Follow Us On

23

November

2024

Saturday

ദയാവധം നിയമവിധേയമാക്കാനൊരുങ്ങി യുകെ; പ്രതിരോധം തീര്‍ക്കാന്‍ ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍മാര്‍

ദയാവധം നിയമവിധേയമാക്കാനൊരുങ്ങി യുകെ; പ്രതിരോധം തീര്‍ക്കാന്‍  ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍മാര്‍

ലണ്ടന്‍: ‘അസിസ്റ്റഡ് സൂയിസൈഡിന്’ (രോഗിയുടെ ആവശ്യപ്രകാരം നടത്തുന്ന ആത്മഹത്യയ്ക്കുള്ള സഹായം) അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്‍മേല്‍ യുകെ പാര്‍ലമെന്റില്‍ നവംബര്‍ 29ന് വോട്ടെടുപ്പ് നടക്കും. ഈ പശ്ചാത്തലത്തില്‍ തങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംപിമാരെ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുവാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌നിക്കോള്‍സ് ഇടയേലഖനം പുറപ്പെടുവിച്ചു.

മരിക്കാനുള്ള അവകാശം മരിക്കാനുള്ള കടമയായി മാറിയേക്കാമെന്നും വളരെ ശ്രദ്ധയോടുകൂടെ മാത്രമേ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുതിരാവുള്ളൂവെന്നും കര്‍ദിനാളിന്റെ കത്തില്‍ പറയുന്നു. ദൈവത്തെ മറന്നുകൊണ്ടുള്ള നിയമനിര്‍മാണം മാനുഷികതയെ വിലകുറച്ച് കാണുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.

സമാനമായ മറ്റൊരു ഇടയലേഖനത്തില്‍ ഷ്രൂസ്‌ബെറി ബിഷപ് മാര്‍ക്ക് ഡേവിസും ബില്ലിനെ അപകടരമെന്ന് വിശേഷിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ വാര്‍ധക്യത്തിലുള്ളവര്‍ വര്‍ധിച്ചുവരുകയും അവരെ പരിചരിക്കുവാനുള്ളവരുടെ സംഖ്യ കുറഞ്ഞുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യസേവനത്തിന്റെ ഭാഗമായി രോഗികളെ കൊലപ്പെടുത്താമെന്ന നിയമം കൊണ്ടുവരുന്നത് അപകടകരമാണ്.  ഇത്തരത്തിലൊരു സമൂഹത്തില്‍ ജീവിച്ച് വാര്‍ക്യത്തിലേക്കെത്താന്‍ ആരും ആഗ്രഹിക്കില്ലെന്നും 2024 ക്രിസ്മസിന് മുന്നോടിയായി സ്വീകരിക്കാവുന്ന ഏറ്റവും അന്ധകാരം നിറഞ്ഞതും തിന്മയായതുമായ പാതയാണിതെന്നും ബിഷപ് മാര്‍ക്ക് ഡേവിസിന്റെ ഇടയലേഖനത്തില്‍ പറയുന്നു.

എംപിമാരുമായി സംസാരിക്കുവാനും നിയമത്തിനെതിരായി വോട്ടുചെയ്യുവാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും ബിഷപ് മാര്‍ക്ക് ഡേവിസും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജീവനുമായി ബന്ധപ്പെട്ട സമിതിയുടെ തലവനായ  ബിഷപ് ജോണ്‍ ഷെറിംഗ്റ്റണും ബില്ലിനെതിരെ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ലേബര്‍ പാര്‍ട്ടി അംഗമായ കിം ലിഡ്ബീറ്ററാണ് ‘ചോയ്‌സ് അറ്റ് ദി എന്‍ഡ് ഓഫ് ലൈഫ് ബില്‍’ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ലേബര്‍ പാര്‍ട്ടിഅംഗമായ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബില്‍ നിയമം ആയേക്കുമെന്ന ആശങ്ക ഉയരുന്നത്. നേരത്തെ 2015ല്‍ അവതരിപ്പിച്ച സമാനമായ ബില്‍ 118നെതിരെ 330 വോട്ടിന് പരാജയപ്പെട്ടിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?