സര്‍വ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയില്‍ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദൗപതി മുര്‍മുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ പ്രാര്‍ത്ഥനയും ആശംസകളും അറിയിച്ചത്.
റോമില്‍ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീര്‍ഘിച്ച യാത്രയില്‍ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാര്‍ക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദര്‍ശന വേളകളിലെല്ലാം എതെങ്കിലും രാജ്യത്തിന്റെ മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോള്‍ അന്നാടിന്റെ തലവന് പാപ്പാ ഇപ്രകാരം സന്ദേശം അയയ്ക്കുക പതിവാണ്.
ഇന്ത്യയ്ക്കു പുറമെ, ഇറ്റലി, ക്രൊയേഷ്യ, ബോസ്‌നിയ ഹെര്‍സഗോവീന, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍ മലേഷ്യ ഇന്തൊനേഷ്യ എന്നീ നാടുകളുടെ വ്യോാമപാതയിലൂടെ പാപ്പാ കടന്നുപോയി. ഇന്തൊനേഷ്യയുടെ മുകളിലൂടെ വിമാനം പറന്നെങ്കിലും അത് ആതിഥേയ രാഷ്ട്രമായതിനാല്‍ പാപ്പാ സന്ദേശം അയച്ചില്ല.
സാഹോദര്യത്താലും സമാധാനത്താലും പാക്കിസ്ഥാന്‍ അനുഗ്രഹീതമാകട്ടെയെന്ന് പാപ്പാ അന്നാടിന്റെ രാഷ്ട്രത്തലവന്‍ ആസിഫ് അലി ത്സര്‍ദാരിക്കയച്ച ടെലെഗ്രാം സന്ദേശത്തില്‍ പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തന്‍ സമാധാനമെന്ന ദാനത്താല്‍ ഇറാനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ഇറാന്റെ പ്രസിഡന്റ് മസൂദ് പെത്സെഷ്‌കിയാന് അയച്ച സന്ദേശത്തില്‍ ആശംസിക്കുന്നു.
സെപ്റ്റംബര്‍ 2-13 വരെയാണ് പാപ്പായുടെ സുദീര്‍ഘമായ ഈ ഇടയസന്ദര്‍ശനം. ഇന്തൊനേഷ്യ, പൂര്‍വ്വതിമോര്‍, സിങ്കപ്പൂര്‍ എന്നീ ഏഷ്യന്‍ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും ആണ് സന്ദര്‍ശന വേദികള്‍.
സെപ്റ്റംബര്‍ 3ന് ചൊവ്വഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക്, നിശ്ചിത സമയത്തെക്കാള്‍ 15 മിനിറ്റ് നേരത്തെ, 11.15ന് പാപ്പാ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ സുക്കാര്‍ണൊ ഹാത്ത വിമാനത്താവളത്തില്‍ എത്തി. അപ്പോള്‍ ഇന്ത്യയില്‍ സമയം ചൊവ്വാഴ്ച രാവിലെ 9.45 ആയിരുന്നു. സുദീര്‍ഘ യാത്രയായിരുന്നതിനാല്‍ ക്ഷീണം മൂലം ജക്കാര്‍ത്തയിലെ അപ്പൊസ്‌തോലിക്ക് നണ്‍ഷിയേച്ചറില്‍ വിശ്രമിച്ചതിനു ശേഷം ബുധനാഴ്ച രാവിലെയാണ് പാപ്പാ ജക്കാര്‍ത്തയില്‍ തന്റെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്.
സെപറ്റംബര്‍ 3-6 വരെ പാപ്പാ മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലായിരിക്കും. ആറാം തീയതി ഇന്തൊനേഷ്യയില്‍ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയും വാനിമോയും സന്ദര്‍ശിക്കും. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യന്‍ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ പാപ്പായെത്തും. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. 13ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.
Leave a Comment
Your email address will not be published. Required fields are marked with *