Follow Us On

07

September

2024

Saturday

കള്ളനോട്ടുകള്‍

കള്ളനോട്ടുകള്‍

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

ഗുരുകുലത്തില്‍ അവസാനപരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് എപ്പോഴും ഗുരു തന്റെ ശിഷ്യന്മാരെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. അവസാന പഠനദിനമെത്തി. ബിരുദദാനവും കഴിഞ്ഞു. മറ്റു പരീക്ഷകള്‍ക്കിടെ ഗുരു അവസാനപരീക്ഷ മറന്നതാവും എന്നു ശിഷ്യര്‍ കരുതി. അവര്‍ ഓര്‍മിപ്പിച്ചതുമില്ല. ശിഷ്യര്‍ ഭാണ്ഡമെല്ലാം എടുത്ത് യാത്ര പുറപ്പെട്ടു. മൂന്നുപേരും ഒരുമിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്. വൈകുന്നേരമായി. ഇരുള്‍ വീണുതുടങ്ങി. രാവേറുംമുമ്പ് അടുത്ത ഗ്രാമത്തിലെത്തണം. കാട്ടുവഴികളാണ്. അല്പംകൂടെ മുമ്പോട്ടെത്തിയപ്പോള്‍ വഴി വല്ലാതെ ഇടുങ്ങിയതായി. അതില്‍ നിറയെ മുള്ളുകളും ഉണ്ട്. ഒന്നാമന്‍ ചാടിക്കടന്നു. രണ്ടാമന്‍ മുള്ളു മെല്ലെ വകഞ്ഞ് മാറ്റി ബദ്ധപ്പെട്ട് ഒരുവശം ചേര്‍ന്ന് കടന്നുപോയി. മൂന്നാമനാകട്ടെ തന്റെ ഭാണ്ഡം നിലത്തുവച്ചശേഷം മുള്ളുകള്‍ വഴിയില്‍നിന്ന് വലിച്ചു മാറ്റിയിടുവാന്‍ ശ്രമിച്ചു. അപ്പുറമെത്തിയ സ്‌നേഹിതര്‍ അവനെ ശകാരിച്ചു. ‘നിനക്ക് ഭ്രാന്തുണ്ടോ. നേരം ഇരുട്ടിത്തുടങ്ങി. വേഗം നടന്നില്ലെങ്കില്‍ അടുത്ത ഗ്രാമത്തില്‍ എത്തില്ല.’ മൂന്നാമന്റെ മറുപടി ഇങ്ങനെയാണ് ‘കൂട്ടുകാരെ, പകലായിരുന്നുവെങ്കില്‍ സാരമില്ല. ആപത്തില്ല. അന്ധകാരം വര്‍ധിച്ചുവരികയാണ്. ഈ മുള്ളുകള്‍ നീക്കം ചെയ്യാത്തപക്ഷം നമ്മുടെ പിന്നാലെ വരുന്നവര്‍ അപകടത്തിലാകും!’

പെട്ടെന്ന് ഗുരു മരങ്ങളുടെ മറവില്‍നിന്ന് വെളിയില്‍ വന്നു. അദ്ദേഹം പറഞ്ഞു. ‘കുഞ്ഞുങ്ങളെ വഴിയില്‍ മുള്ളുകള്‍ നിറച്ചത് ഞാനാണ്. ഇതാണ് നിങ്ങളുടെ അവസാന പരീക്ഷ. ഒരാള്‍ മാത്രമാണ് ഇതില്‍ വിജയിച്ചത്. അറിവ് അനുഭവമാകുന്നതാണ് വിദ്യ.’ പരാജിതരായ രണ്ടു പേരും ജാള്യതയോടെ നിന്നു.
സത്യത്തില്‍ ഇത്തരം ചമ്മലുകള്‍കൊണ്ടാണ് നമ്മുടെ ദിനങ്ങള്‍ ഏറെയും കടന്നുപോകുന്നത്. അറിവുകള്‍ അനുഭവമാകാതെ വരുന്ന ദുര്യോഗം നാം വല്ലാതെ നേരിടുന്നുണ്ട്. മനുഷ്യോല്പത്തിയുടെ കാലംമുതല്‍ക്കേ അങ്ങനെയാണ് തിരുവെഴുത്തിന്റെ ചരിത്രം. ഏദനില്‍വച്ച് ദൈവം ആദമിന് നല്‍കിയ അറിവുകളില്‍ dos and donts ഉണ്ടായിരുന്നു. Du-ties and responsibilities എന്നൊരു വ്യാഖ്യാനവും വേണമെങ്കില്‍ നല്‍കാം. വാട്‌സാപ്പിലെ കുഞ്ഞുപ്പെണ്ണ് പറഞ്ഞമാതിരി ‘ദൈവം ആദമിനോടും ഹവ്വായോടും പറഞ്ഞു, നടുക്ക് നില്‍ക്കുന്ന മരത്തിന്റെ ഫലം പറിച്ചു തിന്നരുത്. പാമ്പ് ഹവ്വായോട് പറഞ്ഞു. ദൈവം തിന്നരുതെന്നല്ലേ പറഞ്ഞത്; തൊടരുതെന്ന് പറഞ്ഞില്ലല്ലോ! മുഴുവനും കഴിക്കരുതെന്നല്ലേ പറഞ്ഞത്; പൊട്ടിച്ച് നോക്കാല്ലോ! ഒരു തരി രുചിച്ചു നോക്കാല്ലോ! ഹവ്വാ രുചിച്ചു; ആദമിന് കൊടുത്തു. രണ്ടുപേരും കഴിച്ചു.’ ഇനി നമ്മുടെ ഫിഫ്ത് ജനറേഷന്‍ ഭാഷയില്‍ ആദമും ഹവ്വായും ‘പ്ലിംഗ്’!

