ഒരു പട്ടാളക്കാരന്‍ സൈനികസേവനത്തിനിടയില്‍ കൈകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രാജ്യസുരക്ഷക്കുവേണ്ടി മനസും കണ്ണുംകാതും കൂര്‍പ്പിച്ച് നില്‍ക്കുന്ന ഒരു സൈനികനിത് സാധ്യമാകുമോ? മാത്രമല്ല, വിശ്വാസികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ഇതൊക്കെ ഇഷ്ടപ്പെടുമോ? പക്ഷേ ഇതിനെല്ലാം ഉത്തരമുണ്ട്, കൊല്ലം അഴീക്കല്‍ സ്വദേശി ജൂഡി മാളിയേക്കലിന്.
പഴയനിയമം 14 മാസംകൊണ്ടും പുതിയനിയമം രണ്ടുമാസം കൊണ്ടുമാണ് ജൂഡി പൂര്‍ത്തീകരിച്ചത്. ഒഴിവുവേളകളില്‍ ബൈബിള്‍ എഴുതിത്തുടങ്ങിയതിലൂടെ ഹൃദയത്തില്‍ രൂപപ്പെട്ട സന്തോഷം വാക്കുകള്‍ക്കതീതമാണെന്ന് ജൂഡി പറയുന്നു. ശാരീരികവും മാനസികവുമായ സൗഖ്യവും സഹപ്രവര്‍ത്തകരില്‍ പോലും തികഞ്ഞൊരു ആത്മീയാനന്ദവുമാണ് ഇതുവഴി രൂപപ്പെട്ടത്.
മുപ്പതാംവര്‍ഷമാണ് ജൂഡി പട്ടാളത്തില്‍ സേവനം ചെയ്യുന്നത്. ആസാം റൈഫിള്‍സിലെ സിഗ്‌നല്‍സ് വിഭാഗത്തില്‍. ബൈബിള്‍ എഴുതിത്തുടങ്ങിയ ആദ്യനാളുകളില്‍ ശാരീരിക അസ്വസ്ഥതകളാല്‍ കൊല്‍ക്കത്തയിലെ സൈനിക ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നു. എങ്കിലും ജൂഡി പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും ശക്തമാക്കി. കൂടാതെ പേപ്പറിലേക്ക് ബൈബിള്‍ വചനങ്ങള്‍ എഴുതാനും തുടങ്ങി. കൊല്‍ക്കത്തയില്‍ അന്ന് മദര്‍ തെരേസയുണ്ട്. സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നത് വളരെചുരുക്കമാണെന്ന് മാത്രം. ശസ്ത്രക്രിയക്കുശേഷം കിടക്കയില്‍ തളര്‍ന്നു കിടക്കുകയാണ് ജൂഡി. മരണകരമായ അനുഭവത്തിലൂടെ കടന്നുപോയതുകൊണ്ടാകണം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു തുടങ്ങി. കടുത്ത വേദനകൊണ്ട് ആശുപത്രിക്കിടക്കയില്‍കിടന്ന് ഉരുളുമ്പോള്‍ അടുത്തുവരുന്ന ഡോക്ടര്‍മാരോട് ജൂഡി പറയും. ”മദര്‍ തെരേസയെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്, എന്നെ അതിനായി അനുവദിക്കുമോ?”
എണീറ്റൊന്നിരിക്കാന്‍ പരസഹായം വേണ്ടതുകൊണ്ട് ജൂഡിയെ അവിടേക്ക് വിടാന്‍ ഡോക്ടര്‍മാര്‍ ആദ്യം അനുവദിച്ചില്ല. മേജര്‍ സര്‍ജറികഴിഞ്ഞ് റെസ്റ്റ് എടുക്കുന്നൊരാളെ അങ്ങനെ വിടാന്‍ പാടില്ല എന്നതാണ് നിയമം. എങ്കിലും ജൂഡിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡോക്ടര്‍ ഒരു അറ്റന്ററെ കൂട്ടി ടാക്‌സിയില്‍ അദ്ദേഹത്തെ പോയിവരാന്‍ അനുവദിച്ചു.
ഏതായാലും കോണ്‍വെന്റിലെത്തി മദറിനെ കണ്ടു. ഒരു മകനോടുളള സ്‌നേഹവാത്സല്യത്തോടെ മദര്‍ ജൂഡിയെ ചേര്‍ത്ത് പിടിച്ചു ചുംബിച്ചു. വളരെ അലിവോടെയാണ് അമ്മ സംസാരിച്ചത്. വീട്ടിലുള്ളവരെക്കുറിച്ച് അന്വേഷിച്ച അമ്മ അവര്‍ക്കെല്ലാം മെഡലുകളും കൊന്തയുമെല്ലാം നല്‍കിയാണ് യാത്രയയച്ചത്.
