Follow Us On

27

April

2024

Saturday

ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍

ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍

അഗര്‍ത്തല (ത്രിപുര): വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പൂജ നടത്തണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. ഇവരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ജോസഫ് പരാതി നല്‍കി. ‘ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ഥാപനത്തെയും അതിന്റെ സ്വത്തും അതിന്റെ അവകാശവും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചു.

ഉദയ്പൂരിനടുത്തുളള ധജനഗറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഈ ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെയും സനാതനി ധര്‍മ്മത്തിന്റെയും ആളുകള്‍ നിരവധി തവണ എത്തി ഭീഷണിമുഴക്കിയതായി പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

”1999 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് ഭരണഘടനയുടെ 29, 30 വകുപ്പുകള്‍ പ്രകാരം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉണ്ട്. ഞങ്ങളുടെ സ്‌കൂള്‍ ന്യൂനപക്ഷ സ്ഥാപനമാണെങ്കിലും എല്ലാ മതങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. അവരെ മികച്ച മനുഷ്യരും നല്ല പൗരന്‍മാരും ആക്കുന്നതില്‍ ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു,” മജിസ്‌ട്രേറ്റിന് നല്‍കിയ സംരക്ഷണത്തിനായുള്ള പരാതിയില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ജോസഫ് ചൂണ്ടിക്കാട്ടി.

” ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അവകാശം നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ സ്‌കൂള്‍ പരിസരത്ത് പൂജ അനുവദിക്കാനാവില്ലെ. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. പൂജയോടും ഏതെങ്കിലും മതത്തിന്റെ മറ്റ് മതപരമായ ആചാരങ്ങളോടും ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് ഞങ്ങളുടെ മതപരമായ അവകാശവും ഞങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശവും ഞങ്ങള്‍ നിക്ഷിപ്തമാണ്. ഇവയെല്ലാം ഒരോ തവണയും തീവ്രഹിന്ദുത്വ സംഘടനാ നേതാക്കളോട് പറയുന്നുണ്ടെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.” പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നു.

”സ്‌കൂള്‍ പരിസരത്ത് പൂജ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടി സ്വാമിമായുംകൊണ്ട് കാമ്പസിലേക്ക്‌വന്ന് പൂജ നടത്തുമെന്ന് ഭീഷണിപ്പെടുകയും ചെയ്താണ് സംഘം മടങ്ങിയത്.” പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രിന്‍സിപ്പല്‍ സൂചിപ്പിച്ചു.

സമാനമായ ഭീഷണികള്‍ അസമിലെ മൂന്ന് സ്‌കൂളും നേരിടുന്നുണ്ട്. രണ്ടു സംസ്ഥാനത്തും ഭരണം നടത്തുന്നത് ബിജെപി സര്‍ക്കാരാണ്.

തങ്ങളുടെ സ്ഥാപനങ്ങളില്‍ ഒരു പൂജയും നടത്താന്‍ തങ്ങള്‍ അനുവദിക്കുന്നില്ലയെന്ന് നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് കൂടിയായ ഗുവാഹത്തി ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

”അവര്‍ക്ക് വേണമെങ്കില്‍ ഈ കോംപ്ലക്‌സിനുള്ളില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താം. എന്നാല്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. ക്രിസ്തീയ മതപരമായ പരിപാടികളൊന്നുംതന്നെ ഇവിടെ സ്‌കൂള്‍ സമയങ്ങളില്‍ നടക്കുന്നില്ല. ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഈ സംഘടനകള്‍ സ്‌കൂളില്‍ പ്രവേശിച്ച് പൂജ നടത്തുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. സര്‍ക്കാര്‍ ഞങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇതുപോലെ ഇവിടെ തുടരാനാവില്ല. ഈ സംഘടകള്‍ക്ക് മുമ്പ് ഇവിടെ ആരും ഒരു പ്രശ്‌നവും ഇതുവരെയും ഉണ്ടാക്കിയിട്ടില്ല” അദ്ദേഹം ചൂണ്ടിക്കാട്ടി.

കത്തോലിക്കാ സഭ ജാതിമത വിവേചനമില്ലാതെ വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കകയാണ് ചെയ്യുന്നതെന്ന് അഗര്‍ത്തല ബിഷപ്പ് ലുമെന്‍ മോണ്ടെറോ മാധ്യമങ്ങളോട് പറഞ്ഞു.

”ഞങ്ങള്‍ രാഷ്ട്ര നിര്‍മ്മാണത്തിനായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ക്ക്‌
യോജിച്ചതല്ലാതിനാല്‍ മതപരമായ ഒരു ചടങ്ങും ഇവിടെ നടത്താറില്ല. ഈ സംഘടനകള്‍ക്കൊന്നും വഴങ്ങാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

ഈ നാട്ടിലെ മികച്ച പണ്ഡിതന്മാരും പൊതുപ്രവര്‍ത്തകരും സംരംഭകരും ഡോക്ടര്‍മാരും അധ്യാപകരും നമ്മുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഞങ്ങളുടെ ക്ലാസ് മുറികളില്‍ ദൈവം അവര്‍ക്കു നല്‍കിയ കഴിവുകളെ അവര്‍ തിരിച്ചറിഞ്ഞു. പാവപ്പെട്ടവരായ അനേകര്‍ ഇന്ന് അന്തസുള്ള ജീവിതം നയിക്കുന്നു.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?