Follow Us On

09

December

2024

Monday

സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ഒരു തുറന്ന കത്ത്‌

സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ഒരു തുറന്ന കത്ത്‌

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ബഹുമാന്യനായ സന്തോഷ് ജോര്‍ജ്, എല്ലാ മലയാളികളും അങ്ങയെ അറിയുന്നതുപോലെ ഞാനും അങ്ങയെ അറിയും. അങ്ങയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. അങ്ങയുടെ യാത്രാവിവരണങ്ങള്‍ കുറെയധികം കണ്ടിട്ടുണ്ട്. എനിക്ക് അങ്ങയെപ്പറ്റി അഭിമാനവും അങ്ങയോട് ആദരവും സ്‌നേഹവുമുണ്ട്. അടുത്തകാലത്ത് ഞാന്‍ അങ്ങയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. അങ്ങ് എത്ര വലിയവനാണ്. ട്രാവലര്‍, ടെലവിഷന്‍ പരിപാടികളുടെ നിര്‍മാതാവ്, ഡയറക്ടര്‍, ബ്രോഡ്കാസ്റ്റര്‍, എഡിറ്റര്‍, പബ്ലീഷര്‍, സഫാരി ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകന്‍ തുടങ്ങിയ ഒട്ടേറെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണങ്ങളുടെ തലവന്‍, 130-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വ്യക്തി, ആ യാത്രകളില്‍ കണ്ടതെല്ലാം പകര്‍ത്തി സഞ്ചാരം എന്ന പരിപാടിയിലൂടെ ലോകത്തെ മുഴുവന്‍ കാണിച്ച ആള്‍, ലേബര്‍ ഇന്ത്യയുടെ 45 വിദ്യാഭ്യാസ ജേര്‍ണലുകളുടെ ഉടമ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട്. ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍, ലേബര്‍ ഇന്ത്യ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോളജ്, ഇന്‍ഡോ-അമേരിക്കന്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമസ്ഥനുമാണ്.

അങ്ങേയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്, കെ.ആര്‍ നാരായണന്‍ അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, യുവപ്രതിഭ അവാര്‍ഡ്, ഔട്ട്സ്റ്റാന്റിംഗ് യംഗ് ഇന്ത്യന്‍ നാഷണല്‍ അവാര്‍ഡ്, റോട്ടറി സ്റ്റാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ബഹുമുഖ പ്രതിഭ അവാര്‍ഡ്, കെസിബിസി മീഡിയ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്.
ഇതില്‍ ഒരു അവാര്‍ഡിന്റെ പേര് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു: ബഹുമുഖ പ്രതിഭ അവാര്‍ഡ്. അങ്ങ് ശരിക്കും ഒരു ബഹുമുഖ പ്രതിഭയാണ്. ശൂന്യാകാശത്തേക്ക് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് അങ്ങ്. അതിനുള്ള സീറോ ഗ്രാവിറ്റി ട്രെയിനിങ്ങ് അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും വിജയകരമായി പൂര്‍ത്തിയാക്കിയാളാണ്.
അങ്ങയുടെ ഒരു പ്രസംഗത്തിലെ ഒരു വാചകം അടുത്തകാലത്ത് ശ്രദ്ധയില്‍പെട്ടു. ആ വാചകം ഇങ്ങനെയാണ്: ഈ ഭൂമിയില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഒരു ദൈവത്തിന് സ്വര്‍ഗത്തില്‍ എന്ത് വാഴയ്ക്കയാ ചെയ്യാന്‍ പോകുന്നത്?

സന്തോഷ് സാര്‍, ഈ വാചകം അങ്ങയുടെ വായില്‍നിന്നു കേട്ടപ്പോള്‍ വലിയ ഹൃദയഭാരം തോന്നി. അങ്ങയെപ്പോലെ ഇത്ര അറിവുള്ള, ഇത്ര ലോകപരിചയമുള്ള, ഇത്ര ചിന്തിക്കുന്ന, ഇത്രമാത്രം അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്നും കിട്ടിയ ഒരാള്‍ക്ക് എങ്ങനെ ഇങ്ങനെ ഒരു വാചകം പറയാന്‍ കഴിഞ്ഞു? അങ്ങ് പറഞ്ഞു: ദൈവം ഈ ഭൂമിയില്‍ ഒന്നും ചെയ്യുന്നില്ല. അത് ശരിയല്ലല്ലോ. ദൈവമല്ലേ എല്ലാത്തിനെയും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും. സന്തോഷ് സാറിന് ഇത്ര അനുഗ്രഹങ്ങള്‍ തന്നതും ഇത്രയും വളര്‍ത്തിയതും ഉയര്‍ത്തിയതും ദൈവമല്ലേ? സ്വന്തം കഴിവുകൊണ്ടും പരിശ്രമംകൊണ്ടും നേടിയതാണ് എന്നു പറഞ്ഞാലും അത് മുഴുവന്‍ ശരിയല്ലല്ലോ. കഴിവുകള്‍ തന്നതും സാഹചര്യങ്ങള്‍ ഒരുക്കിയതും ദൈവമല്ലേ? കര്‍ത്താവ് ചോദിച്ച രണ്ട് ചോദ്യങ്ങള്‍ പ്രസക്തങ്ങളാണ്. ഞാന്‍ തരാത്തതായി നിനക്ക് എന്തുണ്ട്? ഞാന്‍ തിരിച്ചെടുത്താല്‍ നിന്നില്‍ ബാക്കി എന്തുണ്ടാകും? എല്ലാം ദൈവദാനമാണ് എന്നിരിക്കെ അപ്പോള്‍ നമുക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ല. അവസാനം ചെന്നുനില്‍ക്കേണ്ടത്, ഒരു വാഴയ്ക്കയും സ്വര്‍ഗത്തില്‍ ചെയ്യുന്നില്ല എന്ന് ആരെപ്പറ്റി പറഞ്ഞുവോ ആ ദൈവത്തിന്റെ മുമ്പില്‍ ആയിരിക്കും. ഇത് എല്ലാവരുടെയും സ്ഥിതിയാണ്.

