ ദൈവഹിതമായി കാണുവാന്‍ അവള്‍ക്ക് കഴിഞ്ഞു.

സ്വന്തം ചിന്തകളെ ദൈവികമാക്കാന്‍ മറിയത്തിന് സാധിച്ചു.എപ്പോഴാണ് ഒരു വ്യക്തി മനസില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്? മനുഷ്യബന്ധങ്ങളുടെയും ലോകസ്‌നേഹങ്ങളുടെയും ലോകത്തിലുള്ളവയുടെയും അടിമത്ത്വത്തിലല്ലെങ്കില്‍ ഒരാള്‍ സ്വതന്ത്രനാണ്. ഹവ്വക്ക് പലോഭനത്തില്‍ മനസിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ദൈവം നല്‍കിയ മനസിന്റെ സ്വാതന്ത്ര്യം ഹവ്വക്ക് നഷ്ടപ്പെട്ടുപോയി. എന്നാല്‍ മറിയത്തിന്റെ ഹൃദയവും മനസും ദൈവത്തെ ധ്യാനിച്ച് അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. മറിയം ഈ ഭൂമിയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ ജീവിച്ചു. അവളുടെ മനസിന്റെ ചക്രവാളം സ്വര്‍ഗംവരെ വ്യാപിച്ചു. നമ്മുടെ മനസ് മറിയത്തിന്റെ മനസോട് ചേര്‍ത്തുവയ്ക്കാം.

ആത്മാവിലുള്ള സ്വാതന്ത്ര്യം

ശരീരത്തിന്റെയും മനസിന്റെയും സ്വാതന്ത്ര്യത്തിലൂടെ മറിയം ആത്മാവിന്റെ പൂര്‍ണതയില്‍ ഈ ലോകത്തുവച്ചുതന്നെ സ്വതന്ത്രയായിരുന്നു. മറിയത്തിന്റെ ആത്മാവും ദൈവത്തിന്റെ ആത്മാവും എപ്പോഴും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചിരുന്നു. ആരാണ് എന്റെ അമ്മയും സഹോദരരും എന്ന ഈശോയുടെ ചോദ്യത്തിന് അവിടുന്നുതന്നെ ഉത്തരം നല്‍കി. ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍. മറിയത്തിന്റെ ആത്മാവ് വചനത്തില്‍ വസിച്ചു. അതുവഴി അവള്‍ ആത്മാവില്‍ പൂരിതയായി പൂര്‍ണസ്വതന്ത്രയായി.

ഈ ലോകത്ത് ജീവിക്കുമ്പോള്‍ ആത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ ആത്മാവ് ഇഹലോകത്തെ സകലതിനെയും പരിത്യജിക്കണം. മറിയം ഈ ലോകത്തിന്റെ എല്ലാ വ്യാധിയെയും ആകുലതകളെയും വ്യഗ്രതകളെയും അതിജീവിച്ചവളാണ്. ശരീരത്തിന്റെ കെട്ടുപാടുകളെയും മനസിന്റെ പ്രലോഭനങ്ങളെയും ഭേദിച്ച് ആത്മനിവൃതിയില്‍ മറിയം ജീവിച്ചു. മറിയം പറഞ്ഞു, ”എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” (ലൂക്കാ 1:46).

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?