Follow Us On

13

September

2024

Friday

ചരിത്രം

ചരിത്രം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

‘ഡാഡി, ആരാ ഈ ഗാന്ധി; അത് മ്മടെ
ഗോഡ്‌സെ വെടിവെച്ചു കൊന്ന ഒരാളാ മോനേ’
നമ്മുടെ തൊട്ടരികിലിരുന്നാണ് മോഹന കൃഷ്ണന്‍ കാലടി ഈ കവിത എഴുതിയത്. ഒരു പ്രവാചക കുറിപ്പിന്റെ കരുത്തുണ്ടിതിന്. ഒരുപക്ഷേ, ചരിത്രം ഇങ്ങനെയും സഞ്ചരിച്ചേക്കാം എന്നൊരു മുന്നറിയിപ്പുപോലെ. കിളിവാതിലുകളില്ലാത്ത നമ്മുടെ ധാരണകളുടെ ചുവരുകളോടാണ് ഇത്തരം വരികള്‍ കലഹിക്കുക. അടച്ചുപൂട്ടിയ ഹൃദയങ്ങള്‍ സ്വാതന്ത്ര്യത്തെച്ചൊല്ലി ലഹള കൂട്ടുന്നതിനെയും അസത്യങ്ങള്‍ക്ക് ചരിത്രമെഴുതുന്നതിനെയും ഇത് കൊഞ്ഞനംകുത്തുന്നുണ്ട്. ഇന്നത്തെ നമ്മുടെ ദേശീയപദം ‘വിഭാഗീയത’യാണ്. മുറിവുകളും മുറിപ്പെടുത്തലുകളും ഏറിപ്പോവുന്നില്ലേ!

താവോയുടെ ഒരു മൊഴി ഓര്‍മിപ്പിക്കട്ടെ: ‘ഒരു വലിയ രാജ്യം ഭരിക്കുക. ഒരു ചെറിയ മത്സ്യം പാകം ചെയ്യുക. രണ്ടും ഒരുപോലെ. അധികം ഇളക്കുന്നത് രണ്ടിനെയും ചീത്തയാക്കും.’ നമ്മളിന്ന് വല്ലാതെ ഇളകുന്നുണ്ട്. നമ്മുടെ സമുദായങ്ങളും മതങ്ങളും രാജ്യങ്ങളും ഇളകുന്നുണ്ട്. ജനങ്ങള്‍ ചീത്തയാവുന്നുമുണ്ട്. വര്‍ഗീയമായി ജീവിക്കാന്‍ നാം പഠിക്കുകയും ശഠിക്കുകയും ചെയ്യുന്ന ഈ കാലത്തെ ഒരു കറുത്ത ഫലിതമുണ്ട്. ആരെയും മുറിപ്പെടുത്തരുതേ എന്നപേക്ഷയോടെയാണ് അവതരിപ്പിക്കുന്നത്. കലാപം നടന്ന ഒരു തെരുവ്. അതിന്റെയോരത്ത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ഒരു മനുഷ്യന്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് വിശേഷതയുണ്ട്. തന്റെ എതിരാളികളുടെ മതത്തിലെ ദൈവത്തെയാണ് വിളിക്കുന്നത്. ഇതു കേട്ടുവന്ന വഴിപോക്കന് ആശ്ചര്യമായി. അയാള്‍ കൗതുകം മറച്ചുവച്ചില്ല; ”താങ്കളെന്താ അന്യമതത്തിലെ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. താങ്കളുടെ മതസഹിഷ്ണുതയ്ക്ക് അഭിനന്ദനം!” മറുപടി അപ്രതീക്ഷിതമായിരുന്നു.

”ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഈ ഓടയില്‍ വീണുപോയ എന്റെ അന്‍പതു പൈസാ നാണയം തിരികെ കിട്ടുന്നതിനാണ്. സഹിഷ്ണുത കൊണ്ടല്ല ഞാന്‍ എന്റെ ദൈവത്തെ വിളിക്കാത്തത്. കേവലം അന്‍പത് പൈസയെടുക്കാന്‍ അതും ഈ ദുഷിച്ച ഓടയിലിറങ്ങുന്നതിന് അവന്റെ ദൈവം വരട്ടെ!” ചോദിച്ചവന്റെ ജാള്യം നമ്മിലേക്കും പകര്‍ന്നുകിട്ടുന്ന നിമിഷങ്ങളാണിവ. വിശ്വാസസംരക്ഷണത്തിനിടയില്‍ മുറിവേല്ക്കുന്ന വിശ്വാസികളെയും വിശ്വാസത്തെതന്നെയും ഗൗരവത്തിലെടുക്കാന്‍ അമാന്തം വിചാരിക്കരുത്.
പാതി വിഴുങ്ങിയ ഉത്തരങ്ങള്‍ക്കും വികൃതമായ നിലപാടുകള്‍ക്കും പകരംവയ്ക്കാന്‍ ഒരു സത്യത്തിന്റെ ചരിത്രം നമുക്കില്ലേ? വളരെ ഉറക്കെ വേണം ഇനി ചിന്തിക്കാന്‍! ദൈവത്തിന് ദരിദ്രനാകാമെങ്കില്‍ നമുക്കും ചില മുന്‍വിധികളും മുന്‍നിര്‍ണ്ണയങ്ങളുമൊക്കെ പുനരാലോചനാവിധേയമാക്കാം. കിളിവാതില്‍ തുറന്നു കൊടുക്കാതെ എങ്ങനെയാണ് ഒരു പ്രാവിന് വെളിയിലേക്ക് പറക്കാനാവുക? പ്രളയങ്ങള്‍ക്ക് അറുതിയുണ്ടെന്ന് എപ്പോഴാണ് തിരിച്ചറിയുക? സമാധാനത്തിന്റെ പുതുനാമ്പുകള്‍ കിളിര്‍ത്തിട്ടുണ്ടെന്നും അതിലൊരു തളിര്‍കൊത്തിയെടുത്ത് മടങ്ങാനും എന്നാണ് ഈ കുറുപ്രാവിന് കഴിയുക? നമ്മുടെ ധ്യാനങ്ങള്‍ക്ക് തീ പിടിക്കണം.

നമ്മുടെ ധാരണകളുടെ ചുവരുകള്‍ ഇടിച്ചു കളയുന്നതിനെക്കുറിച്ചാണ് പുതിയനിയമം വാചാലമാകുന്നതത്രയും. നിങ്ങള്‍ കേട്ടിട്ടുള്ളത് കണ്ണിന് പകരം കണ്ണ് എന്നാണെങ്കില്‍ ക്രിസ്തു പറയുക, കണ്ണിന് പകരം കാഴ്ച നല്‍കുക എന്നാണ്. കാഴ്ചയില്ലാത്തവരാണ് കണ്ണുകള്‍ പറിക്കുന്നത്. പല്ലിന് പകരം സുബോധം നല്‍കുക. ഒരപ്പത്തിന് പകരം ആയിരങ്ങളുടെ അപ്പത്തെക്കുറിച്ച് വ്യാകുലപ്പെടുക. ഇങ്ങനെ നമ്മുടെ ഹൃദയവിചാരങ്ങള്‍ക്കെല്ലാം ഒരു ഉയര്‍ന്ന നിരപ്പുണ്ടാവണമെന്ന് സുവിശേഷം ശഠിക്കുന്നുണ്ട്. അഭിസാരികയെന്നാല്‍ ശരീരം വില്ക്കുന്നവള്‍ എന്ന സാമാന്യധാരണയെ തകര്‍ക്കുന്നതാണ് വേശ്യയെന്നാല്‍ പാപമോചനം വാങ്ങുന്നവളാണെന്ന അസാധാരണ ബോധ്യപ്പെടുത്തല്‍. ഒരു കള്ളന് മോഷ്ടിക്കാനാവുക ഭൂമിയിലുള്ളവയാണെന്ന അറിവിനുമപ്പുറത്താണ് മനസുവച്ചാല്‍ പറുദീസാ കവര്‍ന്നെടുക്കാം എന്നത്. നാം വച്ചുപുലര്‍ത്തുന്ന പല മുന്‍വിചാരങ്ങള്‍ക്കും ഒരു വീണ്ടുവിചാരമുണ്ടാകണമെന്നാണ് എനിക്ക് തോന്നുക. അല്പം കൂടെ താഴ്മയാവരുതോ നമുക്ക്! പൗരസ്ത്യ സന്ന്യാസിമാരുടെ ഒരു ചൊല്ല് ഇങ്ങനെയുണ്ട്. Pray like you are going to die tomorrow and work like you are going to live forever. കരുണയുടെ ഒരു വലിയ ദൂരം നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്വന്തമാകണം.

