Follow Us On

08

October

2024

Tuesday

സത്യത്തിനും നീതിക്കുമായി പോരാടിയ അഭിഭാഷകന്‍ അഡ്വ. ഡോ. എം.ജെ ചെറിയാന്റെ പോരാട്ടകഥ

സത്യത്തിനും നീതിക്കുമായി  പോരാടിയ അഭിഭാഷകന്‍ അഡ്വ. ഡോ. എം.ജെ ചെറിയാന്റെ പോരാട്ടകഥ

ബാബു പുല്‍പ്പള്ളി

നീലഗിരിയിലെ മലയാളി കര്‍ഷക കുടുംബങ്ങളുടെ കുടിയിറക്കിനെതിരെയുള്ള പോരാട്ടകഥ അഭിഭാഷകനായ എം.ജെ ചെറിയാന്റെ കൂടെ കഥയാണ്. 1950കളില്‍ ഇവിടേക്ക് കുടിയേറിയ മലയാളികളുടെ ഭൂമിക്കും അവകാശങ്ങള്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായി പോരാടിയ വ്യക്തിയാണ് അഡ്വ. എം.ജെ ചെറിയാന്‍. ഗൂഡല്ലൂര്‍ കര്‍ഷക സമരത്തിനുവേണ്ടി തന്റെ ജീവിതവും സമയവും ത്യജിച്ച അദ്ദേഹം പണപ്പിരിവില്ലാതെ പൊതുജനസേവനം നടത്താമെന്നു തെളിയിച്ച മനുഷ്യസ്‌നേഹികൂടിയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തരതലത്തില്‍ പോലും ശ്രദ്ധ നേടി.

പഠന വിഷയമായി മാറിയ പോരാട്ടവീര്യം
അഴിമതിക്കെതിരെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും പോരാടിയ അഡ്വ. ചെറിയാന്‍ 1995-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ക്ഷണിതാവായി വിയന്നയില്‍ നടന്ന രണ്ടാം ആഗോള മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്തു. നിയമ വ്യവസ്ഥയിലെ പാണ്ഡിത്യം പണിഗണിച്ച് 1998-ല്‍ ഫിലിപ്പിന്‍സിലെ മനിലയില്‍, പ്രത്യേക മനുഷ്യാവകാശ പരിശീലനത്തിനായും അഡ്വ. ചെറിയാനെ മനുഷ്യാവകാശ കമ്മീഷന്‍ തിരഞ്ഞെടുത്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. വര്‍മയും, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എം. എന്‍. വെങ്കിടാചലയ്യയും അടങ്ങുന്ന സംഘമാണ് ഈ പരിശീലനത്തിനായി അഡ്വ. ചെറിയാനെ തിരഞ്ഞെടുത്തത്.

ഉത്തര്‍പ്രദേശിലെ ഗജറുലയില്‍ കന്യാസ്ത്രിമാര്‍ക്കെതിരെ 1995 -ല്‍ നടന്ന അതിക്രമത്തെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച് ആക്രമിക്കപ്പെട്ട സന്യാസിനിമാര്‍ക്ക് നീതി ലഭ്യമാക്കിയത് അഡ്വ. ചെറിയാന്‍ ആയിരുന്നു. തന്റെ പോരാട്ടങ്ങളിലൂടെ, ഗാന്ധിമാര്‍ഗം കാലഹരണപ്പെട്ടിട്ടില്ലെന്നും കാലഹരണപ്പെടില്ലെന്നും അദ്ദേഹം തെളിയിച്ചു. ഇദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങള്‍ ഇന്ന് ഇന്ത്യയിലെയും വിദേശത്തെയും നിരവധി നിയമ സര്‍വകലാശാലകളിലും, ലോ കോളേജുകളിലും പഠന വിഷയങ്ങളാണ്.

