Follow Us On

10

January

2025

Friday

മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റുചെയ്തു

മതപരിവര്‍ത്തനമാരോപിച്ച് മൂന്ന്  ക്രൈസ്തവരെ അറസ്റ്റുചെയ്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ ജില്ലയിലെ സെയ്ദാപൂരില്‍ മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഹൈന്ദവമതവിശ്വാസിയായ ജിതേന്ദ്ര സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് പാസ്റ്റര്‍ രാംജിത് രാജ്വാറിന്റെ ഭവനം പോലീസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നും അപേക്ഷിച്ചെങ്കിലും കോടതി അവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തന്നെയും രോഗിയായ ഭാര്യയെയും രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പാസ്റ്റര്‍ ശ്രമിച്ചുവെന്നാണ് സിംഗിന്റെ പരാതി. മാത്രമല്ല, പാസ്റ്ററും സഹായികളും ഹൈന്ദവ മതത്തെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും സിംഗ് പരാതിയില്‍ പറയുന്നു. പാസ്റ്ററുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ബൈബിള്‍ അടക്കം മതപരമായ വസ്തുക്കളും പിടിച്ചെടുത്തു.

ഹൈന്ദവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍വരികയും അതിനുശേഷം കള്ളക്കേസുകള്‍ കൊടുക്കുകയും ചെയ്യുന്നത് ഉത്തര്‍പ്രദേശിലെ പുതിയ രീതിയായി മാറിക്കഴിഞ്ഞുവെന്ന് ക്രൈസ്തവ വിശ്വാസികള്‍ ആരോപിച്ചു. പാസ്റ്റര്‍ തന്റെ ഭവനത്തില്‍ പതിവ് പ്രാര്‍ത്ഥന നടത്തുകയായിരുന്നു, അതില്‍ മതപരിവര്‍ത്തനത്തിന്റെ യാതൊരു കാര്യവുമില്ലായിരുന്നുവെന്ന് വിശ്വാസികള്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഒരു ക്രൈസ്തവന് തന്റെ വീട്ടില്‍ ബൈബിളോ ആത്മീയപുസ്തകങ്ങളോ സൂക്ഷിക്കുവാന്‍ കഴിയാത്തതെന്നും ക്രൈസ്തവ നേതാക്കള്‍ ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ 2021-ല്‍ മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കിയതിനുശേഷം മാത്രം 400-ല്‍ അധികം ക്രൈസ്തവരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപി ഗവണ്‍മെന്റ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഇന്ത്യയില്‍ ക്രൈസ്തവ പീഡനം നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുമ്പിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?