Follow Us On

09

January

2025

Thursday

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് ബിഷപ്

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് ബിഷപ്
കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  നിയമിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നടന്നുകൊണ്ടിരുന്ന മെത്രാന്‍ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്.
ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30-ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തി. സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാര്‍ തോമസ് തറയിലിനെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കല്പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തിലും മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം 75 വയസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. നിലവില്‍ അതിരൂപതയുടെ സഹായമെത്രാനാണ്. ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് 2017-ല്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിലവില്‍ അദിലാബാദ് രൂപതാമെത്രാനായ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ കത്തീഡ്രല്‍ ഇടവകയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയതാണ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. 1989-ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 2000 ജനുവരി ഒന്നിന് ആര്‍ച്ചുബിഷപ് മാര്‍ പവ്വത്തിലില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2017 ജനുവരി 14-ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 ഏപ്രില്‍ 23-ന് സഹായമെത്രാനായി അഭിഷിക്തനായ മാര്‍ തോമസ് തറയില്‍ അന്നുമുതല്‍ അതിരൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്‌ന പദവിയോടൊപ്പം തിരുവനന്തപുരം, കൊല്ലം, അമ്പൂരി ഫൊറോനകളുടെ പ്രത്യേക ചുമതലയും വഹിച്ചിരുന്നു. അറിയപ്പെടുന്ന ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് നിയുക്ത ആര്‍ച്ചുബിഷപ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ പി.ജെ. ദേവസിയുടെയും എ.എം. കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാര്‍ച്ച് 13-നാണ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. 2007 ഏപ്രില്‍ 25-ന് മാര്‍ ജോസഫ് കുന്നത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റു നേടി. പിന്നീട് രൂപതയില്‍ തിരിച്ചെത്തിയ അദ്ദേഹം 2015 ഒക്‌ടോബര്‍ 29-ന് അദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഇറ്റാലിയന്‍, ജര്‍മനി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?