വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്.
കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്, അങ്ങനെയൊരു കൂദാശാപരികര്‍മ്മം നടന്നിട്ടില്ലെന്നും സുദീര്‍ഘമായ കുറിപ്പ് വ്യക്തമാക്കുന്നു. ഇത് കേവലം ‘സാങ്കേതികത’യുടെയോ അല്ലെങ്കില്‍ ‘കാര്‍ക്കശ്യത്തിന്റെയോ’ പ്രശ്‌നമല്ലെന്നും പ്രത്യുത, ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെ സുവ്യക്തമായി പ്രകടിപ്പിക്കുകയും ക്രിസ്തുവിന്റെ ഗാത്രമായ സഭയുടെ ഐക്യം താഴ്മയോടെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കി