ജീവന് ഭീഷണിയായി ഗൂഡല്ലൂര്‍ സമരം
ഗൂഡല്ലൂരിലെ മലയാളി കര്‍ഷക കുടിയിറക്കിനെതിരെ 1981 -ല്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കി ഗൂഡല്ലൂര്‍ കുടിയിറക്കു കേസില്‍ അഡ്വ. ചെറിയാന്‍ അനുകൂല വിധി നേടി. ദശാബ്ദങ്ങള്‍ നീണ്ട പ്രക്ഷുബ്ധവും തീവ്രവുമായ പോരാട്ടത്തിന്റെ ഫലമായിരുന്നു ആ വിജയം. ഭൂരിഭാഗവും മലയാളികള്‍ ആയിരുന്നെങ്കിലും 1956 -ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഗൂഡല്ലൂര്‍ താലൂക്ക് തമിഴ്നാടിന്റെ ഭാഗമായി. 1969 മുതല്‍ മലയാളി കര്‍ഷകരെ ഇവിടെ നിന്ന് കുടിയിറക്കാനുള്ള ശ്രമം തുടങ്ങി.

1972 ലാണ് 4000 ത്തോളം മലയാളി കര്‍ഷകരെ കുടിയിറക്കാന്‍ തമിഴ്നാട്ടിലെ കരുണാനിധി സര്‍ക്കാര്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഫോറസ്റ്റുകാരും പോലീസുകാരും ചേര്‍ന്ന് മലയാളി കര്‍ഷകരെ ക്രൂരമായി കൂടിയൊഴിപ്പിച്ചു. തമിഴ്നാട് സര്‍ക്കാര്‍ മലയാളി കര്‍ഷകരുടെ 2000 ഏക്കര്‍ കൃഷി നശിപ്പിക്കുകയും അവിടെ 80 ലക്ഷത്തോളം യൂക്കാലി, ഗ്രാന്റീസ് തൈകള്‍ നടുകയും ചെയ്തു. ഇതിനെതിരെ ഗൂഡല്ലൂര്‍ കര്‍ഷക സംരക്ഷണ സംഘം (GKSS) എന്ന പേരില്‍ കര്‍ഷകരെ സംഘടിപ്പിച്ചു അദ്ദേഹം പ്രക്ഷോഭം ആരംഭിച്ചു. ഫാ. ജോസഫ് വടക്കന്‍, ഫാ. മത്തായി നൂറാനാല്‍ തുടങ്ങിയവര്‍ കര്‍ഷക സമരത്തിന് എല്ലാ പിന്തുണയും നല്‍കി. 1973-ല്‍ അഡ്വ. എം ജെ ചെറിയാന്‍ നൂറുകണക്കിന് കര്‍ഷകരെ അണിനിരത്തി കര്‍ഷക ഭൂമിയില്‍ ഫോറസ്റ്റുകാര്‍ നട്ട യൂക്കാലി പിഴുതു മാറ്റി. ഇതോടുകൂടി പോലീസ് വന്‍തോതില്‍ കര്‍ഷക മര്‍ദനം ആരംഭിക്കുകയും അഡ്വ. ചെറിയാനെ വെടിവെച്ചു കൊല്ലാന്‍ രഹസ്യമായി തീരുമാനിക്കുകയും ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് പോലീസും ഫോറസ്റ്റുകാരും ചേര്‍ന്ന് 1973 ഫെബ്രുവരി മാസത്തില്‍ ഒരു നരനായാട്ടു തന്നെ ഗൂഡല്ലൂര്‍ മലയാളികളുടെ നേരെ നടത്തി. വന്‍ പോലീസ് സംഘം കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. ഇരുപതോളം വീടുകള്‍ അഗ്നിക്കിരയാക്കി. കര്‍ഷകരുടെ വീടുകള്‍ കൊള്ളയടിച്ചു. നൂറുകണക്കിന് മലയാളി കര്‍ഷകര്‍ കേരളാ അതിര്‍ത്തിയായ ചിരാല്‍, പഴൂര്‍, സുല്‍ത്താന്‍ ബത്തേരി എന്നിവടങ്ങളിലേക്കു പലായനം ചെയ്തു. പഴൂര്‍, ചിരാല്‍ എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു. ഗൂഡല്ലൂര്‍കാരായ 2000 കര്‍ഷകര്‍ ക്യാമ്പില്‍ അഭയം തേടി. പോലീസ് അതിക്രമത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

സഹായവുമായി കേരള നേതാക്കള്‍
അഡ്വ. ചെറിയാന്‍ കേരള നേതാക്കളെ വിവരം അറിയിച്ചിയതിനെ തുടര്‍ന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, എംപി വിരേന്ദ്രകുമാര്‍, ബി. വെല്ലിങ്ടണ്‍, ഫാ. വടക്കന്‍ എന്നിവര്‍ കര്‍ഷകരെ സഹായിക്കാനെത്തി. കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ ഫാ.വടക്കന്‍ പാഴൂര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം തുടര്‍ന്ന ഫാ.വടക്കന്റെ നില ഓരോ ദിവസവും ഗുരുതരമായി മാറി. അന്ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ബേബി ജോണും, പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ. കെ. ഗോപാലനും മദ്രാസില്‍ ചെന്ന് കരുണാനിധിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കുടിയിറക്കു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, ഫാ. വടക്കന്‍ എട്ട് ദിവസം നീണ്ടനിരാഹാരം എകെജി യില്‍നിന്ന് നാരങ്ങാ നീര് സ്വീകരിച്ചു അവസാനിപ്പിക്കുകയും ചെയ്തതുമെല്ലാം ചരിത്രം.

കുടിയിറക്കിനെ തടഞ്ഞ അഡ്വ. ചെറിയാന്റെയും നൂറുകണക്കിന് കര്‍ഷകരുടെയും പേരില്‍ തമിഴ്നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തയാറായില്ല. ഈ സമയം സുല്‍ത്താന്‍ ബത്തേരി, കല്പ്പറ്റ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചെറിയാനെ അറസ്റ്റു ചെയ്യാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന് വ്യക്തമാക്കിയതോടെ അഡ്വ. ചെറിയാന്‍ മദ്രാസില്‍ എത്തി കോടതിയില്‍ കിഴടങ്ങി. തുടര്‍ന്ന് മൂന്നുമാസത്തോളം മദ്രാസ്-കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ അദ്ദേഹം തടവില്‍ കഴിഞ്ഞു. ഈ സമയം ഗൂഡല്ലൂര്‍ നേതാക്കളും ഫാ. വടക്കനും, എകെ ഗോപാലനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ ഗൂഡല്ലൂര്‍ പ്രശ്നങ്ങളെക്കുറിച്ച്് ബോധ്യപ്പെടുത്തുകയും, ഇന്ദിര ഗാന്ധിയുടെ നിര്‍ദേശപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ എല്ലാ കേസുകളും പിന്‍വലിക്കുകയും ചെയ്തു.

ചരിത്രത്തില്‍ ഇടം നേടിയ വിധി
എന്നാല്‍ അടിയന്തരാവസ്ഥക്കു ശേഷം 1975-ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായ എം ജി രാമചന്ദ്രന്‍ വീണ്ടും ഗൂഡല്ലൂരില്‍ കുടിയിറക്ക് ആരംഭിച്ചു. ഈ അവസരത്തില്‍ ഫോറസ്റ്റുകാര്‍ തന്റെ വീട് ആക്രമിക്കുകയും, വില്ലകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് ലൂയിസ് തുരുത്തിയില്‍ എന്ന കര്‍ഷകന്‍ 1978-ല്‍ ഗൂഡല്ലൂര്‍ ആര്‍ഡിഒ ഓഫീസിനു മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മാഹൂതി ചെയ്തു. ഇതേ തുടര്‍ന്ന് വീണ്ടും കുടിയിറക്കു നിര്‍ത്തിവച്ചു.
1981 -ല്‍ എംജിആര്‍ വീണ്ടും അധികാരത്തില്‍ വരുകയും ഗൂഡല്ലൂരിലെ കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചു കുടിയിറക്ക് ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തില്‍ കര്‍ഷക പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ അഡ്വ. ചെറിയാന്‍ തീരുമാനിച്ചു. 1981 സെപ്റ്റംബറില്‍ അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി അനുവദിച്ചു. മൂന്നംഗ ബെഞ്ച് ഘീരൗ െ ടമേിറശ ഞൗഹല റദ്ദ് ചെയ്തു ഗൂഡല്ലൂര്‍ താലൂക്ക് മുഴുവന്‍ കുടിയിറക്കു നിര്‍ത്തലാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പൊതുതാല്പര്യ ഹര്‍ജിയിലെ ഇന്ത്യയിലെ ആദ്യ കേസ് എന്ന നിലയില്‍ അഡ്വ. ചെറിയാന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഈ ഉത്തരവോടെയാണ് ഗൂഡല്ലൂര്‍ കുടിയിറക്ക് അവസാനിച്ചത്.

സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ അഡ്വ. ചെറിയാന്റെ ശ്രമഫലമായി 1900 കര്‍ഷകര്‍ക്ക് പട്ടയം വാങ്ങി കൊടുത്തു. കൂടാതെ കര്‍ഷ പ്രശ്നം പരിഹരിക്കാനായി മദ്രാസ്, ബാംഗ്ലൂര്‍, തിരുവനന്തപുരം സെക്രട്ടറിയേറ്റുകളുടെ മുമ്പില്‍ ധര്‍ണയും ഉപവാസവും നടത്തി.
ഗാന്ധി മാര്‍ഗത്തിലൂടെയുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരാനായി 1990 -ല്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗാന്ധിയന്‍ ചിന്തയില്‍ എംഎ ബിരുദാനന്തര ബിരുദവും, പിന്നീട് 1997-ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഗാന്ധിയന്‍ ചിന്തയില്‍ ജവഉ യും നേടി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ സസൂഷ്മം വീക്ഷിക്കുന്ന അഡ്വ. ചെറിയാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും തന്റെ വിലയിരുത്തലുകള്‍ അവരെ അറിയിക്കുകയും ചെയ്തിരുന്നു.

ഗൂഡല്ലൂരിന്റെ ഇതിഹാസ യാത്ര, ‘A Lawyer’s Fifty years of Struggle’, സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടില്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഒരു പുരുഷായുസ് മുഴുവന്‍ സത്യത്തിനും നീതിക്കുവേണ്ടി പോരാടിയ അദ്ദേഹം 88-ാം വയസിലും തന്റെ പ്രയാണം തുടരുകയാണ്.
പാലാ കൊഴുവനാലിലെ പ്രശസ്ത തറവാടായ മണിയങ്ങാട്ട് മാണിക്യത്താഴെ കുടുംബത്തില്‍ ജോസഫ്-ത്രേസ്യാ ദമ്പതികളുടെ മകനായാണ് ഡോ. എം.ജെ ചെറിയാന്റെ ജനനം. 1941 -ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലേക്ക് ഈ കുടുംബം കുടിയേറി. പേരാവൂര്‍ എലമന്ററി സ്‌കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതലുള്ള പഠനം. വളരെ ചെറിയ ക്ലാസുകളില്‍ തന്നെ അധ്യാപകര്‍ മികച്ച വിദ്യാര്‍ത്ഥിയായി ചെറിയാനെ കണ്ടിരുന്നു. പേരാവൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി ഗ്രാജുവേഷന്‍ വരെയുള്ള തുടര്‍വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസം, സാമൂഹ്യ സേവനം, രാഷ്ട്രീയം, നിയമം, പൊതുതാല്പര്യവ്യവഹാരം തുടങ്ങി വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ചെറിയാന്‍ കേരള, മദ്രാസ്, ആഗ്ര, മധുര, മൈസൂര്‍ തുടങ്ങിയ സര്‍വകലാശാലകളില്‍നിന്ന് ഗണിതശാസ്ത്രം, നിയമം, രാഷ്ട്രതന്ത്രം, ഗാന്ധിയന്‍ ചിന്ത എന്നീ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. 1997-ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തിലും നിയമത്തിലും പിഎച്ച്ഡി നേടി. പണ്ഡിതനായ അഭിഭാഷകന്‍ എന്ന ഖ്യാതി നേടിയ ഇദ്ദേഹം ബാംഗ്ലൂരുവിലാണിപ്പോള്‍ താമസിക്കുന്നത്. ഭാര്യ അധ്യാപികയായിരുന്ന മേരി ടീച്ചര്‍. തേജസ്, താര എന്നിവര്‍ മക്കളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?