ലക്‌നൗ (ഉത്തര്‍പ്രദേശ്): വ്യാജ മതപരിവര്‍ത്തനം ആരോപിപിച്ച് ലഖ്‌നൗ കത്തോലിക്കാ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും 100 ഓളംവരുന്ന വിശ്വാസികളും അവരുടെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനായി ഉപയോഗിച്ചിരുന്ന ലഖ്‌നൗ രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയുടെ ഡയറക്ടറാണ് ഫാ. പിന്റോ. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നവിന്തയ്ക്ക് മുന്നില്‍ തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താതെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അവരെ അറസ്റ്റു ചെയ്തത്. ബരാബങ്കിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റുചെയ്തിരിക്കുകയാണ്.
തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റെന്ന് ലഖ്‌നൗ രൂപതാ ചാന്‍സലറും വക്താവുമായ ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു. പ്രൊട്ടസ്റ്റന്റ് പ്രോഗ്രാമായിരുന്നതിനാല്‍ ഫാ. പിന്റോ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. അവരുടെ മീറ്റിംഗിന് കെട്ടിടം നല്‍കുക മാത്രമാണ് ചെയ്യതെന്നും ഫാ. ഡിസൂസ പറഞ്ഞു. പ്രൊട്ടസ്റ്റന്റുകാര്‍ പാസ്റ്ററല്‍ സെന്ററില്‍ ഇത്തരം പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ആരോപിക്കപ്പെട്ടതുപോലെ മതപരിവര്‍ത്തനം അവിടെ ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്‌ഐആറിലെ വൈദികനെ പ്രതികളിലൊരാളായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടന പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്, കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാം. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അടുത്തിടെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *