കാഞ്ഞിരപ്പള്ളി: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടന്‍ മോചിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു.
ജബല്‍പ്പൂര്‍ രൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയായ ജബല്‍പ്പൂര്‍ ഡയോസിഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും വികാരി ജനറാളുമാണ് എലിക്കുളം ഇടവകാംഗവും കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സിവില്‍ കേസില്‍ കഴിഞ്ഞ മെയ് 27 നാണ് വൈദികനെ മധ്യപ്രദേശ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഫാ. എബ്രഹാമിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി പ്രതിഷേധാര്‍ഹവും മനുഷ്യാവകാശ ലംഘനവുമാണ്. കഴിഞ്ഞ 10 വര്‍ഷമായി ജബല്‍പ്പൂര്‍ രൂപതയില്‍ സേവനം ചെയ്തുവരുന്ന മലയാളി വൈദികന്റെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ബിജെ പി യുടെ അന്യസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ കാപട്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. ഫാ. എബ്രഹാമിനെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ബേബി കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സമിതിയംഗം ടെസി ബിജു പാഴിയാങ്കല്‍, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കും ചേരിക്കുന്നേല്‍, സണ്ണിക്കുട്ടി അഴകം പ്രായില്‍, ഫിലിപ്പ് പള്ളിവാതുക്കല്‍, ഡെയ്‌സി ജോര്‍ജ്കുട്ടി ചീരംകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *