Follow Us On

05

December

2024

Thursday

ഇതാണ് ഏറ്റവും ‘പോരാട്ട വീര്യ’-മുള്ള മൗലിക പുണ്യം

ഇതാണ് ഏറ്റവും ‘പോരാട്ട വീര്യ’-മുള്ള മൗലിക പുണ്യം

കഷ്ടതകളില്‍ സഹനശക്തിയും നന്മ ചെയ്യുന്നതില്‍ സ്ഥിരതയും പുലര്‍ത്താന്‍ സഹായിക്കുന്ന ആത്മധൈര്യം എന്ന പുണ്യമാണ് മൗലിക പുണ്യങ്ങളില്‍ ഏറ്റവും പോരാട്ട വീര്യമുള്ള പുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനവേളയോടനുബന്ധിച്ച് നന്മകളെക്കുറിച്ചും തിന്മകളെക്കുറിച്ചും നടത്തിവരുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മധൈര്യമെന്ന പുണ്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്.

ധാര്‍മിക ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും പ്രതിബന്ധങ്ങളെ നേരിടാനുള്ള കരുത്തും ആത്മധൈര്യം നല്‍കുമെന്ന് പാപ്പ പറഞ്ഞു. അതിലൂടെ ഭയത്തെ, മരണഭയത്തെപ്പോലും കീഴടക്കാനും ക്ലേശങ്ങളും പീഡനങ്ങളും സഹിക്കാനുമുള്ള ശക്തി ലഭിക്കുന്നു. വികാരങ്ങളില്ലാത്ത മനുഷ്യന്‍ കല്ലിന് സമാനമാണ്. എന്നാല്‍  വികാരങ്ങള്‍ പാപത്തിന്റെ അവശേഷിപ്പുകളാകണമെന്നില്ല. മാമ്മോദീസാ ജലത്തിലൂടെയും പരിശുദ്ധാത്മ അഗ്നിയിലൂടെയും അവയെ ശുദ്ധീകരിച്ച് ശിക്ഷണം നല്‍കി നേരായ വഴിയിലേക്ക് തിരിച്ചുവിടണം. തന്റെ സാധ്യതകളെ നന്മ ചെയ്യുവാന്‍ ഉപയോഗിക്കാത്ത ക്രിസ്ത്യാനി, ധൈര്യമില്ലാത്ത ക്രിസ്ത്യാനി, ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാക്കാതെ കടന്നുപോകുന്ന ക്രിസ്ത്യാനി ഉപയോഗശൂന്യനായ ക്രിസ്ത്യാനിയാണെന്ന് പാപ്പ പറഞ്ഞു.

നമ്മുടെ ഉള്ളിലുള്ള തിന്മകളോട് പൊരുതുന്ന ആന്തരിക തലവും കൂടുതല്‍ വ്യക്തമായി പുറത്തുള്ള തിന്മകളോട് പൊരുതുന്ന തലവും ഈ പുണ്യത്തിനുണ്ടെന്ന് പാപ്പ തുടര്‍ന്നു. ആകുലത, ഭയം, കുറ്റബോധം എന്നിങ്ങനെ നാം കീഴടക്കേണ്ട നിരവധി ശത്രുക്കള്‍ നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. പല യോദ്ധാക്കളും യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ പരാജയപ്പെട്ട് വീഴുന്നതിന്റെ കാരണം ഉള്ളിലുള്ള ഈ ശത്രുക്കളാണ്. ഒന്നാമതായി ഇവയ്‌ക്കെതിരെയുള്ള വിജമയാണ് ആത്മധൈര്യം! കര്‍ത്താവ് നമ്മോടൊപ്പമുണ്ട്. നാം ദൈവത്തില്‍ ശരണപ്പെടുകയും നന്മയായത് ആഗ്രഹിക്കുകയും ചെയ്താല്‍ എല്ലാ സാഹചര്യത്തിലും ദൈവപരിപാലന നമുക്ക് പരിചയായി മാറുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യും.

ഈ ആന്തരിക ശത്രുക്കളെ കൂടാതെ ജീവിതക്‌ളേശങ്ങളും പീഡനങ്ങളുമാകുന്ന ബാഹ്യ ശത്രുക്കളും നമുക്കുണ്ട്. അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന പല പ്രശ്‌നങ്ങളും നമ്മെ ഭയപ്പെടുത്തിയേക്കാം. തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം ഗൗരവത്തോടെ  കാണുന്നതിനാല്‍ ആത്മധൈര്യം ഒരു മൗലിക പുണ്യമാണ്. ചരിത്രത്താളുകളിലൂടെയോ എന്തിനേറെ ഒരു ദിനപത്രത്തിലൂടെയോ കണ്ണോടിച്ചാല്‍ നാം ഒരേസമയം ഇരകളും ഭാഗികമായി ഉത്തരവാദികളുമായ തിന്മയുടെ പ്രവര്‍ത്തനങ്ങള്‍ – യുദ്ധം, അക്രമം, അടിമത്വം, ദരിദ്രരുടെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ – കണ്ടെത്താന്‍ സാധിക്കും. ഈ തിന്മകളോടെല്ലാം ശക്തമായ ഭാഷയില്‍ ‘അരുത്’ എന്ന് പറയുവാന്‍ ആത്മധൈര്യം നമുക്ക് ബലം നല്‍കുന്നു. സുവിശേഷത്തില്‍ നിന്ന് യേശുവിന്റെ ആത്മധൈര്യം കണ്ടെത്തുവാനും വിശുദ്ധാത്മാക്കളില്‍ നിന്ന് ഈ പുണ്യം അഭ്യസിക്കാനും നമുക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?