Follow Us On

07

November

2024

Thursday

പ്രിയമുള്ളവര്‍ പിരിയുമ്പോള്‍

പ്രിയമുള്ളവര്‍ പിരിയുമ്പോള്‍

 ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എന്റെയൊരു കസിനും ഭാര്യയും സന്തോഷകരമായ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഭവനത്തില്‍ ഇരുവരും ഒരുമിച്ച് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചി പെട്ടെന്നൊന്ന് കുഴഞ്ഞുവീണു. ഉടനെ പ്രാഥമിക ശുശ്രൂഷ കൊടുത്ത് വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലും പ്രവേശിപ്പിച്ചു. ആദ്യ കുറച്ചുനാളുകള്‍ കണ്ണിമപോലും അനക്കാനാവാതെ ഒരേ കിടപ്പ്. തലച്ചോറിന്റെ സര്‍ജറി ഉള്‍പ്പെടെ പല ചികിത്സകളും ചെയ്തു. ആറുമാസത്തിനുശേഷം നിത്യതയിലേക്ക് യാത്രയായി. ആ മരണം ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി. ഏറ്റവും കൂടുതല്‍ തളര്‍ത്തിയതും സങ്കത്തിലാഴ്ത്തിയതും എന്റെ പ്രിയസഹോദരനെയാണ്.

മരണം എല്ലാം തകിടം മറിക്കുന്നു
ഗ്രീക്കു ചിന്തകനായ ഡയോജനിസ് തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടത് ഇപ്രകാരമാണ്: ”ഞാന്‍ മരിക്കുമ്പോള്‍ മുഖം കമഴ്ത്തി എന്നെ സംസ്‌കരിക്കണം!” ജിജ്ഞാസയോടെ അവര്‍ ചോദിച്ചു: ”അതെന്താ, അങ്ങനെ?” തത്വജ്ഞാനിയായ ഗുരുവിന്റെ മറുപടി ഇതായിരുന്നു; ”വൈകാതെ എല്ലാം കീഴ്‌മേല്‍ മറിയും! ജീവിതത്തിന്റെ എല്ലാ ചീട്ടുകളും കശക്കിക്കുത്തുന്ന നേരമാണ് മരണം.” ശരിയല്ലേ? പലപ്പോഴും മരണം എന്ന യാഥാര്‍ത്ഥ്യം ജീവിതത്തെ പിടിച്ചു കുലുക്കുന്നു. എല്ലാം ആകെ തകിടം മറിക്കുന്നു!

മരിച്ചവര്‍ എന്നെങ്കിലും മടങ്ങി എത്തുമോ?
അമേരിക്കയിലെ അരിസോണയില്‍ 1972-ല്‍ ആരംഭിച്ച അല്‍കോര്‍ ലൈഫ് എക്സ്റ്റന്‍ഷന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം, ”മരണപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ ശാസ്ത്രത്തിന് സാധിക്കുമോ?” എന്ന ചോദ്യത്തിന് ഉത്തരമായി സ്ഥാപിക്കപ്പെട്ടതാണ്. മരിച്ചപോയ 227 മനുഷ്യര്‍ അവിടെ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ കാത്തിരിക്കുന്നു. ലിക്വിഡ് നൈട്രജന്‍ നിറച്ച സിലിണ്ടര്‍ ആകൃതിയിലുള്ള പേടകങ്ങളിലാണ് ഇവര്‍. ഭാവിയില്‍ വൈദ്യശാസ്ത്രം പുരോഗമിക്കുന്നതോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനാകും എന്നതാണ് പ്രതീക്ഷ. അല്‍കോറിന്റെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. മരണമടഞ്ഞ ആളുടെ ശരീരം ഐസ്ബാത്ത് നല്‍കി, രക്തം മാറ്റി അവയവങ്ങള്‍ സംരക്ഷിക്കുന്നു. പിന്നെ ഒരു പ്രത്യേക ലായനി ശരീരത്തില്‍ നിറയ്ക്കും. തുടര്‍ന്ന് മൈനസ് 320.8 ഡിഗ്രി ഫാരന്‍ഹീറ്റില്‍ തണുപ്പിച്ച്, ലിക്വിഡ് നൈട്രജന്റെ സഹായത്തോടെ സൂക്ഷിക്കുന്നു. എന്നാല്‍ പലര്‍ക്കും അതില്‍ പ്രതീക്ഷയില്ല. ഇംഗ്ലണ്ടിലെ ന്യൂറോ സൈന്റിസ്റ്റ്, ലൗറി ലാറ്റും സംഘവും ഇതിനെ പുച്ഛിച്ചു തള്ളുന്നവരില്‍ പ്രമുഖരാണ്.