വേദാന്തത്തില്‍ ഇങ്ങനെയൊരു ഉപമയുണ്ട്. പലതരം ജീവിതങ്ങളെക്കുറിച്ചാണ്. ഒരു കുളം. അതില്‍ കുറെ മത്സ്യങ്ങള്‍. എട്ടെണ്ണം എന്ന് കരുതുക. മുക്കുവന്‍ വലയിടുന്നു. ആറ് മത്സ്യങ്ങള്‍ വലയില്‍ കുടുങ്ങി. രണ്ടെണ്ണം ഇപ്പോഴും വലയ്ക്ക് പുറത്താണ്. ഒരു ബന്ധനവുമില്ല. സര്‍വസ്വതന്ത്രരാണ്. നിത്യമുക്തരാണ്. മാലാഖമാരെന്നും അശരീരികളെന്നുമൊക്കെ പറയാറില്ല, അതേ പോലെ! നാം ശ്രദ്ധ നല്‍കേണ്ടത് ബന്ധിതരായ മത്സ്യങ്ങളുടെ മേല്ക്കാണ്. അവയില്‍ രണ്ടെണ്ണത്തിന് തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധ്യം വന്നു. ഈ സ്ഥിതി നാശത്തിലേക്കാണ്. എത്രയും വേഗം രക്ഷനേടണം. വല പൊട്ടിക്കാനുള്ള ശ്രമം തുടങ്ങി. കഠിന പ്രയത്‌നം തന്നെ. ചെറിയ അരുവികള്‍ വലിയ പാറക്കല്ലുകളെപ്പോലും നാമാവശേഷമാക്കാറില്ലേ! ഒഴുക്കിന്റെ നൈരന്തര്യംകൊണ്ട്! ജീവിതത്തെ കെണിയിലകപ്പെടുത്തുന്ന വിചാരങ്ങളില്‍നിന്നും ഹൃദയത്തിന് മുക്തിയേകുന്ന നിരന്തര പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കുന്ന സാധനകളും പാഴായിപ്പോവില്ല. മോക്ഷത്തിനുള്ള സാധ്യത അവര്‍ക്കുണ്ട്.

