Follow Us On

23

November

2024

Saturday

യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ

യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്.

ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു.  ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രതികാരത്തിനുള്ള ആഗ്രഹത്തോടൊപ്പം പകയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പ പറഞ്ഞു.  യുദ്ധം ഒരു പരാജയമാണ്. ആയുധങ്ങള്‍ ഭാവി കെട്ടിപ്പടുക്കുന്നില്ല. മറിച്ച് അതിനെ നശിപ്പിക്കുന്നു. അക്രമം ഒരിക്കലും സമാധാനം നല്‍കുന്നില്ല. ചരിത്രം ഇതു തെളിയിക്കുന്നു. എന്നിരുന്നാലും വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ നാട്ടില്‍ വസിക്കുന്ന, സമാധാനത്തിനായി ദാഹിക്കുന്ന, നിസഹായരായ കത്തോലിക്കര്‍ അവിടെ തുടരാന്‍ ആഗ്രഹിക്കുന്നതിന് പാപ്പ നന്ദി പ്രകടിപ്പിച്ചു. ”വിശുദ്ധ നാട്ടിലെ കത്തോലിക്കരെ ദൈവം സ്‌നേഹിക്കുന്നു. ചുറ്റുമുള്ള ഇരുട്ടില്‍ അകപ്പെടാന്‍ അനുവദിക്കാതെ, ഫലം കായ്ക്കാനും ജീവന്‍ നല്‍കാനുമുള്ള ഒരു വഴി കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കണം”;  മാര്‍പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?