പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള്‍ ഇവിടെ 800ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്‍ട്ട് മോറസ്ബിയിലെ സര്‍ ജോണ്‍ ഗുയിസ് സ്റ്റേഡിയത്തില്‍ തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്.
വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്‍ക്കുവാനാണ് യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന, സ്വപ്‌നങ്ങള്‍ പിറക്കുന്ന പപ്പുവ ന്യു ഗനിയുടെ മനോഹാരിത ആനന്ദത്തോടെ പങ്കുവയ്ക്കുന്നതിന് പാപ്പ യുവനജനങ്ങളോട് നന്ദി പറഞ്ഞു.
രണ്ടുവിധത്തില്‍ സമൂഹം കെട്ടിപ്പടുക്കാമെന്ന് ബൈബിളിലെ ബാബേല്‍ ഗോപുരത്തിന്റെ കഥ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. വിഭാഗീയതയും കണ്‍ഫ്യൂഷനും നിറഞ്ഞ സമൂഹമോ ദൈവത്തെയും സഹമനുഷ്യരെയും കണ്ടുമുട്ടുന്നതിലൂടെ ഐക്യം വളര്‍ത്തുന്ന സമൂഹമോ നമുക്ക് നിര്‍മിക്കാം. യുവനജനങ്ങളാണ് ഭാവിയുടെ പ്രത്യാശയെന്നും പാപ്പ പറഞ്ഞു.
പരമ്പരാഗത വേഷങ്ങളണിഞ്ഞ യുവജനങ്ങള്‍ നൃത്തച്ചുവടുകളോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേറ്റത്. കിമ്പെ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ ബോസ്‌കോ ഔറാം സ്വാഗതം ആശംസിച്ചു. തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുടെ സാക്ഷ്യങ്ങളും പാപ്പ ശ്രവിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *