Follow Us On

22

January

2025

Wednesday

സൂക്ഷിപ്പുകള്‍

സൂക്ഷിപ്പുകള്‍

‘To receive everything, one must open one’s hand and give’ – Deshimaru

പുതുവര്‍ഷം പെയ്ത് തുടങ്ങി. സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടി. പ്രതീക്ഷകളുടെ പുതുനാമ്പുകളെ തൊട്ടുരുമ്മി മനസിന്റെ ഇടവഴികളിലൂടെ നടക്കവേ ചില ഭീതികള്‍ അലട്ടുന്നുമുണ്ട്. ഇത്തവണയും കൃപയുടെ മഴപ്പെയ്ത്തുകള്‍ക്കിടയില്‍ ദൈവാനുസരണത്തിന്റെ ഒരു പെട്ടകം പണിയാന്‍ എനിക്കാവാതെ പോകുമോ? എന്റെ ജഡത്തിന് തോന്നിയ വഴിയിലൂടെയുള്ള പ്രയാണം പ്രളയത്തിലേക്കാവും എന്നെയും എത്തിക്കുക. കൂട്ടിവെച്ചതെല്ലാം ആഴങ്ങള്‍ കവര്‍ന്നെടുക്കും. ധനം, ധാരണകള്‍, മമതകള്‍, മത്സരങ്ങള്‍, സുരക്ഷിതസ്ഥലികളെല്ലാം ഒഴുകിയകലും. സത്യത്തില്‍ എന്റെ അഹന്തകളോട് എനിക്ക് സഹതാപം തോന്നുന്നു.
ഈ വര്‍ഷം എന്നില്‍ നിന്നിറങ്ങിപ്പോവുകയാണോ ചെയ്യുക, അതോ ഈ പുതുവര്‍ഷത്തില്‍നിന്ന് ഞാനാവുമോ ഇറങ്ങിപ്പോകേണ്ടി വരിക. എല്ലാ മനുഷ്യപുത്രന്മാര്‍ക്കും എത്രയോ അവസരങ്ങളുണ്ട് ദൈവപുത്രനാവാന്‍! ചരിത്രത്തില്‍നിന്ന് എന്നേക്കുമായി ഇറക്കിവിടും മുമ്പേ ചിലയിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുള്ള അവസരങ്ങള്‍ തന്നെ!

എതിരേല്പ്പുകളുടെ ആരവങ്ങളല്ല ചുറ്റും. പരസ്പരമുള്ള എതിര്‍പ്പുകളുടെ ഘോഷമാണ്. നായാട്ടുകളുടെ കഥകളാണ് വാര്‍ത്തകളിലത്രയും. ചരിത്രപുസ്തകങ്ങള്‍ നായാടികളെക്കൊണ്ട് നിറയുന്നു. മുറിവേല്ക്കുന്നത് ശത്രുകള്‍ക്കല്ല; ഇരകള്‍ക്കാണ്. പലായനങ്ങള്‍ നടത്തുന്നത് ജാതിയും മതവുമല്ല; മനുഷ്യനും കുടുംബങ്ങളുമാണ്. ശത്രുവിനെ കൊല്ലാന്‍ ഏത് ഭീരുവിനും വഴികളുണ്ട്. ശത്രുവിനെ സ്‌നേഹിക്കാന്‍ ഒരു ധീരനേ കല്പിക്കാനാവൂ. അവന്റെ സദ്ഭാവനകളാണ് സുവിശേഷം. ഈ വര്‍ഷമത്രയും നമ്മില്‍ കതിരിടേണ്ടത് തമ്പുരാന്റെ വിശേഷങ്ങളാവണം. അല്ലെങ്കില്‍ത്തന്നെ ഒരിറങ്ങിച്ചെല്ലലിന്റെ കഥനമാണല്ലോ മനുഷ്യാവതാരം. പ്രളയത്തിന് മുമ്പ് നമുക്ക് പങ്കിടാം സഖേ! കൈയിലുള്ളത് മുഴുവന്‍ ഇന്നിന് നല്‍കുകയാണ് നാളെയോട് ചെയ്യാവുന്ന ഏറ്റവും വലിയ ഔദാര്യം എന്ന് കാമുവല്ലേ പറഞ്ഞത്.

നമ്മുടെ സ്റ്റോറേജുകളില്‍ നാം എന്തെല്ലാമാണ് സൂക്ഷിച്ചിരിക്കുന്നത്. സത്യത്തില്‍ ആര്‍ക്കും ഉപകാരമില്ലാത്ത പലതുമാണ് നമ്മുടെ അറകളെ നിറച്ചിരിക്കുന്നത്. പലപ്പോഴും നമുക്ക് പോലും ഗുണമില്ലാത്തവ. നമ്മുടെ പരിഗണനകളെ പുനര്‍നിര്‍ണ യം ചെയ്യേണ്ടതുണ്ട്. നമുക്കും ചിലത് കരുതിവയ്ക്കാനുണ്ട്. നല്‍കാ ന്‍വേണ്ടി മാത്രം, സൂക്ഷിപ്പുകളില്‍ നിന്ന് അപ്പമെടുത്ത് വരിക. നാം മുറിക്കുന്നതും കാത്ത് അനേകര്‍ പുറത്ത് കാത്തുനില്ക്കുന്നുണ്ട്. അവരില്‍ നീതിക്കായി വിശന്ന് ദാഹിക്കുന്നവരുണ്ട്. സമാധാനവും കരുണയും തേടുന്നവരുണ്ട്. ഇറങ്ങാം സഖേ! കരുണയുള്ള ഒരു നോട്ടം, അല്പം കണ്ണുനീര്‍, അര്‍ത്ഥമുള്ള കഥകള്‍, സൗമ്യവാക്കുകള്‍, സ്‌നേഹമുള്ള ഒരു സ്പര്‍ശം, തനിച്ചാവുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ശീലം, നോമ്പുകള്‍, നിന്ദകള്‍ക്കു പകരം നല്‍കാനും അതിലധികവുമുള്ള ക്ഷമ, ഉള്ളുനിറയെ സമാധാനം.

ഇങ്ങനെ ചിലതുകൂടെ കൈയില്‍ കരുതണം. പുതിയവര്‍ഷത്തിന്റെ കരുതിവെയ്ക്കലുകള്‍ ഇവയാകണം. ആത്മരതിയില്‍ നിന്നുള്ള ആത്മപ്രദര്‍ശനത്തിന്റെ സെല്‍ഫിക്കാലത്തെ നാം പ്രതിരോധിക്കേണ്ടത് ആത്മത്യാഗത്തില്‍ നിന്നുണ്ടാവുന്ന ആത്മപ്രകാശനത്തിലൂടെയാണ്. ഉപ്പിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമൊക്കെ അവന്‍ പറഞ്ഞ വഴികള്‍ അവയാണ്. അതൊരിക്കലും പ്രളയമുണ്ടാകുന്ന താന്താന്റെ വഴികളല്ല സഖേ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?