കബറിടത്തില്‍നിന്നും തിരികെ വന്ന ഒരാള്‍
മരണത്തിന്റെ നാലാംനാള്‍ കബറിടത്തില്‍നിന്നും ജീവനോടെ തിരികെ വന്ന ഒരാളെപ്പറ്റിയുള്ള വിവരണം ബൈബിളിലുണ്ട്. എത്രയോ ഹൃദയസ്പര്‍ശിയാണ് യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ പ്രതിപാദനം. ലാസറിന്റെ മരണവാര്‍ത്തയറിഞ്ഞ് ക്രിസ്തു ബഥാനിയായിലെ ഭവനത്തിനടുത്ത് വന്നെത്തി. ദുഃഖിച്ചു കരയുന്ന സഹോദരി മറിയത്തെ കണ്ടപ്പോള്‍ യേശു, ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി എന്നാണ് 33-ാം വാക്യത്തില്‍ കൊടുത്തിരിക്കുന്നത്. തുടര്‍ന്ന് യേശു കണ്ണീര്‍പൊഴിച്ചു എന്നും 35-ാം വാക്യം വ്യക്തമാക്കുന്നു. നമ്മെപ്പോലെയുള്ളവരുടെ സഹനങ്ങളില്‍ നമ്മോടൊത്ത് സങ്കടപ്പെട്ട് കരയുന്ന ദൈവം നമുക്കുള്ളത് എത്ര വലിയ ആശ്വാസമാണ്. മരണത്തിന്റെ നാലാംനാള്‍ ലാസര്‍ ശ്രവിച്ച ജീവനും പുനരുത്ഥാനവുമായവന്റെ വാക്കുകള്‍ ”ലാസറേ പുറത്തുവരിക!” എന്ന വചനം, ജീവന്‍ പകരുന്നവയായിരുന്നു. നായിമിലെ സാധുവിധവയ്ക്ക് മരിച്ചുപോയ മകനെ തിരികെ ലഭിച്ചപോലുള്ള (ലൂക്കാ 7:11-17) സൗഭാഗ്യം മാര്‍ത്താ-മറിയം സഹോദരികള്‍ക്കും ലഭ്യമാകുന്നു!

സുന്ദരമായ മരണം
മുപ്പത്തിമൂന്ന് വയസുള്ള ഒരു യുവാവ് കാല്‍വരിയിലെ കുരിശില്‍ കിടന്ന്, ചോരചിന്തി, പിടഞ്ഞുമരിച്ചു. മരിക്കുന്നതിനുമുമ്പ് അവന്‍ ഉച്ചത്തില്‍ നിലവിളിച്ചു: ”ഏലി, ഏലി, ലാമാ സബക്ഥാനി” – എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?” (മത്തായി 27:46). ആ ചോദ്യത്തിന് ഒരിടത്തുനിന്നും ഒരു മറുപടിയും ലഭിച്ചില്ല. നിശബ്ദതമാത്രം. ‘അഗ്രസീവ് സൈലന്‍സ്’ എന്നാണ് ബൈബിള്‍ ചിന്തകര്‍ വിളിക്കുന്നത്. അതികഠിനമായ മൗനം! സഹനത്തിന്റെ വിലാപങ്ങള്‍ക്ക് പലപ്പോഴും ഉത്തരം ലഭിക്കില്ലായിരിക്കും!

വ്യാകുലയായ ഒരു അമ്മ കുരിശിന്റെ ചുവട്ടില്‍ നിന്നിരുന്നു. കുരിശില്‍ കിടന്ന് ആ മകന്‍ പറഞ്ഞ ഒരു സങ്കീര്‍ത്തനപ്രാര്‍ത്ഥന അവള്‍ക്കും ഹൃദിസ്ഥമായിരുന്നു. ”പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” (ലൂക്കാ 23:46). എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിച്ച ആ അമ്മയ്ക്ക് ആ നൊമ്പരവും ആഘാതവും വ്യാകുലം ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സ്വീകരിക്കാനും അംഗീകരിക്കാനും സാധിച്ചു. ‘ഏറ്റവും സൗന്ദര്യപൂര്‍ണമായ ഒരു മരണം’ എന്നാണ് ക്രിസ്തുവിന്റെ മരണത്തെ വിശേഷിപ്പിക്കുന്നത്. അതിന് മൂന്നു കാരണങ്ങള്‍ നമുക്കെടുക്കാം. ഒന്ന്, ക്രിസ്തുവിന്റെ മരണം ദൈവഹിതമാണെന്ന തിരിച്ചറിവ്. വേര്‍പിരിയുന്നതിന്റെ വേദന എല്ലാ മനുഷ്യരെയുംപോലെ ക്രിസ്തുവിന് ഉണ്ടെങ്കിലും മരണം ദൈവപിതാവിന്റെ ഹിതമാണെന്ന് തിരിച്ചറിയുകയും അതില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കാതെ പൂര്‍ണമായും ദൈവഹിതത്തിന് വിധേയമാകാന്‍ ക്രിസ്തു സന്നദ്ധനാകുന്നു. ജീവിതത്തിലുടനീളം എല്ലാറ്റിലും ദൈവഹിതം തിരിച്ചറിയുകയും തദനുസാരം എല്ലാം തിരിച്ചുവിടുകയും ചെയ്യുമ്പോള്‍ മരണം ഉള്‍പ്പെടെ ഒന്നിനെപ്പറ്റിയും അതിരുകടന്ന ആകാംക്ഷയും അസ്വസ്ഥതയും ഉണ്ടാവില്ല.

രണ്ട്, ക്രിസ്തുവിന്റെ മരണം ഓര്‍മയ്ക്കായുള്ള ഒന്നായിരുന്നു. തന്റെ മരണത്തിന്റെ തലേനാള്‍ എക്കാലത്തെയും അനുസ്മരണത്തിനായി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. അടയാളങ്ങളും ഓര്‍മകളും സമ്മാനിച്ച് കടന്നുപോയ ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. ഓര്‍മയാകത്തക്ക ജീവിതമാണ് നമ്മുടേതെങ്കില്‍ കടന്നുപോകല്‍ ആത്മസംതൃപ്തിയോടെയാകും. മുമ്പേ കടന്നുപോയവര്‍ നമുക്ക് സമ്മാനിച്ച നല്ല ഓര്‍മകള്‍ വാടാമലരുകള്‍പോലെ നമ്മില്‍ വിരിഞ്ഞുനില്‍ക്കണം. സുഗന്ധവാഹിയായ, കുളിരുള്ള ഒരു കാറ്റ് നമ്മില്‍ ആശ്വാസമായി വന്നുവീശണം. മൂന്ന്, പിതാവിലേക്കുള്ള കടന്നുപോകല്‍ ആയിരുന്നു ക്രിസ്തുവിന്റെ മരണം. പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചതൊന്നും പാഴായിപോകുന്നില്ല. വിലപിടിപ്പുള്ളതാണോ ഞാന്‍ സമര്‍പ്പിക്കുന്നതെന്ന് ചിന്തിക്കണം. അങ്ങനെ ജീവിതം ക്രിസ്തുവാണെങ്കില്‍ മരണം നേട്ടമാകും! ശ്രേഷ്ഠതയോടെ ജീവിതം നയിച്ചായിരിക്കണം ഈ ലോകത്തുനിന്നും നാം കടന്നുപോകേണ്ടത്. വേദനയോ യാതനയോ ഇല്ലാത്ത ആ ശാന്തിതീരത്തേക്ക്, നമ്മില്‍നിന്നും വേര്‍പിരിയുന്നവരെ വിശ്വാസത്തോടെ യാത്രയാക്കാം.

മരണം ഒരു വാതില്‍
ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ”മരണം മനുഷ്യന്റെ ഭാവിയുടെമേല്‍ അവസാന വാക്കല്ല. എന്തെന്നാല്‍ മനുഷ്യജീവിതം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് സീമകളില്ലാത്ത ഒരു ജീവിതത്തിലേക്കാണ്. അതിന്റെ അടിസ്ഥാനവും പൂര്‍ത്തീകരണവും ദൈവത്തിലാണ്. നമ്മുടെ ജീവിതം മരണത്തോടുകൂടി പരിസമാപ്തിപ്പെടുന്നില്ല. ഉത്ഥാനംവഴി ക്രിസ്തു തുറന്നിട്ടത് സ്വര്‍ഗത്തിലേക്ക്, അനുഗ്രഹീത മാതൃഭൂമിയിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്ന ഒരു വാതിലാണ്.

”സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്നതുപോലെ, ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു” എന്ന സുന്ദരമായ വരികളെഴുതിയ വരാപ്പുഴ അതിരൂപതാംഗം ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ പ്രചോദനാത്മകമായ മറ്റൊരു ഗാനമുണ്ട്: ”തേനൊഴുകും പാലൊഴുകും നാടാണെന്നുടെ വീട്, ഞാനവിടെ ചെന്നൊടുവില്‍ സാനന്ദം വാണിടും. വേദനയോ യാതനയോ കാണുകയില്ലവിടെ. കൂരിരുളോ പാഴ്‌നിഴലോ വീഴുകയില്ലവിടെ.” അങ്ങനെ വേദനയും യാതനയുമില്ലാത്ത പാഴ്‌നിഴലും കൂരിരുളുമില്ലാത്ത ഒരിടത്ത് നമുക്കുമുമ്പേ കടന്നുപോയവര്‍ സാനന്ദം വാണിടുന്നു എന്നാണ് നമ്മുടെ വിശ്വാസം. അതാണ് നമ്മുടെ ആശ്വാസവും പ്രത്യാശയും.

അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ മൃതസംസ്‌ക്കാരത്തില്‍ അദ്ദേഹം മുമ്പ് ആഗ്രഹിച്ചതുപോലെ മഹാലിയ ജാക്‌സണ്‍ ആലപിച്ചത്, ഠമസല ാ്യ വമിറ, ുൃലരശീൗ െഘീൃറ (എന്റെ കരം താങ്ങണേ, എന്‍ പ്രിയ നാഥാ) എന്ന ഗാനമായിരുന്നു. അദ്ദേഹത്തിന്റെ കബറിടത്തിലെ ലിഖിതം ഇപ്രകാരമായിരുന്നു: ”-Free at last, free at last, Thank God Almigthy, Iam free at last!’ (ശാശ്വത സ്വാതന്ത്ര്യത്തിലേക്ക്, എല്ലാറ്റിനുമൊടുവില്‍, നന്ദിയോടെ സര്‍വശക്തന്റെ നിത്യതിലേക്ക്). നിത്യാനന്ദത്തിലേക്ക്, നമുക്കുമുമ്പേ പോയവര്‍ പ്രവേശിച്ചിരിക്കുന്നു. അവരെ ഓര്‍ത്ത് ആശ്വസിക്കാം, ആനന്ദിക്കാം. അതോടൊപ്പം അവരുടെ അഭാവവും വിരഹവും പകരുന്ന ദുഃഖം എപ്രകാരം കൈകാര്യം ചെയ്യാനാവും എന്നതാണ് ഏറ്റവും പ്രധാനമായത്.

ക്രിയാത്മകമായി കൈകാര്യം ചെയ്യേണ്ട വ്യഥ
വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ സി.എസ്. ലൂയീസ് സ്‌നേഹമയിയായ തന്റെ ഭാര്യ, ജോയി ഡേവിഡ്മാന്‍ വിവാഹശേഷം വെറും നാലുവര്‍ഷംമാത്രം കഴിഞ്ഞപ്പോള്‍ 45-ാം വയസില്‍ കാന്‍സര്‍ ബാധിച്ച് അകാലത്തില്‍ നിര്യാതയായപ്പോള്‍ ആ വലിയ ദുഃഖം കൈകാര്യം ചെയ്തത് ”അ ഏൃശലള ഛയലെൃ്‌ലറ’ എന്ന പുസ്തകത്തില്‍ പ്രചോദനാത്മകമായി കുറിച്ചിട്ടുണ്ട്. സഹനത്തിന്റെയും ഏകാന്തതയുടെയും ഇരുണ്ട രാവുകളില്‍നിന്ന് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഭാതത്തിലേക്കാണ് നടന്നുകയറാന്‍ അദ്ദേഹം പരിശ്രമിച്ചത്. ജീവിതത്തില്‍ അപ്രതീക്ഷിതമായ ആഘാതങ്ങള്‍ വന്നുപെട്ടാല്‍ അതിജീവിക്കാന്‍ വിദഗ്ധമായ നടപടികള്‍ ശാസ്ത്രീയമായി നിര്‍ദേശിക്കുന്നത് നാം പരിഗണനയില്‍ എടുക്കണം.

