Follow Us On

31

October

2024

Thursday

ചെറിയ സംഭവങ്ങളില്‍നിന്നും വലിയ മുറിവുകള്‍ ഉണ്ടാകാം

ചെറിയ സംഭവങ്ങളില്‍നിന്നും  വലിയ മുറിവുകള്‍ ഉണ്ടാകാം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഒരു യഥാര്‍ത്ഥ സംഭവമാണ് പറയാന്‍ പോകുന്നത്. പറയുന്ന സംഭവത്തിന് രണ്ട് അധ്യായങ്ങള്‍ ഉണ്ട്. ഒന്നാം അധ്യായം നടന്നുകഴിഞ്ഞ് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ ഒരു ബോര്‍ഡിങ്ങ് ഹൗസിലാണ് സംഭവം അരങ്ങേറുന്നത്. ആ ബോര്‍ഡിങ്ങില്‍ താമസിച്ച് പഠിക്കുന്ന കത്തോലിക്കാ കുട്ടികള്‍ എന്നും രാവിലെ കുര്‍ബാനക്ക് പോകണം എന്നൊരു ധാരണ അവിടെ ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി ഒരു ദിവസം രാവിലെ ഉണര്‍ത്തുമണി അടിച്ചത് അറിഞ്ഞില്ല. അതിനാല്‍ ദൈവാലയത്തില്‍ പോകാനും പറ്റിയില്ല. വാര്‍ഡന്‍ അവനെ വിളിച്ച് ദൈവാലയത്തില്‍ പോകാതിരുന്നതിന്റെ കാരണം തിരക്കി. അവന്‍ പറഞ്ഞു: ബെല്ലടിച്ചത് അറിഞ്ഞില്ല; ഉറങ്ങിപ്പോയി. അവന്‍ ക്ഷമയും പറഞ്ഞു. എന്നാല്‍ വാര്‍ഡന് അത് അത്രയങ്ങ് വിശ്വാസമായില്ല. അവന്‍ മനഃപൂര്‍വം കിടന്നുറങ്ങിയതാണെന്നാണ് അദേഹത്തിന് തോന്നിയത്. അതിനാല്‍ അവന് ചെറിയ ശിക്ഷ കൊടുത്തു.

പക്ഷേ, ഈ സംഭവം അവന് വലിയ മുറിവായി. വാര്‍ഡന്‍ എന്നെ വിശ്വസിച്ചില്ലല്ലോ; ശിക്ഷിച്ചല്ലോ, ഇങ്ങനെയുള്ള മുറിവുകളും ചിന്തകളുമായി അവന്‍ മുമ്പോട്ടുപോയി. ഇനി രണ്ടാം അധ്യായം ആരംഭിക്കുകയായി. ഈ മനുഷ്യന്‍ പിന്നീട് ഡോക്ടറായി. സ്വന്തമായി ക്ലിനിക്ക് തുടങ്ങി. കാലം അങ്ങനെ പോയി. അദ്ദേഹത്തിന് വയസ് 65 ആയി. ഒരിക്കല്‍ രാത്രി എട്ടുമണിക്ക് ക്ലിനിക്ക് പൂട്ടി വീട്ടിലേക്ക് പോകുമ്പോള്‍ ഹൃദയസ്തംഭനംമൂലം ബസിന്റെ അകത്തുവച്ച് ആ മനുഷ്യന്‍ മരിച്ചു. ആ ബോര്‍ഡിങ്ങ് വിട്ടശേഷം മരിക്കുന്നിടംവരെ അദ്ദേഹം പ്രാര്‍ത്ഥിക്കുകയോ ദൈവാലയത്തില്‍ പോകുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ഒന്നും ചെയ്തില്ല. നോക്കുക, ഒരു ചെറിയ സംഭവം ഉണ്ടാക്കിയ മുറിവിന്റെ ആഴം.

നമുക്കുണ്ടാകുന്നതും നമ്മള്‍ ഉണ്ടാക്കുന്നതുമായ അധികം ആന്തരികമുറിവുകളുടെയും സ്ഥിതി ഇതാണ്. അത് സുഖമാകാതെ മനസില്‍ കിടക്കും. മനസില്‍ കിടക്കുന്ന ഈ മുറിവ് ശരീരത്തെയും ആത്മാവിനെയും ബുദ്ധിയെയും പ്രവര്‍ത്തനരീതികളെയും വ്യക്തിബന്ധങ്ങളെയുമെല്ലാം ദോഷകരമായി ബാധിക്കും. ഇതിന്റെ ഫലമായി ശരീരത്തില്‍ പല രോഗാവസ്ഥകളും ഉണ്ടാകാം. മനസിന്റെ ശാന്തത നഷ്ടപ്പെട്ട് വാശി, വൈരാഗ്യം, പക, വെറുപ്പ്, പ്രതികാരചിന്ത തുടങ്ങിയ വികാരങ്ങള്‍കൊണ്ട് മനസ് നിറയും. ആത്മീയജീവിതം നഷ്ടപ്പെടുകയോ മോശമാവുകയോ ചെയ്യാം. വ്യക്തിബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ ഉണ്ടാകാം. മുന്‍കോപം, എടുത്തുചാട്ടം തുടങ്ങിയവ സ്വഭാവത്തില്‍ പ്രകടമാകാം. തന്മൂലം സ്ഥാനത്തും അസ്ഥാനത്തും കോപി ക്കും; പരുഷമായി പെരുമാറും. അങ്ങനെ അനേകര്‍ ഇങ്ങനെയുള്ള മനുഷ്യര്‍വഴി മുറിവേറ്റുകൊണ്ടിരിക്കും.

