Follow Us On

21

November

2024

Thursday

ദൈവാശ്രയത്തോടെ ഒന്നിച്ചുനീങ്ങാം: മാര്‍ തട്ടില്‍

ദൈവാശ്രയത്തോടെ ഒന്നിച്ചുനീങ്ങാം: മാര്‍ തട്ടില്‍
കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം തന്നെ ഓര്‍മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തിരിയേറെപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് മാര്‍ തട്ടില്‍ അനുസ്മരിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടി പ്രസംഗത്തില്‍ മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെയും മെത്രാന്മാരെയും പ്രതിനിധികളായെത്തിച്ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്തു. സഭാ സിനഡ് തിരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍ പുരയിടത്തില്‍ വായിച്ചു. സ്ഥാനാരോഹണതിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ് ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.
തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൃതജ്ഞതാ ബലിമധ്യേയുള്ള വചനസന്ദേശം നല്‍കിയത് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനിയായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന  അനുമോദ നസമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ആര്‍ച്ചു ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.
സന്യസ്ത വൈദികരുടെ പ്രതിനിധിയായി സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സന്യാസിനിമാരുടെ പ്രതിനിധിയായി സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, സമര്‍പ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സിഎസ്റ്റി സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി. സീറോമലബാര്‍ സഭാ ആന്തം ആലപിച്ചതോടെയാണ് സ്ഥാനാരോഹണശുശ്രൂഷ പൂര്‍ത്തിയായത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?