1. വ്യഥകള്‍ അംഗീകരിക്കുക: പ്രിയമുള്ളവര്‍ നിത്യമായി അകലുമ്പോള്‍ ഹൃദയം നുറുങ്ങുന്ന നൊമ്പരം സ്വാഭാവികമാണ്. ദുഃഖത്തിന്റെ ആ വ്രണിതവികാരങ്ങള്‍ ആരെയും അറിയിക്കാതെ അടക്കിയൊതുക്കി വയ്ക്കാതിരിക്കുന്നതാണ് അഭികാമ്യം. അത് അംഗീകരിക്കുകതന്നെയാണ് കരണീയം.
2. സഹായം തേടുക: ദുഃഖം മനസില്‍ വന്നുനിറയുമ്പോള്‍ ഏകാന്തതയുടെ വാല്മീകത്തിലേക്ക് ഒതുങ്ങിക്കൂടുന്നതിനുപകരം പ്രൊഫഷണല്‍ സഹായം തേടണം. കരുതലോടെ ശ്രവിക്കുന്ന ആരോടെങ്കിലും ഉള്ളുതുറന്ന് സംസാരിക്കാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ആയിരിക്കാനും ശ്രദ്ധിക്കണം.
3. കൃത്യനിഷ്ഠ: ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഒരു നിഷ്ഠയും ക്രമവും സൂക്ഷിക്കുന്നത് സ്വാഭാവികമായ ശൈലിയിലേക്ക് തിരിച്ചുവരാന്‍ അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ആരോഗ്യപരിപാലനത്തിന് ആവശ്യമായ വ്യായാമവും മറ്റും സഹായകമാകും.
4. ഓര്‍മ നിലനിര്‍ത്തുന്ന സംരംഭങ്ങള്‍: മരണമടഞ്ഞ വ്യക്തികളുടെ ഓര്‍മയ്ക്കായി, കാരുണ്യപ്രവര്‍ത്തനങ്ങളോ കുറിപ്പുകള്‍, ആല്‍ബം, മറ്റ് അനുസ്മരണ കാര്യങ്ങള്‍ തയാറാക്കുന്നതിനും മറ്റും വ്യാപൃതമാകുന്നതും ആശ്വാസത്തിന്റെ പാത നമുക്കായി തുറക്കാന്‍ എളുപ്പമാകും.
5. ആശ്രയം വിശ്വാസത്തില്‍: ആത്യന്തികമായി വിശ്വാസമാണ് നമുക്ക് കരുത്ത്. ”ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്” (സങ്കീ. 34:18). ബൈബിളിലെ ജോബിന്റെ നിലപാട് നമുക്ക് വഴികാട്ടിയാകണം. എല്ലാം നഷ്ടപ്പെട്ടിട്ടും അചഞ്ചലമായ വിശ്വാസം ജോബിന് അനുഗ്രഹമായിത്തീര്‍ന്നു.

‘ലോകമേ യാത്ര’ എന്ന കവിതയില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ പാടിയത് ആത്യന്തികമായി നമ്മുടെയും ജീവിതഗാനമാണ്.
ഒരിക്കലീ ജഗത്തെയും ജഡത്തെയും
പിരിഞ്ഞു നാം തിരിക്കണം
വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ-
തിരിച്ചു പിന്നെ വന്നിടാത്ത
യാത്രയാണതാകയാല്‍
കരത്തിലുള്ളതൊക്കെ നാ-
മതിര്‍ത്തിയില്‍ ത്യജിക്കണം!
നമുക്കുമുമ്പേ കടന്നുപോയവരുടെ ഒളിമങ്ങാത്ത ഓര്‍മകളില്‍ നാം അശ്രുകണങ്ങള്‍ പൊഴിക്കുമ്പോഴും കരത്തിലൊന്നും കരുതാതെ, അതിര്‍ത്തിയില്‍ ത്യജിച്ചു നാം കടന്നുപോകണം എന്ന ജീവിതമന്ത്രം മനസില്‍ സൂക്ഷിക്കാം. യാത്ര തുടരാം; സമാധാനത്തോടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?