ദൈവം നല്‍കിയ അറിവുകള്‍ അനുഭവമാകാത്തപ്പോഴൊക്കെ നാം ഏദനില്‍നിന്ന് പുറത്താക്കപ്പെടുന്നു. പിന്നെ കുറ്റപ്പെടുത്തലുകളാണ് നാവിലുയരുന്നതത്രയും. പരസ്പരം പ്ലിംഗ് ആകാനുള്ള മത്സരങ്ങളാണ്. ക്രിസ്തുശിഷ്യന്മാര്‍പോലും ഇപ്പോള്‍ ബക്കറ്റുകള്‍ പിരിവിനും തോര്‍ത്തുകള്‍ വായ് മൂടിക്കെട്ടാനും വെള്ളം ഉത്തരവാദിത്വങ്ങളില്‍നിന്ന് കൈകഴുകാനുമാണ് ഉപയോഗിക്കുക. തോര്‍ത്തരയില്‍ ചുറ്റി കാല്‍ കഴുകിയവന്റെ പിന്നാലെ പോയാല്‍ കുരിശല്ലാതെ എന്താണ് സഖേ കിട്ടുക?
കള്ളനോട്ടും നല്ലനോട്ടും തമ്മിലെന്താണ് വ്യത്യാസം? ‘കള്ളനോട്ടിലെ ഗാന്ധിക്ക് ചിരി കൂടുതലാണെന്നുള്ള’ ഒരു മറുപടി കേട്ടു. സത്യത്തില്‍ ഇന്നത്തെ നമ്മുടെ ജീവിതപരിസരങ്ങളിലെ വേഷംകെട്ടലുകളും ഭാവാഭിനയങ്ങളും അത്തരമൊരു തോന്നലുളവാക്കുന്നുണ്ട്. ബര്‍ണാഡ് ഷാ Moun-tain game-ല്‍ രാഷ്ട്രീയത്തെ വിശദീകരിക്കുംപോലെ, ചെളിക്കൂനയില്‍ കയറിനില്‍ക്കുന്ന ഒരു കുട്ടി താന്‍ രാജാവാണെന്ന് പറയുന്നു. ശേഷിക്കുന്ന കുട്ടികള്‍ അവനെ താഴെയിറക്കാന്‍ നോക്കുന്നു. എല്ലാവരുടെ ദേഹത്തും ചെളി പുരളുന്നു. ഇതത്രേ രാഷ്ട്രീയം! ഇതിനപ്പുറം എന്താണ് നമ്മുടെ മതജീവിതത്തിലെ പ്രദര്‍ശനമത്സരങ്ങളും വെളിപ്പെടുത്തുക.

എന്റെ വേഷംകെട്ടലുകളും ആക്രോശങ്ങളും അഭിനയങ്ങളും എന്തിനെന്ന് നിനക്കറിയാമോ? ദൈവത്തോടുള്ള എന്റെ അനുസരണക്കേടുകള്‍ മറച്ചുവയ്ക്കാന്‍! സ്വയം ദൈവമാകാനുള്ള എന്റെ പരിശ്രമങ്ങള്‍ മൂടിവയ്ക്കാന്‍! ദൈവഹിതത്തിന് പകരം സ്വകാര്യ താല്‍പര്യങ്ങള്‍ക്കാണ് ഞാന്‍ പരിഗണന നല്‍കുന്നതെന്ന് നിങ്ങള്‍ അറിയാതിരിക്കാന്‍! ശരിക്കും, പഠിച്ചതൊന്നും അനുഭവമാകാതെ പോകുന്നതിന്റെ ലജ്ജ മറക്കുന്നതിനുതന്നെ!
സുന്ദരം എന്ന ഗോപുരവാതില്‍ക്കല്‍ ഭിക്ഷ യാചിച്ചിരുന്ന മുടന്തനെ കാലുറപ്പിച്ച് എഴുന്നേല്‍പിക്കുന്നു പത്രോസും യോഹന്നാനും! തുടര്‍ന്ന് യാചകന്റെ കരംപിടിച്ച് പത്രോസ് നടത്തുന്ന പ്രഭാഷണത്തില്‍ ജനക്കൂട്ടം ആശ്ചര്യപ്പെടുന്നു. ”അവര്‍ പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്‍കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു: അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു”. സുഹൃത്തേ, നമ്മുടെ കൈയില്‍ വെള്ളിയും പൊന്നും കൊണ്ടുള്ള കുരിശുകള്‍ മാത്രമേയുള്ളൂ സംഭാവന നല്‍കാനായി. ക്രിസ്തുവിനെ കൊടുക്കാന്‍ എനിക്കാവുന്നില്ല സഖേ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?