Follow Us On

22

December

2024

Sunday

ഭൂചരം

ഭൂചരം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പറവകളും മത്സ്യങ്ങളും ഭൂചര ജന്തുക്കളും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചാണ് അഞ്ചാമത്തെയും ആറാമത്തെയും ദിനങ്ങളിലെ വിവരണം. ആകാശത്തിലെയും ആഴിയിലെയും ജീവികളാണ് അഞ്ചാം ദിവസം രൂപപ്പെടുക. എല്ലാ സഭാ പിതാക്കന്മാരും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള ഓറിഗന്റെ വ്യാഖ്യാനം കൗതുകകരമാണ്. ആന്തരികാകാശത്തെക്കുറിച്ചു തന്നെയാണു ഈ വരികളിലും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്. ആകാശത്തിലെ പറവകള്‍ നമ്മുടെ ഹൃദയാകാശത്തിലെ ഉന്നത ചിന്തകളെയും ആഴങ്ങളിലേക്കൂളിയിടുന്ന മത്സ്യങ്ങള്‍ അധമചിന്തകളെയും പ്രതീകവത്കരിക്കുന്നതത്രേ! ആലങ്കാരിക വ്യാഖ്യാനരീതിയോട് താല്പര്യമുള്ളവരുടെ വായനയ്ക്കുവേണ്ടി മാത്രം ഇവിടെ ചേര്‍ത്തുവെന്നേയുള്ളു കേട്ടോ! വലിയ ബഹളമൊന്നും ഉണ്ടാക്കേണ്ടതില്ല.

ഭൂചരജന്തുക്കളുടെ ഉത്ഭവത്തെ തിരുവെഴുത്ത് ഇങ്ങനെയാണു സംഗ്രഹിക്കുക. ‘അതതുതരം കന്നുകാലി, ഇഴജന്തുക്കള്‍, കാട്ടു മൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കള്‍ ഭൂമിയില്‍ നിന്നുളവാകട്ടെ എന്നു ദൈവം കല്പിച്ചു: അങ്ങനെ സംഭവിച്ചു. മൃഗങ്ങളെ നിര്‍മ്മിച്ചതു ഭൂമിയല്ല; മറിച്ച് ദൈവത്തിന്റെ കല്പനയാണു എന്നു വിശുദ്ധ ബേസില്‍ സ്പഷ്ടമായി പറയുന്നുണ്ട്. ഓറിഗന്റെ വായന ഇവിടെയും രസാവഹമാണ്. ദൈവകല്പനയാല്‍ മണ്ണില്‍ നിന്നാണു ജന്തുക്കളുണ്ടാകുന്നത്. മണ്ണുകൊണ്ടു ഉണ്ടാക്കപ്പെട്ട മനുഷ്യജഡത്തിന്റെ സ്വഭാവങ്ങള്‍ക്കും ആവേഗങ്ങള്‍ക്കും മണ്ണാലുളവായ മൃഗത്തിന്റെ വാസനകളോടും കാമനകളോടും ഒരു സാധര്‍മ്യമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.

ജറുസലേമിലെ വിശുദ്ധ കൂറിലോസ് ഇതിനെ കുറേക്കൂടി വിശദീകരിക്കുന്നുണ്ട്. ദൈവകല്പന മുഖാന്തിരം ഭൂമിയില്‍ നിന്ന് വ്യത്യസ്ത സ്വഭാവികളായ ജീവികള്‍ സൃഷ്ടിക്കപ്പെട്ടു. സൗമ്യതയുള്ള കുഞ്ഞാട് മുതല്‍ മാംസദാഹിയായ സിംഹം വരെ അവയിലുണ്ട്, യുക്തിഹീനമായ മൃഗചോദനകള്‍ മനുഷ്യപ്രകൃതങ്ങളില്‍ ചിലതിനെയും ഓര്‍മിപ്പിക്കുന്നു. കുറുക്കന്റെ കൗശലവും പാമ്പിന്റെ ചതിയും കുതിരയുടെ കുതിപ്പുമൊക്കെ മനുഷ്യരിലുമുണ്ട്. സിംഹം കാട്ടില്‍ നിന്നെന്നപോലെയാണ് ദുഷ്ടന്‍ തന്റെ മറവിടത്തില്‍ പതുങ്ങിയിരുന്നു എളിയവനെ വലയില്‍ ചാടിച്ചു പിടിക്കാന്‍ നോക്കുന്നത് എന്നാണല്ലോ സങ്കീര്‍ത്തനം പാടുന്നത് (10:9). ദുഷ്ടന്മാര്‍ സര്‍പ്പം പോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നുവെന്നും അതില്‍ ചൊല്ലുന്നുണ്ട്. നന്മകളെക്കുറിച്ചും ആവോളം പറയുന്നുണ്ട്: ഭൂമിയില്‍ ചെറിയവയെങ്കിലും അത്യന്തജ്ഞാനമുള്ള ഉറുമ്പിന്റെ കരുതലിനെയും കുഴിമുയലിന്റെ ജാഗ്രതയെയും വെട്ടുക്കിളിയുടെ അനുസരണത്തെയുമൊക്കെ സംബന്ധിച്ച് തിരുവെഴുത്ത് വാചാലമാകുന്നു (സുഭാഷിതങ്ങള്‍ 30).

ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും മനുഷ്യനു മുമ്പേയുള്ളവരാണെന്ന വിവേകം നല്‍കുന്ന വിനയത്തില്‍ നിന്നു മാത്രമാണ് നമ്മുടെ ആര്‍ത്തികളും ചൂഷണങ്ങളും അവസാനിക്കുക. അവരില്‍ നിന്നു നാമെന്തെങ്കിലും പഠിക്കാന്‍ തുടങ്ങുന്നതും അപ്പോള്‍ മാത്രമാണ്. സത്യത്തില്‍ ഉറുമ്പില്‍ നിന്നു മാത്രമല്ല ജീവിതത്തിന്റെ വേറിട്ട വഴികള്‍ പഠിക്കാനുള്ളത്. മൃത്യുവിലേക്കു ഗമിക്കുന്നതിനെയാണ് മൃഗമെന്നു ചിലര്‍ വിളിക്കുക. അതിലെത്ര ശരിതെറ്റുകള്‍ ഉണ്ടെങ്കിലും മാനത്തോടെ ഇരിക്കുന്ന മനുഷ്യന്‍ വിവേകശൂന്യനായാല്‍ അവന്‍ മൃത്യുവിലേക്കാണു ഗമിക്കുന്നതെന്നുള്ളതു വാസ്തവമാണ്. ഏലിയായ്ക്ക് അപ്പം കൊടുത്ത കാക്കയും ദാനിയേലിനു മുമ്പില്‍ ഉപവസിച്ച സിംഹവും ബാലാമിനെ തിരുത്തിയ കഴുതയും യോനായെ അനുസരണം പഠിപ്പിച്ച തിമിംഗലവുമൊക്കെ ചിലത് പഠിപ്പിക്കുന്നുണ്ടെന്നു ഓര്‍മപ്പെടുത്തിയതു ശോഭയുടെ കുറിപ്പുകളാണ്.

ഇന്ദ്രിയങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവയാണെങ്കിലും ഒരു പക്ഷേ മനുഷ്യരേക്കാളധികമായി ദൈവശബ്ദം കേള്‍ക്കുന്നതിനുള്ള ഒരു ആറാമിന്ദ്രിയം ഇവയ്‌ക്കൊക്കെ ഉണ്ടായിരുന്നുവെന്ന വാദത്തില്‍ തെറ്റു പറയാനാവില്ല സുഹൃത്തേ! മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരഭിപ്രായമിങ്ങനെയാണ്. മൃഗങ്ങളെ നിയന്ത്രിക്കുന്നത് ഇന്ദ്രിയങ്ങളാണ്. അവയുടെ ശരീരഘടനപ്രകാരം തന്നെ വായും വയറും ജനനേന്ദ്രിയങ്ങളുമെല്ലാം ഒരേ രേഖയിലാണ് വരുന്നത്. എന്നാല്‍ മനുഷ്യനിലാകട്ടെ തലച്ചോറാണു മുകളില്‍! പിന്നീട് താഴേയ്ക്കു താഴേയ്ക്കാണ് ഓരോ അവയവങ്ങളും. ആലോചനാപൂര്‍വ്വമായ നിശ്ചയങ്ങള്‍കൊണ്ടു തന്റെ ശരീരത്തെ നിയന്ത്രിക്കാന്‍ മനുഷ്യന്റെ രൂപകല്പനപോലും അവനെ നിര്‍ബന്ധിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, കവിപാടുംപോലെ, ഇണചേരാനും ഇരതേടാനും മാത്രമറിയാവുന്ന ഒരു ജീവിയായിപ്പോയി നാം. പരിണാമത്തിന്റെ തിരോഗതി എന്നല്ലാതെ എന്തു പറയാന്‍! ദൈവത്വത്തിലേക്കുള്ള പരിണാമത്തിന്റെ ഒരവസ്ഥയാണ് മനുഷ്യത്വം എന്ന അരവിന്ദ മഹര്‍ഷിയുടെ ആദ്ധ്യാത്മിക പരിണാമവാദമാണു പെട്ടന്ന് ഓര്‍മയില്‍ വന്നത്. മിലന്‍ കുന്ദേരയാകട്ടെ ഒരു താക്കീതും തരുന്നുണ്ട്, ‘ഏദനില്‍ നിന്ന് പുറത്താക്കപ്പെട്ടതു മനുഷ്യന്‍ മാത്രമാണ്; മൃഗങ്ങള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ടത്രേ! എന്ന്.’

