Follow Us On

28

April

2024

Sunday

കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍

കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി  ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍

മാത്യു സൈമണ്‍

സംഭവം നടക്കുന്നത് ദുബായിലാണ്. ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് 1200 വചനങ്ങള്‍ എഴുതി കൊണ്ടുവരണമെന്ന് വികാരിയച്ചന്‍ അലനോട് നിര്‍ദ്ദേശിച്ചു. അങ്ങനെ എന്നും വചനമെഴുതുമ്പോള്‍ അതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും അലന്‍ നാട്ടിലുള്ള വല്യമ്മച്ചിയായ റോസിടീച്ചര്‍ക്ക് അയച്ചുകൊടുക്കും. 81 വയസുള്ള ടീച്ചര്‍ക്ക് ദൈവവചനം എല്ലാക്കാലത്തും ഏറെ പ്രിയപ്പെട്ടതായിരുന്നു. കൊച്ചുമകന്റെ മെസേജുകള്‍ കണ്ടുകൊണ്ടിരിക്കവേ റോസി ടീച്ചര്‍ക്ക് ഒരു പ്രചോദനം, വെറുതെ ഇരുന്ന് സമയം കളയാതെ കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എഴുതി ആത്മീയ അനുഭൂതിയിലേക്ക് വന്നുകൂടേ? അതൊരു തുടക്കമായിരുന്നു. അങ്ങനെയാണ് തൃശൂര്‍ ആമ്പല്ലൂര്‍ പള്ളിക്കുന്ന് സ്വദേശിനി റോസി ചാക്കുണ്ണി പറോക്കാരനെന്ന റോസി ടീച്ചര്‍ അച്ചടിയെ വെല്ലുന്ന രീതിയില്‍ കയ്യെഴുത്തിലൂടെ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്.

ഏറെ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് മലയാളം സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു മണിക്ക് എഴുതാന്‍ തുടങ്ങി ആറരയ്ക്ക് അവസാനിപ്പിച്ച് 7.15നുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് തിരിച്ചു വരും.
വീട്ടിലുള്ള മറ്റെല്ലാ കാര്യങ്ങളും ചെയ്തതിനുശേഷം ഒഴിവുള്ള സമയങ്ങളില്‍ ബൈബിള്‍ എഴുതും. കൂടാതെ രാത്രി എഴുതുമ്പോള്‍ രാത്രി പത്തരയ്ക്ക് അവസാനിപ്പിച്ച് ഉറങ്ങാന്‍ പോകും. ഒരു ദിവസം 20 മുതല്‍ 25 പേജ് വരെ പകര്‍ത്തി എഴുതുമായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആറുമാസംകൊണ്ട് മലയാളം സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ റോസി ടീച്ചര്‍ക്ക് സാധിച്ചു.

ഏകദേശം 2500-ഓളം പേജുകളുണ്ട് മലയാളം സമ്പൂര്‍ണ ബൈബിള്‍ കൈയെഴുത്തുപ്രതിക്ക്. കാല്‍ നൂറ്റാണ്ടിലേറെക്കാലം പള്ളിക്കുന്ന് അസംപ്ഷന്‍ ദൈവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നതിനാല്‍ നിരന്തരമായ ദൈവവചന വായനയും പഠനവും റോസിടീച്ചറെ ബൈബിള്‍ എഴുതാന്‍ കൂടുതല്‍ സഹായിച്ചു. പിന്നീടാണ് ഹിന്ദി ബൈബിളും എഴുതാം എന്ന് ടീച്ചര്‍ തീരുമാനിച്ചത്. 30 വര്‍ഷം ഹിന്ദി അധ്യാപികയായിരുന്നതിനാല്‍ത്തന്നെ അത് ടീച്ചറിനെ സംബന്ധിച്ച് പ്രസക്തമായ ഒരു ഉദ്യമമായിരുന്നു. ഏകദേശം എട്ടുമാസം എടുത്താണ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതിയത്. തിമിരം കണ്ണിനെ വളരെയധികം ബുദ്ധിമുട്ടിച്ചതുകൊണ്ട് ലെന്‍സ് ഉപയോഗിച്ചാണ് ബൈബിള്‍ വായിച്ചിരുന്നത്.

കൂടുതലും പകല്‍ സമയങ്ങളിലായിരുന്നു എഴുത്ത്. എങ്കിലും ദൈവസഹായത്താല്‍ ഒരു ദിവസം പത്തോളം പേജ് എഴുതാന്‍ സാധിച്ചിരുന്നതായി ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂവായിരത്തോളം പേജുകളാണ് ഹിന്ദി ബൈബിള്‍ എഴുതാന്‍ ഉപയോഗിച്ചത്. ഇപ്പോള്‍ ഇംഗ്ലീഷില്‍ ബൈബിള്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 123 പേനകള്‍ ഉപയോഗിച്ചു. കൈയെഴുത്തുപ്രതികള്‍ ഇടവക ദൈവാലയത്തില്‍ ആദ്യം പ്രകാശനം ചെയ്തു. കൂടാതെ രൂപാതതലത്തില്‍ ബൈബിള്‍ പ്രകാശനം നടത്തിയപ്പോള്‍, തൃശൂര്‍ രൂപതാധ്യക്ഷനായ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും മുന്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയും ഏറെ താല്പര്യത്തോടെ താളുകള്‍ മറിച്ച് കണ്ടത് റോസിടീച്ചര്‍ ഇപ്പോഴും സന്തോഷത്തോടെ ഓര്‍ക്കുന്നു.
വചനം എഴുതിയപ്പോഴും ഇപ്പോഴും ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ടീച്ചര്‍ പറയുന്നു. ദൈവ വചനത്തെ കൂടുതല്‍ അറിയുന്നതിനും ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനും ഇതിലൂടെ ഇടയായി.

വചനമെഴുത്ത് തന്റെ ആത്മീയ വളര്‍ച്ചയിലും കാര്യങ്ങളെ കൂടുതല്‍ ശാന്തതയോടെ സമീപിക്കുന്നതിലും പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്ന് ടീച്ചര്‍ പറയുന്നു. ഒരു ദിവസം ഒരു അധ്യായമെങ്കിലും ബൈബിള്‍ വായിച്ചാല്‍ ദൈവത്തെ കൂടുതല്‍ അറിയാന്‍ സാധിക്കും, ദൈവത്തിന്റെ വചനം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അനുദിനജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ താങ്ങാകുവാന്‍ ഈ വചനങ്ങള്‍ക്ക് ശക്തിയുണ്ട്; ടീച്ചര്‍ പങ്കുവയ്ക്കുന്നു.
81-ാം വയസില്‍ മലയാളം, ഹിന്ദി ബൈബിളുകള്‍ എഴുതി പൂര്‍ത്തിയാക്കുവാന്‍ തനിക്ക് സാധിച്ചത് പരിശുദ്ധാത്മാവിന്റെ വലിയ കൃപയാലും അനുഗ്രഹത്താലുമാണെന്ന് ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ഉദ്യമത്തിനായി എന്നും തന്റെ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെയും ഇടവക വൈദികരെയും സന്യാസിനിമാരെയും സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുകയാണ് റോസിടീച്ചര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?