നമുക്ക് ഒരാളെ എളുപ്പത്തില്‍ മുറിപ്പെടുത്തുവാന്‍ കഴിയും. ഒരു വാക്കോ പ്രവൃത്തിയോ അവഗണനയോ ഒക്കെ മതി. പക്ഷേ നമ്മള്‍ ഉണ്ടാക്കുന്ന മുറിവ് നാം മനസുവച്ചാലും സുഖപ്പെടുത്താന്‍ കഴിയണമെന്നില്ല. പലരും പറയാറുണ്ട്: ഞാന്‍ സോറി പറഞ്ഞില്ലേ; പിന്നെ എന്താ? ചോദിക്കട്ടെ: ഒരു സോറി പറഞ്ഞാല്‍ നിങ്ങളുടെ എല്ലാ ആന്തരികമുറിവുകളും ഉണങ്ങുമോ? ഇല്ലല്ലോ, ഇതാണ് എല്ലാവരുടെയും സ്ഥിതി. തങ്ങളുടെ പ്രയാസങ്ങള്‍ പങ്കുവയ്ക്കാന്‍ വരുന്ന അധികംപേരും വളരെ സമയമെടുത്ത് പറയുന്നത് ഇത്തരം ഉണങ്ങാത്ത മുറിവുകളുടെ വിവരണങ്ങളാണ്. നമുക്കുണ്ടായ മുറിവുകളോട് അല്‍പംകൂടി കൂസലില്ലാത്ത ഒരു നിലപാട് നമ്മള്‍ വളര്‍ത്തിയെടുക്കണം. പോട്ടെ, സാരമില്ല എന്ന നിലപാടാണ് വളര്‍ത്തിയെടുക്കേണ്ടത്. മുറിപ്പെടുത്തിയ വ്യക്തികളോടും ഉണ്ടായ മുറിവുകളോടുമുള്ള നമ്മുടെ സമീപനം മാറണം.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ അഞ്ചാം അധ്യായം 38-ാം വചനത്തിലൂടെ ഗമാലിയേല്‍ എന്ന മനുഷ്യന്‍ സന്‍ഹെദ്രീന്‍ സംഘത്തോട് പറയുന്ന ഒരു വാചകമുണ്ട്: അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. ഇങ്ങനെ പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്: അപ്പസ്‌തോലന്മാരെ ജയിലില്‍ അടച്ചു. പക്ഷേ കര്‍ത്താവ് ജയില്‍കവാടങ്ങള്‍ തുറന്ന് അവരെ മോചിപ്പിച്ചു. അവര്‍ വീണ്ടും പ്രസംഗിക്കുവാന്‍ തുടങ്ങി. അതിനാല്‍ വീണ്ടും അവരെ പിടിച്ചുകൊണ്ടുവന്ന് യഹൂദരുടെ മതകോടതിയായ സന്‍ഹെദ്രീന്‍ സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. സംഘത്തിലെ ഓരോരുത്തരോടും സംഘത്തലവന്‍ ചോദിച്ചു: ഇവരെ എന്തുചെയ്യണം എന്നാണ് നിങ്ങളുടെ അഭിപ്രായം? ഓരോരുത്തരും പറഞ്ഞു: അവരെ കൊന്നുകളയണം. അങ്ങനെ ചോദ്യം സംഘത്തിലെ ഒരാളായ ഗമാലിയേലിനോടായി. അദ്ദേഹം പറഞ്ഞു: അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.

അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു: അവര്‍ ചെയ്യുന്നത് ഒരു മാനുഷികപ്രവൃത്തിയാണെങ്കില്‍ അവരുടെ പ്രവര്‍ത്തനം സ്വയം നിലച്ചുപോകും. പിന്നെ, അവരുടെ കൊലയാളികള്‍ എന്ന ദുഷ്‌പേര് എന്തിന് നാം കേള്‍ക്കണം? ഇനി, അവര്‍ ചെയ്യുന്നത് ദൈവികശക്തിയാല്‍ ആണെങ്കില്‍ അവരെ കൊന്നാലും അവരുടെ അനുയായികളിലൂടെ അവരുടെ പ്രവര്‍ത്തനം തുടരും. അപ്പോള്‍ അവരെ കൊന്നതുകൊണ്ട് പ്രശ്‌നം തീരില്ല. കൊല്ലാനൊന്നും നില്‍ക്കേണ്ട; അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. ഗമാലിയേലിന്റെ ഉപദേശം പക്വതയുള്ളതായി സന്‍ഹെദ്രീന്‍ അംഗങ്ങള്‍ക്ക് തോന്നി. അതിനാല്‍, കുറെ അടികൊടുത്ത് അപ്പസ്‌തോലന്മാരെ പുറത്തേക്ക് വിട്ടു.

ഗമാലിയേല്‍ പറഞ്ഞ വാചകം മനസില്‍ സൂക്ഷിക്കാം: അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. ഏതായാലും നമ്മോട് മറ്റുള്ളവര്‍ അനീതി കാണിക്കുന്നതും നമ്മെ മുറിപ്പെടുത്തുന്നതും ദൈവത്തില്‍നിന്ന് വരുന്ന പ്രവൃത്തികള്‍ അല്ല, അവര്‍ സ്വയം നശിക്കും. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ ചിതറിക്കപ്പെടും. അതിനാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവരെയും അവര്‍ ചെയ്ത തിന്മയുടെ വേദനകളെയും മനസില്‍ കൊണ്ടുനടക്കാതെ വിട്ടുകളയുക. ബാക്കി കാര്യങ്ങള്‍ ദൈവം നോക്കിക്കൊള്ളും. നമുക്ക് മനസിനെ സ്വതന്ത്രവും ശാന്തവുമാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?