ഇനിയും വലയ്ക്കുള്ളില്‍ നാലെണ്ണം കൂടെയുണ്ട്. അവയില്‍ രണ്ട് മത്സ്യങ്ങള്‍ക്ക് തങ്ങള്‍ പിടിക്കപ്പെടും എന്നറിവുണ്ട്. എന്നാല്‍ വിമോചനത്തിന് വേണ്ട ഒരു ശ്രമവും നടത്തുന്നില്ല. വ്രതങ്ങളും ഉപാസനകളുമൊന്നുമില്ലാത്ത ചില നാമമാത്ര ‘വിശ്വാസി’കളെപ്പോലെ. ‘ഉണ്ടറിവെന്നാല്‍ ഒന്നും ചെയ്യാത്തവരെന്നാണ്’ സഭയില്‍ പാടുക.
അവശേഷിക്കുന്നവയാകട്ടെ ബന്ധിതരാണെന്ന അറിവില്ലാതെ തങ്ങളുടെ അജ്ഞാനത്തില്‍ മുഴുകി തങ്ങളുടെ സ്ഥിരം ലാവണങ്ങളില്‍ ഇരതേടിയും ഇണചേര്‍ന്നും കഴിയുന്നു. ഇത്തരം അജ്ഞാനം ബാധിച്ചവര്‍ മുതല്‍ ബുദ്ധിന്മാര്‍ വരെയുള്‍പ്പെടുന്നതാണ് മനുഷ്യചരിത്രമെന്നോര്‍ക്കുക. ഇനിയും സ്വാതന്ത്ര്യത്തിന്റെ ഇടങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നറിയണം. ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യമുണ്ടല്ലോ, രണ്ട് കുഞ്ഞുങ്ങള്‍ പന്തുകളിക്കുന്നതിനെപ്പറ്റി. രണ്ട് ബാലന്മാരും അവരവരുടെ അതിരുകള്‍ക്ക് വെളിയിലെത്തുമ്പോഴാണ് അവര്‍ക്ക് മനസിലാവുക, നമുക്ക് ഒന്നിച്ചു കളിക്കാന്‍ ഇനിയും ഇടമുണ്ടെന്ന്. സത്യമായും നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ ഈ ഭൂമിയില്‍ ഇനിയും ഇടങ്ങള്‍ അവശേഷിക്കുന്നുണ്ട്. സനാതനമൂല്യങ്ങളുടെ വിശാലസ്ഥലികളിന്മേല്‍ ഏത് മതത്തിനാണ് പേറ്റന്റ് എടുക്കാനാവുക? സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കരുണയുടെയും കരുതലിന്റെയും ആത്മാര്‍ത്ഥതയുടെയും പരസ്പരവിശ്വാസത്തിന്റെയുമൊക്കെ ശാശ്വതമായ തണലുകള്‍ മാഞ്ഞുപോയിട്ടില്ലെന്ന് ഇനിയെങ്കിലും വിശ്വസിക്കുക. നമുക്കൊന്നിച്ച് ജീവിക്കാനാവുമെന്ന് നമ്മോടുതന്നെ ഒന്നു പറയുക.

ഇനിയും അവശേഷിക്കുന്ന ദിനങ്ങള്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളെ തിരികെ പിടിക്കുന്നതാകണം. വേര്‍പെട്ട ബന്ധങ്ങളെ തുന്നിച്ചേര്‍ക്കുന്നതാകണം. അതിര്‍ലംഘനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം തനിമയെക്കുറിച്ചും സ്വത്വത്തെക്കുറിച്ചുമൊക്കെയാണ് നാം ഭാരപ്പെടുക. സത്യത്തില്‍, ഇനിയെങ്കിലും നമ്മുടെ സ്വത്വവും ചരിത്രവും ക്രിസ്തുവില്‍ നാം അന്വേഷിക്കുന്നില്ലെങ്കില്‍, ഒരുപക്ഷേ, നമ്മുടെ കുഞ്ഞുങ്ങളോട് ‘ക്രിസ്തു ആരാണെന്ന്’ ചോദിക്കുന്ന നേരം അവര്‍ നല്കുന്ന ഉത്തരം നമ്മുടെ സര്‍വധാരണകള്‍ക്കും അതീതവും അവിചാരിതവുമായിരിക്കും. അത്തരം ഒരു ദുരന്തം അതിജീവിക്കുന്നതിന് നമ്മുടെ ‘ഇന്നത്തെ ക്രിസ്തീയജീവിത’ത്തിന് കരുത്തില്ലെന്നറിയുക. വികലമായ ചരിത്രപ്പകര്‍പ്പുകളുടെമേല്‍ വിചാരകന്മാരായി നമ്മെ ആരും വിധിക്കാതിരിക്കുന്നതിന് നാം പ്രാര്‍ത്ഥിക്കണം. ചിന്തിക്കണം, പ്രവര്‍ത്തിക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?