മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ നോയല്‍ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്.
കല്യാണ്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില്‍ റീജന്‍സി ചെയ്യുകയായിരുന്നു ബ്രദര്‍ ഫെലിക്‌സ് തെക്കേക്കര. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നു നോക്കാന്‍ പോയതായിരുന്നു അദ്ദേഹം. പുഴക്കരികില്‍ നില്ക്കുമ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്‍സ് തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസും ഫയര്‍ഫോഴ്സുമെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ബ്രദര്‍ നോയലിന്റെ മൃതദേഹം കണ്ടെടുത്തത്.
നവി മുംബൈയിലെ നെരുള്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോനാ ദൈവാലയത്തില്‍ നടന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് കല്യാണ്‍ രൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ചങ്ങനാശേരിയില്‍നിന്നും മുംബൈയിലേക്ക് കുടിയേറിയ ഇട്ടിത്താനം തെക്കേക്കര ഫെലിക്സ് വര്‍ഗീസ് – ഷീബ ദമ്പതികളുടെ മകനാണ് ബ്രദര്‍ നോയല്‍. സഹോദരി – നാന്‍സി. ഫെലിക്സ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. ബംഗളൂരൂവിലെ ബഹുരാഷ്ട്ര ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചായിരുന്നു ബ്രദര്‍ നോയല്‍ കല്യാണ്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നത്.
Leave a Comment
Your email address will not be published. Required fields are marked with *