നമ്മുടെ ദേശീയോത്സവമായ ഓണക്കഥയുടെ ഒരു വ്യാഖ്യാനം കൂടെ ചേര്‍ത്തു നിര്‍ത്താം. ദശാവതാരങ്ങളിലൊന്നായ വാമനനും മഹാബലിയുമാണ് പ്രധാനകഥാപാത്രങ്ങള്‍. തത്ക്കാലം നമുക്കു വാമനനില്‍ ഫോക്കസ് ചെയ്യാം. വാമനം എന്നാല്‍ കുറിയത് എന്നാണര്‍ത്ഥം. Proto type of man എന്നാണ് അയാളെ വിശേഷിപ്പിക്കുന്നത്. അഞ്ചാമത്തെ അവതാരമാണ്. അതിനുമുമ്പുള്ളവയിലേക്കാണ് നാം സഞ്ചരിക്കേണ്ടത്. ഒന്നാമത് മത്സ്യാവതാരം. മത്സ്യം എന്നാല്‍ മത്സരിക്കുന്നത് എന്നര്‍ത്ഥം. ഒരു പ്രത്യേക ആവാസവ്യവസ്ഥയ്ക്ക് (ജലം) വെളിയില്‍ അതിനു നിലനില്പ്പില്ല. സങ്കുചിതമായ അതിരുകളുടെ പ്രതീകം. വിശാലതകളിലേക്കു കടക്കാത്തിടത്തോളം പിന്നെ മത്സരമാണ് എപ്പോഴും.

മാര്‍ അപ്രേം പാടുന്നതുപോലെ, കടലോരം വഴിപോകുമ്പോള്‍ അന്യോന്യം വെട്ടിത്തിന്നുന്ന മത്സ്യങ്ങളെ മനുഷ്യരോട് ഉപമിക്കുന്നതോര്‍ക്കുക! രണ്ടാമത്തെ അവതാരം കൂര്‍മ്മമാണ്. ആമ വെള്ളത്തിലാണ് കഴിയുന്നതെങ്കിലും മുട്ടയിടാന്‍ കരയിലെത്തും. ഒരല്പം പുരോഗമന പരിവര്‍ത്തനമുണ്ട്. മൂന്നാമത്തേത് വരാഹമാണ്. പന്നി കരയിലാണ് കഴിയുന്നതെങ്കിലും ചെളിയാണ് അതിനിഷ്ടം. പഴയ മാത്സര്യത്തിന്റെ നനവ് തീര്‍ത്തും വിട്ടുകളയുന്നില്ല. തുടര്‍ന്നു നരസിംഹമാണ്. പാതി മനുഷ്യനും പാതിമൃഗവുമെന്ന നിലയിലേക്കുള്ള പരിണാമം. അഞ്ചാമത് മനുഷ്യന്റെ ആദിരൂപം, കുറിയരൂപം.
വാമനന്‍-ഉള്ളിലിപ്പോഴും മത്സരമുണ്ടെങ്കില്‍ മനുഷ്യനാവുന്നതിന്റെ ഒന്നാംപടിപോലും ഇതേവരെ കയറിയിട്ടില്ല അല്ലേടോ! നമ്മുടെ ചിന്തകള്‍ക്ക് ഇത്രയും മതിയാവും. എവിടെയൊക്കെയോ എന്തൊക്കെയോ തോന്നലുകള്‍ ഉണരുന്നില്ലേ! മനുഷ്യനാവാന്‍ നാം ഇനിയുമെത്ര വളരാനുണ്ട് സുഹൃത്തേ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?