വലിയ മനുഷ്യര്‍ക്ക് മറ്റുള്ളവരുടെമേല്‍ വലിയ സ്വാധീനശക്തിയുണ്ട്. അവര്‍ പറയുന്നത് അനേകരുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ജീവിതശൈലിയെയും സ്വാധീനിക്കും. അപ്പോള്‍, അങ്ങയെപ്പോലുള്ളവര്‍ പറയുന്നതിന് വലിയ സ്വാധീനശക്തിയുണ്ട്. സ്വര്‍ഗത്തിലെ ദൈവം എന്ത് വാഴയ്ക്കയാ ചെയ്യുന്നത് എന്ന അങ്ങയുടെ ചോദ്യം അനേകം ഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. സന്തോഷ് സാര്‍ അങ്ങനെയാ പറഞ്ഞത്; അതുകൊണ്ട് ഞാനിനി പ്രാര്‍ത്ഥിക്കുന്നുമില്ല; പള്ളിയിലും പോകുന്നില്ല എന്ന് തീരുമാനമെടുക്കാന്‍ സാധ്യതയുള്ള മനുഷ്യരുണ്ട്; പ്രത്യേകിച്ച് ചെറുപ്പക്കാര്‍.
യേശുവിന്റെ ഒരു വചനം ഓര്‍ക്കുകയാണ്: മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.

അങ്ങ് സ്വര്‍ഗത്തിലെ ദൈവത്തെപ്പറ്റി ഇങ്ങനെ പറഞ്ഞത് ഒരുപക്ഷേ ഭൂമിയിലെ തിന്മകള്‍ കണ്ട് മനസ് മടുത്തതുകൊണ്ടായിരിക്കാം. ഇത്രയും തിന്മകള്‍ കണ്ടിട്ടും ദൈവം ഒന്നും ചെയ്യുന്നില്ലല്ലോ എന്ന വേദനകൊണ്ടായിരിക്കാം. ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തുന്നില്ല. ഏതായാലും ഒരു കാര്യം മനസിലാക്കണം. അങ്ങു പറഞ്ഞ ഈ രണ്ട് വാചകങ്ങള്‍ കാരണം ഒരുപാട് മനുഷ്യരുടെ ഹൃദയത്തിലും മനസിലും അങ്ങ് ചെറുതായിപ്പോയി. അങ്ങയുടെ പ്രസംഗം കേട്ട ഒരാളുടെ കമന്റ് കേള്‍ക്കണോ? കുളങ്ങര സാറിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പക്ഷേ ഒരു നിമിഷംകൊണ്ട് അദ്ദേഹം സ്വയം ചെറുതായിപ്പോയി. ഇങ്ങനെ അനേകര്‍ അങ്ങയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. സമാനമായ രീതിയില്‍ പലരും എന്നോട് സംസാരിച്ചിട്ടുമുണ്ട്. മനുഷ്യരുടെ മുമ്പില്‍ ചെറുതായെങ്കില്‍ ഒരുപക്ഷേ ദൈവത്തിന്റെ മുമ്പിലും ചെറുതായിട്ടുണ്ടാകാം.

അങ്ങയോട് ഒരു അപേക്ഷയുണ്ട്. അങ്ങയെപ്പോലെ സ്വീകാര്യനായ ഒരു വ്യക്തി ഇനിമുതല്‍ ദൈവത്തിന് സാക്ഷ്യം വഹിക്കണം. ദൈവത്തെ ഏറ്റുപറയണം. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കണം. അങ്ങേക്ക് ദൈവം ചെയ്ത എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് സാക്ഷ്യം നല്‍കണം. അങ്ങയെപ്പോലുള്ളവര്‍ക്ക് ധാരാളംപേരെ വിശ്വാസത്തിലേക്കും നന്മയിലേക്കും നയിക്കാന്‍ കഴിയും. അങ്ങയെപ്പോലുള്ളര്‍ക്ക് അനേകരുടെ ആത്മരക്ഷയ്ക്ക് കാരണക്കാരനാകാന്‍ പറ്റും. അതുകൊണ്ട് അങ്ങ് വിശ്വാസത്തില്‍ ആഴപ്പെടണം. ദൈവസ്‌നേഹത്തില്‍ വളരണം. എല്ലാം ദൈവദാനമാണെന്ന് തിരിച്ചറിയണം. ആ ദൈവത്തെ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും മഹത്വപ്പെടുത്തണം. അങ്ങുവഴി അനേകര്‍, പ്രത്യേകിച്ച് അനേക യുവജനങ്ങള്‍ ദൈവവിശ്വാസത്തിലും ദൈവസ്‌നേഹത്തിലും വളരട്ടെ. അതുവഴി അനേകം ആത്മാക്കള്‍ രക്ഷപെടട്ടെ. അങ്ങും അങ്ങ് നേടിയ അനേകംപേരും സ്വര്‍ഗത്തില്‍ ദൈവത്തോടൊപ്പം നിത്യകാലം വസിക്കുന്നത് ഒന്നു ഭാവനയില്‍ കാണാമോ? അതുകൊണ്ട് അങ്ങ് ആര്‍ക്കും ഉതപ്പ് നല്‍കരുത്.
അങ്ങേക്ക് എല്ലാവിധ വിജയാശംസകളും പ്രാര്‍ത്ഥനകളും നേരുന്നു. ദൈവം അങ്ങയെയും അങ്ങയുടെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?