Follow Us On

18

April

2024

Thursday

ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ

ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ

ബംഗളൂരു: ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഉപേക്ഷിച്ച് രാഷ്ട്രനിര്‍മ്മാണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ. സര്‍വധര്‍മ സൗഹാര്‍ദ സമിതി സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

പുതിയ സമൂഹത്തിന്റെ രൂപീകരണത്തിനായി എല്ലാ മതസ്ഥരും ഒന്നായി അണിനിരക്കണമെന്ന് മതനേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”ഒരേ അമ്മയുടെ മക്കളായി നമുക്ക് ജീവിക്കാം. ഇന്ത്യ സമാധാനത്തിന്റെ പൂന്തോട്ടമാണെന്ന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കും. ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഭംഗി വര്‍ദ്ധിക്കും” ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഹിന്ദു അനുകൂല പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ വക്താവ് ഫാ. ഫൗസ്റ്റിന്‍ ലൂക്കോസ് ലോബോ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് മതേതര രാഷ്ട്രീയ പാര്‍ട്ടിയാണ്. ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഉഡുപ്പിയില്‍ നിരവധി വിഭാഗീയ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മാറിയിട്ടും, ഹിന്ദു ദൈവങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മോശമായി സംസാരിച്ചുവെന്ന് വ്യാജമായി ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ സമ്മര്‍ദ്ദംമൂലം മംഗളൂരുവിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് മീഡിയം ഹയര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെ അധ്യാപക ജോലിയില്‍ പുറത്താക്കേണ്ടിവന്നിരുന്നു.

മറ്റൊരു സംഭവത്തില്‍ വടക്കന്‍ കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ തീവ്രഹിന്ദു സംഘടന മതപരിവര്‍ത്തനത്തിന് സഹായിച്ചതായി ആരോപിച്ച് ഒരു ക്രിസ്ത്യന്‍ നഴ്‌സിനെതിരെ പോലീസില്‍ പരാതി നല്കിയതായും ഫാ. ലോബോ പറഞ്ഞു.

ക്രിസ്ത്യനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്റര്‍ഫെയ്ത്ത് മീറ്റിംഗ് നടത്താനുള്ള ധീരമായ ചുവടുവെപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്ലീം, പ്രൊട്ടസ്റ്റന്റ്, സിഖ് സമുദായങ്ങളുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതായി സെന്റ് അന്നാസ് പള്ളിയിലെ ഇടവക വികാരിയും മീറ്റിംഗ് സംഘാടകനുമായ ഫാ. ഡെനിസ് ദേശ പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതല്‍ മീറ്റിംഗുകള്‍ രൂപത ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മാസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും പ്രദേശത്തെ ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി സര്‍വധര്‍മ സൗഹാര്‍ദ സമിതി പ്രസിഡന്റ് രമേഷ് തിങ്കാലയ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് വരെ സംസ്ഥാനം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നു. തീരദേശ നഗരമായ ഉഡുപ്പി തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമാണ്. ബിജെപിയുടെ കീഴില്‍, കര്‍ണ്ണാടക നിയമസഭ 2022 മെയ് മാസത്തില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കി. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ നിയമം പിന്‍വലിച്ചു. 2021 ല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു കര്‍ണാടക.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?