തിരിച്ചെത്തിയതോടെ ഒരിക്കലുമില്ലാത്ത ആഹ്ലാദത്തോടെ ബൈബിള്‍ എഴുതാന്‍ തുടങ്ങി. അന്നൊക്കെ ഒരു ദിവസം 12 പേജ് വരെ ബൈബിള്‍ എഴുതുമായിരുന്നുവത്രേ. കൂടാതെ ലീവിന് നാട്ടിലേക്ക് പോകുമ്പോഴും, വരുമ്പോഴും എയര്‍പോര്‍ട്ടിലും, റെയില്‍വേ സ്റ്റേഷനിലും, ട്രെയിനിലുമൊക്കെ ഒരുമടിയും കൂടാതെയിരുന്ന് ബൈബിള്‍ എഴുതുവാന്‍ ജൂഡിക്ക് കഴിഞ്ഞു. എല്ലാവരും മൊബൈല്‍ നോക്കിയിരുന്ന് സമയം കളയുമ്പോള്‍ ഈ പട്ടാള ഉദ്യോഗസ്ഥന്‍ അതീവ ജാഗ്രതയോടെ ബൈബിളെഴുന്നത് കണ്ട് സഹയാത്രികര്‍ പോലും അമ്പരന്നു. അവര്‍ ഭക്ത്യാദരവുകളോടെയാണ് അദ്ദേഹത്തെ കണ്ടത്.
തിരക്കിനിടയിലും ജൂഡിയുടെ ഈ ബൈബിളെഴുത്ത് ഇടവകയ്ക്ക് ഏറെ പ്രയോജനപ്രദമായെന്ന് ഇടവക വികാരി ഫാ. പ്രശാന്ത് ജോര്‍ജ് പറഞ്ഞു. കുട്ടികള്‍ക്ക് പോലും ഇപ്പോള്‍ ബൈബിള്‍ വായിക്കാനും എഴുതാനും കഴിയുന്നുവെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.
3,200 പേജുകളാണ് ഇദ്ദേഹം ബൈബിളിനുവേണ്ടി ഇരുന്നെഴുതിയത്. കഴിഞ്ഞ ഏഴര വര്‍ഷമായി പ്രഭാത പ്രാര്‍ത്ഥന ഗ്രൂപ്പ് എന്ന പേരില്‍ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയും അദ്ദേഹത്തിനുണ്ട്. എപ്പോഴും തിരക്കാണ്, സമയമില്ല എന്ന് പറയുന്നവര്‍ക്ക് ഉത്തമ മാതൃകയാണ് ഈ ചെറുപ്പക്കാരന്‍.
തെരുവിലൂടെ നടക്കുന്ന മെത്രാന്‍
തെരുവിലൂടെ കാല്‍നട യാത്രചെയ്യാനും വഴിവക്കില്‍ നില്‍ക്കുന്നവരോട് കുശലം ചോദിക്കാനുമൊന്നും സാധാരണ നമ്മുടെ നാട്ടിലെ സഭാശ്രേഷ്ഠര്‍ക്ക് കഴിയാറില്ല. അതിനുള്ള സാഹചര്യങ്ങളും അവര്‍ക്ക് വളരെ കുറവായിരിക്കും. മിക്കവാറും എല്ലാ ദിവസവും ഓഫീസില്‍ അവര്‍ നല്ല തിരക്കാലായിരിക്കും. സഭാശ്രേഷ്ഠരെ വിവിധ ആവശ്യങ്ങള്‍ക്കായി രാഷ്ട്രീയനേതാക്കളും ഭരണാധികാരികളുമൊക്കെ കാണാനെത്തുന്നതിനാല്‍ അവര്‍ സദാ തിരക്കാലിയാരിക്കും. അതുകൊണ്ടൊക്കെ സാധാരണക്കാര്‍ തിങ്ങിക്കഴിയുന്ന ഒരു തെരുഥിയിലൂടെ ഒരു മെത്രാനും നടക്കാന്‍ ഇന്നത്തെ കാലത്ത് സാധ്യമായെന്ന് വരില്ല. എന്നാല്‍ അദീലാബാദ് രൂപതയുടെ മെത്രാന്‍ ബിഷപ് ഡോ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ ഇതില്‍നിന്നും ഏറെ വ്യത്യസ്തനാണ്. അദ്ദേഹം വഴിവക്കിലൂടെ നടക്കാറുണ്ട്, ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാറുണ്ട്. ജനങ്ങളോട് കുശലം ചോദിക്കാറുണ്ട്, കിട്ടുന്ന അവസരങ്ങളിലൊക്കെയും അവരോട് യേശുവിനെക്കുറിച്ച് പറയാറുമുണ്ട്…
ഒരു സന്ധ്യാവേളയില്‍ ബിഷപ് അസിഫാബാദ് ജില്ലയിലെ ചദ്രപ്പള്ളി എന്ന വഴിവക്കിലൂടെ നടക്കുമ്പോള്‍ പെന്‍ഡയ എന്നൊരാള്‍ യേശുവിനെക്കുറിച്ച് മനോഹരമായി പാടുന്നത് കണ്ടു. യേശുവിനെ നമ്മള്‍ സമൂഹത്തില്‍ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത്. നാടന്‍ ശൈലിയിലുള്ളൊരു പാട്ടായിരുന്നു അത്. ബിഷപ് അതു കേട്ടുനിന്ന് ആസ്വദിക്കുകയും അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തുവന്നവരോട് യേശുവിനെ വിശ്വസിച്ച് ജീവിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിലും കുടുംബത്തിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
സമൂഹത്തില്‍ മാറ്റം വരുന്നത് ഇടയന്മാര്‍ ആടുകളിലേക്ക് ഇറങ്ങിവരുമ്പോഴാണ്. ആടുകളുടെ മണമുള്ള ഇടയന്മാരായി നമ്മുടെ ഇടയന്മാര്‍ മാറുതിന് നമുക്ക് ദൈവത്തിന് നന്ദി പറയാം.
Leave a Comment
Your email address will not be published. Required fields are marked with *