മംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്തോലിക്കാ സ്‌കൂളില്‍നിന്ന് അധ്യാപികയായ കന്യാസ്ത്രീയെ സസ്‌പെന്റ് ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് മരിയ ബാംബിന സന്യാസസഭ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മംഗളൂരുവിലെ ജെപ്പുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മോറല്‍ എഡ്യൂക്കേഷന്‍ ക്ലാസില്‍ സിസ്റ്റര്‍ മേരി പ്രഭ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജരംഗ്ദള്‍, ഹിന്ദു ജാഗരണ വേദി എന്നിവയുടെ പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി.
ബിജെപി എംഎല്‍എയായ വേദവ്യാസ് കമത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറിയ പ്രതിഷേധക്കാര്‍ സിസ്റ്റര്‍ പ്രഭയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ‘വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്’ എംഎല്‍എ തങ്ങളെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തങ്ങള്‍ സിസ്റ്ററിനെ പുറത്താക്കാന്‍ നിര്‍ബന്ധിതരായതായി സഭാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഐറിന്‍ മെനെസ് പറഞ്ഞു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സിസ്റ്ററിനെ ജോലിയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 16 വര്‍ഷമായി അധ്യാപികയായി സേവനം ചെയ്യുന്ന സിസ്റ്റര്‍ പ്രഭ കഴിഞ്ഞ അഞ്ച് വര്‍ഷമായി സെന്റ് ജെറോസയിലാണ് ജോലി ചെയ്തിരുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ ‘അത്തരമൊരു പരാതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലയെന്നും സിസ്റ്റര്‍ ഐറിന്‍ മെനെസ് പറഞ്ഞു. ആറ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ സ്‌കൂളില്‍ 1000 ത്തിലധികം കുട്ടികളുണ്ട്.
”ഞങ്ങള്‍ ഭരണഘടന അനുസരിക്കുന്നവരാണ്. കൂടാതെ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിക്കുന്നു. ഇത്തരം സംഭവം ഉപേക്ഷിക്കാനും ഭാവിയുടെ പുരോഗതിക്കായി സ്‌കൂളുമായി കൈകോര്‍ക്കാനും ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എഴുതിയ കത്തില്‍ പറയുന്നു.
ഹിന്ദു ദൈവങ്ങള്‍ക്കോ? പ്രധാനമന്ത്രിക്കോ എതിരെ സിസ്റ്റര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നത് അടിസ്ഥാന രഹിതമായ കുറ്റരോപണമാണെന്ന് മംഗലാപുരം രൂപതാ വാരികയുടെ എഡിറ്റര്‍ ഫാ. രൂപേഷ് മത്ത മാധ്യമങ്ങളോട് പറഞ്ഞു. 1913 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ നേടിയ ഇന്ത്യന്‍ കവി രവീന്ദ്രനാഥ ടാഗോറിന്റെ ‘വര്‍ക്ക് ഈസ് വര്‍ഷിപ്പ്’ എന്ന കവിത പഠിപ്പിക്കുന്നതിനിടയില്‍ കന്യാസ്ത്രീ ജീവിതത്തിലെ ജോലിയുടെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു. ദൈവം ഒരു പ്രത്യേക മത ആരാധനാലയത്തില്‍ ഒതുങ്ങുന്നില്ല എന്ന് കവിത ഊന്നിപ്പറയുന്നു; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകംപോലെ തോന്നുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം പോലേയും
തോന്നിയാതായി മംഗലാപുരം രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. ഫൗസ്റ്റിന്‍ ലോബോ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതേ പാഠഭാമാണ് പഠിപ്പിക്കുന്നത്. പിന്നെ ഇപ്പോള്‍ എന്തിനാണ് ഈ പ്രതിഷേധം? ‘ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ദേശീയ അജണ്ടയുടെ ഭാഗമായി വേണം ഈ പ്രതിഷേധത്തെ വിശേഷിപ്പിക്കേണ്ടതുന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് സഭാ നേതാക്കള്‍ സംശയിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *