Follow Us On

22

December

2024

Sunday

ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്

ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്
പെരുവണ്ണാമൂഴി: 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ഷെക്കെയ്‌ന ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കരുമത്രക്ക്. ക്രിസ്തീയ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ശാലോം മാധ്യമ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഷെക്കെയ്‌ന ടെലിവിഷനിലൂടെ കേരള സഭയ്ക്കും ക്രൈസ്തവ മാധ്യമശുശ്രൂഷയ്ക്കും നല്‍കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ  അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സഭയ്ക്കുവേണ്ടി ശബ്ദിക്കാനും സഭയെ പ്രതിരോധിക്കാനും സത്യങ്ങള്‍ നിര്‍ഭയമായി വിളിച്ചുപറയാനും ഷെക്കെയ്‌ന ടിവിയിലൂടെ സന്തോഷ് കരുമത്ര നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഷെവ. ബെന്നി പുന്നത്തുറയുടെ നേതൃത്വത്തിലൂള്ള അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി.
ഡിസംബര്‍ 20ന് പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അവാര്‍ഡു ദാനം നിര്‍വഹിക്കും.
14 വയസുമുതല്‍ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ സന്തോഷ് കരുമത്രയുടെ നേതൃത്വത്തില്‍ 2019 ഒക്‌ടോബര്‍ ഏഴിനാണ് ഷെക്കെയ്‌ന ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചത്. ദൃശ്യമാധ്യമ രംഗത്ത് സത്യത്തിന്റെ സ്വരമാകാനും വിശ്വാസം സംരക്ഷിക്കുവാനും അധാര്‍മ്മികതയ്ക്കും അനീതിക്കും എതിരെ സ്വരമുയര്‍ത്താനും മതസ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പൊതുബോധം ഉണര്‍ത്താനും ഷെക്കെയ്‌ന ന്യൂസ് കര്‍മ്മപഥത്തില്‍ സജീവമാണ്.
മാറുന്ന ലോകത്തില്‍ മാറ്റമില്ലാത്ത സുവിശേഷ മൂല്യങ്ങളുടെയും പരമ്പരാഗത വിശ്വാസ സത്യങ്ങളുടെയും കാവല്‍ ഗോപുരങ്ങള്‍ പണിതുയര്‍ത്തുന്ന പ്രത്യേക പരിപാടികള്‍, സഭയെയും സഭാ സംവിധാനങ്ങളെയും ഇകഴ്ത്താനുള്ള ലോകശക്തികളുടെ ശ്രമങ്ങള്‍ക്ക് പ്രതിരോധ കവചമൊരുക്കുന്ന പ്രോഗ്രാമുകള്‍ എന്നിവ ഷെക്കെയ്‌നയുടെ സവിശേഷതകളാണ്. ഷെക്കെയ്‌നാ ന്യൂസ് ആരംഭിച്ച് 5 വര്‍ഷങ്ങള്‍ തികയും മുന്‍പേ ഷെക്കെയ്‌ന ഗ്ലോബല്‍ എന്ന ഇംഗ്ലീഷ് ചാനല്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചു.
യുഎസ്എ, കാനഡ, യുകെ, അയര്‍ലാന്റ്, ജര്‍മനി, യുഎഇ അടക്കമുള്ള രാജ്യങ്ങളിലും കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സന്തോഷ് കരുമത്ര സുവിശേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് കരുമത്രയില്‍, തേറാടന്‍ വീട്ടില്‍ പരേതനായ അല്ലേശു-ഫിലോമിന ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തമകനാണ്. ഭാര്യ: അന്ന സന്തോഷ്, നാല് മക്കള്‍: എസ്‌തേര്‍ ആന്‍, മറിയം, ജോണ്‍ പോള്‍, പീറ്റര്‍ ക്രിസ്റ്റോ.

ശാലോം മാധ്യമ അവാര്‍ഡ്

2006-ലാണ് ശാലോം മീഡിയ അവാര്‍ഡ് ആരംഭിച്ചത്.  മാധ്യമ  പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചത്: സിസ്റ്റര്‍ ശോഭ സിഎസ്എന്‍ (ചീഫ് എഡിറ്റര്‍ അമ്മ മാസിക-മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക്), ഫാ. ബിജു മഠത്തിക്കുന്നേല്‍ സിഎസ്എസ്ആര്‍ (നോവല്‍-ബസാലേല്‍), ഫാ. ജോസഫ് നെച്ചിക്കാട്ട് (പുസ്തകം-ജീവിത ചിന്തകള്‍), ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സിഎംഐ (പുസ്തകം-വിശുദ്ധിയുടെ നിറക്കൂട്ടുകള്‍), ഫാ. മൈക്കില്‍ പനച്ചിക്കല്‍ വി.സി (മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക്), പി.സി എറികാട് (നോവല്‍-ബലിഗുഡ), ഫാ. ജേക്കബ് തെക്കേമുറി (നോവല്‍-എലോഹീമിന്റെ പാദമുദ്രകള്‍), ഫാ. ഫ്രാന്‍സിസ് കാരക്കാട്ട് (മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക്)  എന്നിവര്‍ക്കാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?