വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്.
ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക സഭയിലേക്ക് കടന്നുവന്നു. മിഷന്‍ ഞായര്‍ ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022ന്റെ അവസാനത്തില്‍ 407,730 വൈദികരാണ് കത്തോലിക്ക സഭയിലുള്ളത്. ആഗോളതലത്തില്‍ വൈദികരുടെ സംഖ്യയില്‍ നേരിയ കുറവുണ്ടായെങ്കിലും ആഫ്രിക്കയില്‍ ഈ കാലയളവില്‍ 1676 വൈദികരും ഏഷ്യയില്‍ 1160 വൈദികരും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആഫ്രിക്കയില്‍ 2022-ല്‍ 1350 സന്യാസിനിമാരാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ആഗോളതലത്തില്‍ സന്യാസിനിമാരുടെ സംഖ്യ ആറുലക്ഷത്തിന് കുറച്ചുതാഴെയാണുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *